- എംജി കോമറ്റ് ഇവിയുടെ എക്സ് ഷോറൂം വില 4.99 ലക്ഷം രൂപയിലും സെഡ്എസ് ഇവിയുടെ വില 13.99 ലക്ഷം രൂപയിലും ആരംഭിക്കുന്നു
- കോമറ്റ് ഇവിയുടെ ബാറ്ററി വാടക കിലോമീറ്ററിന് 2.5 രൂപ നിരക്കിലും സെഡ്എസ് ഇവിയുടേത് 4.5 രൂപയിലും തുടങ്ങുന്നു
- മൂന്ന് വര്‍ഷത്തെ ഉടമസ്ഥതയ്ക്കു ശേഷം 60 ശതമാനം അഷൂര്ഡ് ബൈബാക്ക് വാല്യു ലഭിക്കും
- വിന്‍ഡ്സര്‍ ഇവി അവതരിപ്പിക്കുന്ന പരിപാടിയിലാണ് ബാസ് (ബാറ്ററി ആസ് എ സര്‍വീസ്) പ്രഖ്യാപിച്ചത്
- ഇവി വാങ്ങുമ്പോള്‍ ബാറ്ററിക്ക് കൂടി വില നല്‍കേണ്ടി വരുന്ന ഉപയോക്താക്കളുടെ അധിക ഭാരം ലഘൂകരിക്കുന്നതിന് വാടക നല്കി ബാറ്ററി ഉപയോഗിക്കുന്ന രീതിയാണ് ബാസ്
ഗുരുഗ്രാം: എംജിയുടെ പുതിയ മോഡലായ വിന്‍ഡ്സര്‍ ഇവി അവതരിപ്പിക്കുന്ന പരിപാടിയിലാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ പുതിയ പദ്ധതിയായ ബാസ് (ബാറ്ററി ആസ് എ സര്‍വീസ്) പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ ബാറ്ററിക്ക് കൂടി വില നല്‍കേണ്ടി വരുന്ന ഉപയോക്താക്കളുടെ അധിക ഭാരം ലഘൂകരിക്കുന്നതിന് വാടക നല്കി ബാറ്ററി ഉപയോഗിക്കുന്ന രീതിയാണ് ബാസ്. എംജി വിന്‍ഡ്സര്‍ ഇവിയുടെ കാര്യത്തില്‍ കിലോമീറ്ററിന് 3.5 രൂപ നിരക്കിലാണ് ബാറ്ററി വാടക തീരുമാനിച്ചിരിക്കുന്നത്. ബാസ് പ്രോഗ്രാം ഇപ്പോള്‍ കോമറ്റ് ഇവി, സെഡ്എസ് ഇവി എന്നീ മറ്റ് രണ്ട് ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് കമ്പനി.
എംജി കോമറ്റ് ഇവിയുടെ ബാറ്ററി വാടക കിലോമീറ്ററിന് 2.5 രൂപ നിരക്കില്‍ ആരംഭിക്കുന്നു. സെഡ്എസ് ഇവിയുടേത് കിലോമീറ്ററിന് 4.5 രൂപയില്‍ തുടങ്ങും. ഇപ്പോള്‍ കോമറ്റ് ഇവിയുടെ ബേസ് വേരിയന്റിന് എക്സ് ഷോറൂം വില 4.99 ലക്ഷം രൂപയും സെഡ്എസ് ഇവിയുടെ ബേസ് വേരിയന്റിന് 13.99 ലക്ഷം രൂപയുമാണ്. കൂടാതെ, മൂന്ന് വര്‍ഷത്തെ ഉടമസ്ഥതയ്ക്കു ശേഷം ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 60 ശതമാനം അഷൂര്ഡ് ബൈബാക്ക് വാല്യു ലഭിക്കും.
ബാസ് പ്രഖ്യാപിച്ചതിലൂടെ ഇവി വാങ്ങുന്നത് എളുപ്പമാക്കിയെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ സതീന്ദര്‍ സിംഗ് ബജ്വ പറഞ്ഞു. എംജിയുടെ ഇവികള്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ പ്രാപ്യമാണ്. രാജ്യത്ത് ഇവി സ്വീകാര്യത കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് ബാസ് മാതൃക ഉപകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.