കറുപ്പാണ് പുതിയ ചുവപ്പ്; ആഗോളതലത്തില്‍ അവതരിച്ച് ഡുകാറ്റി മോണ്‍സ്റ്റര്‍ ഡാര്‍ക്ക്

പുതിയ പെയിന്റ് സ്‌കീമിലൂടെ നേക്കഡ് റോഡ്സ്റ്റര്‍ സ്റ്റെല്‍ത്ത് മോഡിലേക്ക് മാറുന്നു

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല

വൈകാതെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം

ബൊളോന: മോണ്‍സ്റ്ററിന് പുതിയ മേക്കോവര്‍ നല്‍കിയിരിക്കുകയാണ് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഡുകാറ്റി. അന്താരാഷ്ട്രതലത്തില്‍ ഡുകാറ്റി മോണ്‍സ്റ്റര്‍ ഡാര്‍ക്ക് അരങ്ങേറിയിരിക്കുന്നു. സ്റ്റാന്‍ഡേഡ് ഡുകാറ്റി മോണ്‍സ്റ്റര്‍ അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റിന് ഓള്‍ ബ്ലാക്ക് ട്രീറ്റ്‌മെന്റ് നല്‍കിയിരിക്കുന്നത്. ഇതോടെ ഈ നേക്കഡ് റോഡ്സ്റ്ററിന് കൂടുതല്‍ സ്‌റ്റെല്‍ത്തി ലുക്ക് ലഭിച്ചു.

പേര് സൂചിപ്പിക്കുന്നതു പോലെ, കറുപ്പാണ് ഇവിടെ സംസാരവിഷയം. മിക്കവാറും എല്ലാ ബോഡി പാനലുകള്‍ക്കും ഘടകങ്ങള്‍ക്കും ബ്ലാക്ക് ഫിനിഷ് ലഭിച്ചു. ഇന്ധന ടാങ്കിന്റെ ഇരുവശങ്ങളിലുമായി നേരിയ ചാരനിറത്തിലുള്ള ഡുകാറ്റി, മോണ്‍സ്റ്റര്‍ ബാഡ്ജിംഗ് മാത്രമാണ് ഇതിന് അപവാദം. ഹെഡ്ലൈറ്റ് കൗളില്‍ ചുവന്ന ഡുകാറ്റി ലോഗോ, മഞ്ഞ മോണോഷോക്ക് എന്നിവയും ഈ കറുപ്പുമയത്തിനിടയില്‍ കാണാം.

കോസ്‌മെറ്റിക് മേക്കോവര്‍ മാറ്റിനിര്‍ത്തിയാല്‍, മെക്കാനിക്കല്‍ കാര്യങ്ങളില്‍ സ്റ്റാന്‍ഡേഡ് ഡുകാറ്റി മോണ്‍സ്റ്ററുമായി ഡാര്‍ക്ക് എഡിഷന് വ്യത്യാസമില്ല. ഡുകാറ്റിയുടെ 890 സിസി വി-ട്വിന്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത് 109.5 ബിഎച്ച്പി കരുത്തും 91.1 എന്‍എം ടോര്‍ക്കുമാണ്. സ്റ്റാന്‍ഡേഡ് മോണ്‍സ്റ്ററിന്റെ അതേ മെക്കാനിക്കല്‍ പാക്കേജുമായി എന്‍ജിന്‍ ചേര്‍ത്തുവെച്ചു. അതുകൊണ്ടുതന്നെ ഹാര്‍ഡ്‌വെയറിലോ പെര്‍ഫോമന്‍സിലോ മാറ്റങ്ങളൊന്നുമില്ല.

ഡുകാറ്റി തങ്ങളുടെ മറ്റ് എല്ലാ ബൈക്കുകളെയും പോലെ, ഈ കറുത്ത സ്ട്രീറ്റ് നേക്കഡ് മോട്ടോര്‍സൈക്കിളിനെ വൈകാതെ ഇന്ത്യയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.