- ലോകമെങ്ങുമുള്ള വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിയ പിക്കപ്പ് ട്രക്കിന്റെ പേര് പ്രഖ്യാപിച്ചു
- ഓസ്ട്രേലിയയുടെ തെക്കേ അറ്റത്തെ ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ടാസ്മാന്‍ എന്ന പേരാണ് തിരഞ്ഞെടുത്തത്
- അന്താരാഷ്ട്രതലത്തില്‍ സി സെഗ്‌മെന്റ് പിക്കപ്പ് ട്രക്ക് വിപണിയിലേക്കുള്ള കിയയുടെ ആദ്യ ചുവടുവയ്പ്പാണ് ടാസ്മാന്‍
- 2025 ഓടെ കൊറിയ, ഓസ്ട്രേലിയ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ വിപണികളില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ തങ്ങളുടെ പിക്കപ്പ് ട്രക്കിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓസ്ട്രേലിയയുടെ തെക്കേ അറ്റത്തെ ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ ദുര്‍ഘടവും നിമ്‌നോന്നതവുമായ ഭൂപ്രകൃതിയില്‍ നിന്നും സൗന്ദര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ടാസ്മാന്‍ എന്ന പേരാണ് കിയ തിരഞ്ഞെടുത്തത്. ഏറെ പ്രതീക്ഷയോടെയാണ് കിയയുടെ പിക്കപ്പ് ട്രക്കിനെ ലോകമെങ്ങുമുള്ള വാഹന പ്രേമികള്‍ കാത്തിരിക്കുന്നത്.
അന്താരാഷ്ട്രതലത്തില്‍ സി സെഗ്‌മെന്റ് പിക്കപ്പ് ട്രക്ക് വിപണിയിലേക്കുള്ള കിയയുടെ ആദ്യ ചുവടുവയ്പ്പാണ് കിയ ടാസ്മാന്‍. 2025 ഓടെ കൊറിയ, ഓസ്ട്രേലിയ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ വിപണികളില്‍ കിയ ടാസ്മാന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കിയയുടെ ആഗോള വിപണികളില്‍ നിന്ന് ശേഖരിച്ച പേരുകളില്‍ നിന്നാണ് അന്തിമമായി ‘ടാസ്മാന്‍’ തിരഞ്ഞെടുത്തത്. കിയ ഓസ്ട്രേലിയയാണ് ഈ പേര് ആദ്യം നിര്‍ദ്ദേശിച്ചത്. കിയയുടെ വരാനിരിക്കുന്ന പിക്കപ്പ് ട്രക്കിന്റെ ശൗര്യം, പൗരുഷം, സാഹസികത, കരുത്ത് എന്നിവ കണക്കിലെടുത്താണ് ‘ടാസ്മാന്‍’ പേര് മതിയെന്ന് തീരുമാനിച്ചത്.
ഓസ്ട്രേലിയയുടെ ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വിപണിയില്‍ പ്രവേശിക്കുന്നതായി ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു ടിവി പരസ്യത്തിലൂടെ കിയ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയിലെ പ്രമുഖരായ 20 കായിക താരങ്ങള്‍ പുതിയ കിയ പിക്കപ്പ് ട്രക്കിന്റെ പേര് ചര്‍ച്ച ചെയ്യുന്നതായിരുന്നു ഈ പരസ്യത്തിന്റെ ഉള്ളടക്കം. കിയ ഓസ്ട്രേലിയ വെബ്സൈറ്റിലൂടെ കമ്പനി ഇതിനകം ഉപയോക്താക്കളില്‍ നിന്ന് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സ്വീകരിച്ചു തുടങ്ങി.