Top Spec

The Top-Spec Automotive Web Portal in Malayalam

വരവറിയിച്ച് സ്കോഡ എന്യാക് ഐവി

മ്ലാഡ ബോളെസ്ലാഫ് പ്ലാന്റിലായിരിക്കും സ്കോഡ എന്യാക് ഐവി നിർമിക്കുന്നത് 

സ്‌കോഡ എന്യാക് ഐവി ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. പ്രാഗില്‍ നടന്ന ചടങ്ങിലാണ് പൂര്‍ണ വൈദ്യുത എസ്‌യുവി അനാവരണം ചെയ്തത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംഇബി എന്ന മോഡുലര്‍ ഇലക്ട്രിക് കാര്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ചെക്ക് ബ്രാന്‍ഡ് നിര്‍മിക്കുന്ന ആദ്യ പ്രൊഡക്ഷന്‍ മോഡലാണ് സ്‌കോഡ എന്യാക് ഐവി. മ്ലാഡ ബോളെസ്ലാഫ് പ്ലാന്റിലായിരിക്കും ഉല്‍പ്പാദനം.

റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളിലും എന്യാക് 50 ഐവി, എന്യാക് 60 ഐവി, എന്യാക് 80 ഐവി, എന്യാക് 80എക്‌സ് ഐവി, എന്യാക് ആര്‍എസ് ഐവി എന്നീ വകഭേദങ്ങളിലും പൂര്‍ണ വൈദ്യുത വാഹനം ലഭിക്കും. 146 ബിഎച്ച്പി മുതല്‍ 302 ബിഎച്ച്പി വരെയായിരിക്കും പവര്‍ ഔട്ട്പുട്ട്. ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 510 കിലോമീറ്ററാണ് ഡ്രൈവിംഗ് റേഞ്ച്.

ചെക്ക് കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ 125-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്‌കോഡ എന്യാക് ഐവി ‘ഫൗണ്ടേഴ്‌സ് എഡിഷന്‍’ കൂടി പുറത്തിറക്കും. 1,895 യൂണിറ്റ് മാത്രമായിരിക്കും നിര്‍മിക്കുന്നത്. തുകല്‍ പൊതിഞ്ഞ മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വളയം, ചെക്ക് സ്ഫടിക നിര്‍മാതാക്കളായ ‘പ്രിസിയോസ’ നിര്‍മിച്ച ‘ഫൗണ്ടേഴ്‌സ് എഡിഷന്‍’ ബാഡ്ജ് എന്നിവ അലങ്കാരങ്ങളായിരിക്കും. പരിമിത എണ്ണം പുറത്തിറക്കുന്നതിനാല്‍ ബാഡ്ജില്‍ എണ്ണം രേഖപ്പെടുത്തിയിരിക്കും. രണ്ട് എന്‍ജിന്‍/ബാറ്ററി വേരിയന്റുകളിലും രണ്ട് നിറങ്ങളിലും ഫൗണ്ടേഴ്‌സ് എഡിഷന്‍ ലഭിക്കും.

സ്റ്റാന്‍ഡേഡായി ‘ക്രിസ്റ്റല്‍ ഫേസ്’ നല്‍കിയാണ് ഫൗണ്ടേഴ്‌സ് എഡിഷന്‍, എന്യാക് ആര്‍എസ് ഐവി വകഭേദങ്ങള്‍ വിപണിയിലെത്തിക്കുന്നത്. 130 എല്‍ഇഡികള്‍ സജ്ജീകരിച്ചാണ് ക്രിസ്റ്റല്‍ ഫേസ് റേഡിയേറ്റര്‍ ഗ്രില്‍ ഒരുക്കിയിരിക്കുന്നത്. എന്യാക് 80 ഐവി, എന്യാക് 80എക്‌സ് ഐവി എന്നീ വകഭേദങ്ങളില്‍ ക്രിസ്റ്റല്‍ ഫേസ് ഓപ്ഷണല്‍ ആയിരിക്കും. സ്‌കോഡ വിഷന്‍ ഐവി കണ്‍സെപ്റ്റ് വാഹനത്തില്‍ ഈ ഡിസൈന്‍ സവിശേഷത കാണാന്‍ കഴിഞ്ഞിരുന്നു. ഫുള്‍ എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകള്‍, ഡൈനാമിക് ഇന്‍ഡിക്കേറ്ററുകള്‍ സഹിതം ഫുള്‍ എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍ എന്നിവയും നല്‍കി.

സാധാരണ ട്രിമ്മുകള്‍ക്ക് പകരം കൊണ്ടുവന്ന പുതിയ ‘ഡിസൈന്‍ സെലക്ഷനുകളാണ്’ സ്‌കോഡ എന്യാക് ഐവി ഇലക്ട്രിക് എസ്‌യുവിയുടെ ഉള്‍വശത്തെ സവിശേഷത. സ്വാഭാവിക, സുസ്ഥിര, പുന:ചംക്രമണം ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഓരോ ഡിസൈന്‍ സെലക്ഷനും നിര്‍വഹിച്ചിരിക്കുന്നത്. പത്ത് തീം പാക്കേജുകളും ചില വ്യക്തിപര ഓപ്ഷനുകളും ലഭ്യമായിരിക്കും. മധ്യഭാഗത്തെ 13 ഇഞ്ച് സ്‌ക്രീന്‍ മറ്റേതൊരു സ്‌കോഡ മോഡലിനേക്കാളും വലുതാണ്. ‘സ്‌കോഡ കണക്റ്റ്’ ആപ്പ് വഴി ബാറ്ററി ചാര്‍ജിംഗ്, എയര്‍ കണ്ടീഷണിംഗ് എന്നിവ വിദൂരത്തിരുന്ന് നിയന്ത്രിക്കാന്‍ കഴിയും. സ്‌കോഡ ഒക്ടാവിയയേക്കാള്‍ നീളം കുറവായിരിക്കുമെങ്കിലും എന്യാക്കിന്റെ ഉള്‍ഭാഗത്ത് സ്‌കോഡ കോഡിയാക്കിന്റെ അതേ സ്ഥലസൗകര്യം ഉണ്ടായിരിക്കും.