Top Spec

The Top-Spec Automotive Web Portal in Malayalam

സ്കോഡ റാപ്പിഡ് ഓട്ടോമാറ്റിക് ബുക്കിംഗ് ആരംഭിച്ചു

സെപ്റ്റംബർ 18 മുതൽ ഡെലിവറി ചെയ്തുതുടങ്ങും 

സ്കോഡ റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റ് ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയതായി സ്കോഡ ഓട്ടോ ഇന്ത്യ അറിയിച്ചു. 25,000 രൂപയാണ് ബുക്കിംഗ് തുക. ഔദ്യോഗിക വെബ്സൈറ്റിലും എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും സ്കോഡ റാപ്പിഡ് എടി ബുക്ക് ചെയ്യാൻ കഴിയും. പ്രീ-ബുക്കിംഗ് നടത്തിയ ഉപയോക്താക്കൾക്ക് സെപ്റ്റംബർ 18 മുതൽ റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റ് ഡെലിവറി ചെയ്തുതുടങ്ങുമെന്ന് സ്കോഡ വ്യക്തമാക്കി. 

1.0 ലിറ്റർ ടിഎസ്ഐ (ടർബോചാർജ്ഡ് സ്ട്രാറ്റിഫൈഡ് ഇൻജെക്ഷൻ) പെട്രോൾ എൻജിനാണ് സ്കോഡ റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോർ 109 ബിഎച്ച്പി പരമാവധി കരുത്തും 175 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എൻജിനുമായി ചേർത്തുവെച്ചു. ഒരു ലിറ്റർ പെട്രോൾ ഉപയോഗിച്ച് 16.24 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും.  

പുതിയ സ്കോഡ റാപ്പിഡ് ടിഎസ്ഐ ഈയിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അസാമാന്യ കരുത്തും മികച്ച ഇന്ധനക്ഷമതയും നൽകുന്നതാണ് ഇപ്പോഴത്തെ 1.0 ലിറ്റർ ടിഎസ്ഐ എൻജിനെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്റ്റർ സാക്ക് ഹോളിസ് പറഞ്ഞു.