Top Spec

The Top-Spec Automotive Web Portal in Malayalam

എംജി വിന്‍ഡ്സര്‍ ഇവി അവതരിപ്പിച്ചു; വില 9.99 ലക്ഷം മുതല്‍

  • ഈ തുകയ്ക്കു പുറമേ കിലോമീറ്ററിന് 3.5 രൂപ നിരക്കില്‍ ബാറ്ററി വാടക നല്‍കണം
  • മൂന്ന് വേരിയന്റുകളിലും നാല് കളര്‍ ഓപ്ഷനുകളിലും ഒരു പവര്‍ട്രെയിന്‍ കോണ്‍ഫിഗറേഷനിലും എംജി വിന്‍ഡ്‌സര്‍ ഇവി ലഭിക്കും
  • ഇന്ത്യയില്‍ എംജി മോട്ടോറിന്റെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ് വിന്‍ഡ്‌സര്‍
  • ഒക്ടോബര്‍ 3 ന് ബുക്കിംഗ് ആരംഭിക്കും
  • ബിസിനസ് ക്ലാസ് സീറ്റിംഗ് അനുഭവം എന്ന വിശേഷണത്തോടെ രണ്ടാം നിരയില്‍ 135 ഡിഗ്രി വരെ റിക്ലൈന്‍ ചെയ്യാവുന്ന സീറ്റ് നല്‍കി
  • 331 കിമീ റേഞ്ച് അവകാശപ്പെടുന്ന 38 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്കിലാണ് എംജി വിന്‍ഡ്‌സര്‍ ഇവി വരുന്നത്

ഗുരുഗ്രാം: എംജി വിന്‍ഡ്സര്‍ ഇവി ഇന്ത്യയില്‍ അവതരിപ്പിച്ചു. 9.99 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. എന്നാല്‍, ഈ തുകയ്ക്കു പുറമേ കിലോമീറ്ററിന് 3.5 രൂപ നിരക്കില്‍ ബാറ്ററി വാടക അധികം നല്‍കണം. മൂന്ന് വേരിയന്റുകളിലും നാല് കളര്‍ ഓപ്ഷനുകളിലും ഒരു പവര്‍ട്രെയിന്‍ കോണ്‍ഫിഗറേഷനിലും എംജി വിന്‍ഡ്‌സര്‍ ഇവി ലഭിക്കും. ഇന്ത്യയില്‍ എംജി മോട്ടോറിന്റെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ് വിന്‍ഡ്‌സര്‍. കോമറ്റ് ഇവി, സെഡ്എസ് ഇവി എന്നിവയുടെ ഇടയിലാണ് പുതിയ മോഡലിന് സ്ഥാനം.

എംജി വിന്‍ഡ്സറിന് സവിശേഷ തനത് കൗള്‍, ഹെഡ്‌ലാംപുകള്‍ തുടങ്ങിയ ഡിസൈന്‍ ഘടകങ്ങള്‍ ലഭിച്ചിരിക്കുന്നു. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് കാര്‍ വരുന്നത്. ഫ്‌ളോട്ടിംഗ് റൂഫ്‌ലൈന്‍, ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ ലഭിച്ചു. പിറകില്‍ കണക്റ്റഡ് ടെയ്ല്‍ലാംപുകള്‍, ഗ്ലാസ്ഹൗസിന് താഴെ ക്രോം ഗാര്‍ണിഷ് എന്നിവ കാണാം.

കറുപ്പും ഇളം തവിട്ടു നിറവും ചേര്‍ന്നതാണ് കാബിന്‍. ക്വില്‍റ്റഡ് പാറ്റേണിലാണ് സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 15.6 ഇഞ്ച് ഡിസ്പ്ലേ വലുപ്പമുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് എംജി വിന്‍ഡ്‌സര്‍ ഇവിയുടെ ഒരു ഹൈലൈറ്റ്. രണ്ടാം നിരയില്‍ 135 ഡിഗ്രി വരെ റിക്ലൈന്‍ ചെയ്യാവുന്ന സീറ്റ് നല്‍കിയിരിക്കുന്നു. ബിസിനസ് ക്ലാസ് സീറ്റിംഗ് അനുഭവം എന്ന വിശേഷണത്തോടെയാണ് ഇത്തരമൊരു സീറ്റ് എംജി വിഭാവനം ചെയ്തത്. യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, പിന്‍ നിരയില്‍ എസി വെന്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍ സഹിതം സെന്റര്‍ ആംറെസ്റ്റ് എന്നിവയും സജ്ജീകരിച്ചു. സീറ്റ്ബാക്ക് സ്‌ക്രീനുകള്‍ ഉള്‍പ്പെടെയുള്ളതാണ് ആക്‌സസറികളുടെ ലിസ്റ്റ്.

എംജി വിന്‍ഡ്‌സര്‍ ഇവിയുടെ ടോപ് സ്‌പെക് വേരിയന്റില്‍ വയര്‍ലെസ് ഫോണ്‍ മിററിംഗ്, വയര്‍ലെസ് ചാര്‍ജര്‍, 360 ഡിഗ്രി ക്യാമറ, റിയര്‍ എസി വെന്റുകള്‍ സഹിതം ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, റിക്ലൈനിംഗ് റിയര്‍ സീറ്റ്, വിവിധ ഭാഷകളില്‍ വോയ്സ് കണ്‍ട്രോള്‍ സഹിതം പനോരമിക് സണ്‍റൂഫ്, ജിയോ ആപ്പുകള്‍ ആന്‍ഡ് കണക്റ്റിവിറ്റി, ടിപിഎംഎസ്, ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഫുള്‍ എല്‍ഇഡി ലൈറ്റ് പാക്കേജ് തുടങ്ങിയ ഫീച്ചറുകള്‍ നല്‍കി.

331 കിമീ റേഞ്ച് അവകാശപ്പെടുന്ന 38 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്കിലാണ് എംജി വിന്‍ഡ്‌സര്‍ ഇവി വരുന്നത്. ഇലക്ട്രിക് മോട്ടോര്‍ മുന്‍ ചക്രങ്ങള്‍ക്ക് കരുത്തേകും. 134 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇക്കോ, ഇക്കോ+, നോര്‍മല്‍, സ്പോര്‍ട്ട് എന്നിവ നാല് ഡ്രൈവ് മോഡുകളാണ്.