Top Spec

The Top-Spec Automotive Web Portal in Malayalam

ഹാർലി-ഹീറോ ഭായ് ഭായ്

— ഹീറോ മോട്ടോ കോർപ്പ് ഇന്ത്യയിൽ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ വിൽക്കും. ഇരു കമ്പനികളും കരാർ ഒപ്പുവെച്ചു  

— ലൈസൻസിംഗ് കരാർ അനുസരിച്ച് ഹാർലി ഡേവിഡ്സൺ ബാഡ്ജിൽ ഹീറോ മോട്ടോ കോർപ്പ് പ്രീമിയം ബൈക്കുകൾ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യും 

ഹീറോ മോട്ടോ കോർപ്പ് ഇന്ത്യയിൽ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ വിൽക്കും. ഇതുസംബന്ധിച്ച് അമേരിക്കൻ ബ്രാൻഡും ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളും കരാറിൽ ഒപ്പിട്ടു. പുതിയ വിതരണ കരാർ അനുസരിച്ച് ഇന്ത്യയിൽ ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ വിൽപ്പനയും സർവീസും ഹീറോ മോട്ടോ കോർപ്പ് നിർവഹിക്കും. പാർട്ടുകളും ആക്സസറികളും വിൽക്കും. കൂടാതെ നിലവിലെ ഹാർലി ഡേവിഡ്സൺ ഡീലർമാരിലൂടെയും ഹീറോയുടെ ഡീലർഷിപ്പുകളിലൂടെയും റൈഡിംഗ് ഗിയറുകളും വസ്ത്രങ്ങളും വിൽപ്പന നടത്തും.

കൂടാതെ ഇരു കമ്പനികളും തമ്മിൽ ലൈസൻസിംഗ് കരാർ കൂടി ഒപ്പുവെച്ചു. ഇതനുസരിച്ച് ഹാർലി ഡേവിഡ്സൺ ബാഡ്ജിൽ ഹീറോ മോട്ടോ കോർപ്പ് പ്രീമിയം ബൈക്കുകൾ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യും. അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ തങ്ങളുടെ സാങ്കേതികവിദ്യ കൈമാറുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഹീറോ മോട്ടോ കോർപ്പ് തങ്ങളുടെ ചില പ്രീമിയം ബൈക്കുകൾ ഹാർലിയുടെ പേരിൽ പുറത്തിറക്കുകയാണോ എന്ന കാര്യത്തിലും വ്യക്തത വേണം. രണ്ടിനും സാധ്യത കൽപ്പിക്കപ്പെടുന്നു. ഇതുസംബസിച്ച് കൂടുതൽ വിശദാംശങ്ങൾ പിറകേ പ്രതീക്ഷിക്കാം.

പുതിയ പ്രഖ്യാപനം നിലവിലെ ഹാർലി ഡേവിഡ്സൺ ഉടമകൾക്ക് വലിയ ആശ്വാസമാകും. അമേരിക്കൻ ബ്രാൻഡ് ഇന്ത്യ വിടുകയാണെന്ന് തീരുമാനിച്ചപ്പോൾ മുതൽ ഇവർ അങ്കലാപ്പിലായിരുന്നു.