Top Spec

The Top-Spec Automotive Web Portal in Malayalam

വാന്‍ സ്റ്റെല്‍വിയോ, ബ്ലാസ്റ്റേഴ്സ് എഡിഷന്‍ വിപണിയില്‍

  • കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ‘ബ്ലാസ്റ്റേഴ്സ്’ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയത്
  • കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഔദ്യോഗിക ഇ-മൊബിലിറ്റി പാര്‍ട്ണറാണ് കൊച്ചി ആസ്ഥാനമായ വാന്‍ ഇലക്ട്രിക് മോട്ടോ എന്ന സ്റ്റാര്‍ട്ടപ്പ്
  • കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ചിനെ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു
  • ഇറ്റാലിയന്‍ കമ്പനിയായ ബെനെല്ലിയുടെ ഇലക്ട്രിക് ബൈക്ക് വിഭാഗമാണ് വാനിനായി രണ്ട് പുതിയ ഇലക്ട്രിക് മൗണ്ടൈന്‍ സൈക്കിളുകളും നിര്‍മിച്ചത്
  • സ്റ്റെല്‍വിയോ മോഡലിന് 94,500 രൂപയും ബ്ലാസ്റ്റേഴ്‌സ് സൈക്കിളിന് 99,000 രൂപയുമാണ് വില. ബുക്കിംഗ് ആരംഭിച്ചു. ലോഞ്ച് ഓഫറായി സ്റ്റെല്‍വിയോ ബൈക്കുകള്‍ക്ക് 5000 രൂപ ഇളവ് ലഭിക്കും
  • മൂന്നര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 50 മുതല്‍ 70 വരെ കിമീ യാത്ര ചെയ്യാം
  • മുംബൈ, ബെംഗളൂരു, ഗോവ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലും ബൈക്ക് ലഭ്യമാക്കും

കൊച്ചി ആസ്ഥാനമായ വാന്‍ ഇലക്ട്രിക് മോട്ടോ എന്ന ഇവി സ്റ്റാര്‍ട്ടപ്പ് പുതുതായി സ്റ്റെല്‍വിയോ ഇലക്ട്രിക് മൗണ്ടൈന്‍ സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ചാണ് പുതിയ മോഡല്‍ അനാവരണം ചെയ്തത്. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ലിമിറ്റഡ് എഡിഷന്‍ ‘ബ്ലാസ്റ്റേഴ്സ്’ മൗണ്ടൈന്‍ ഇലക്ടിക് സൈക്കിള്‍ മോഡലും പുറത്തിറക്കി. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മിലോസ് ഡ്രിഞ്ചിക്, ഡാനിഷ് ഫാറൂഖ്, ഡായിസുകെ സകായി എന്നിവര്‍ ചേര്‍ന്നാണ് ഈ സൈക്കിള്‍ അനാവരണം ചെയ്തത്. ചടങ്ങില്‍ ഇവാന്‍ വുക്കോമനോവിച്ചിനെ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായും പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഔദ്യോഗിക ഇ-മൊബിലിറ്റി പാര്‍ട്ണര്‍ കൂടിയാണ് വാന്‍ ഇലക്ട്രിക് മോട്ടോ. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും അംഗീകാരം ലഭിച്ച സംരംഭമാണ് വാന്‍ ഇലക്ട്രിക് മോട്ടോ. ഇറ്റാലിയന്‍ കമ്പനിയായ ബെനെല്ലിയുടെ ഇലക്ട്രിക് ബൈക്ക് വിഭാഗമാണ് വാനിനായി രണ്ട് പുതിയ മോഡലുകളും നിര്‍മിച്ചത്.

സ്റ്റെല്‍വിയോ മോഡലിന് ജിഎസ്ടി ഉള്‍പ്പെടെ 94,500 രൂപയും ബ്ലാസ്റ്റേഴ്‌സ് ലിമിറ്റഡ് എഡിഷന്‍ സൈക്കിളിന് 99,000 രൂപയുമാണ് വില. vaanmoto.com വെബ്സൈറ്റില്‍ ബുക്കിംഗ് ആരംഭിച്ചു. ലോഞ്ച് ഓഫറായി സ്റ്റെല്‍വിയോ ബൈക്കുകള്‍ക്ക് 5000 രൂപ ഇളവ് ലഭിക്കും. മുംബൈ, ബെംഗളൂരു, ഗോവ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലും ബൈക്ക് ലഭ്യമാകും. നവമാധ്യമങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് വാന്‍ ഇലക്ട്രിക് മോട്ടോ സ്ഥാപകനും സിഇഒയുമായ ജിത്തു സുകുമാരന്‍ നായര്‍ പറഞ്ഞു.

ഓഫ്റോഡ് സാഹസികതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനമോ ഉപകരണങ്ങളോ ഇല്ലാതെ സ്റ്റെല്‍വിയോ ഓടിക്കാന്‍ കഴിയും. ഏത് പ്രായക്കാര്‍ക്കും അനുയോജ്യമാണെന്ന് മാത്രമല്ല, ഓഫ്റോഡ് ബൈക്കുകള്‍ ഓടിച്ച് പരിചയമില്ലാത്തവര്‍ക്കും വഴങ്ങും. ഓഫ്റോഡ് ബൈക്ക് എന്ന നിലയിലാണ് രൂപകല്‍പ്പനയെങ്കിലും ദൈനംദിന ആവശ്യങ്ങള്‍ക്കും സ്റ്റെല്‍വിയോ ഉപയോഗിക്കാം.

ഫ്രെയിമിനുള്ളില്‍ ഘടിപ്പിച്ച റിമൂവബിള്‍ ബാറ്ററി നല്‍കിയതിനാല്‍ ചാര്‍ജിംഗ് കൂടുതല്‍ സൗകര്യപ്രദമാകും. മൂന്നര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ റോഡിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് 50 മുതല്‍ 70 വരെ കിലോമീറ്റര്‍ യാത്ര ചെയ്യാം. ഭാരം തീരെ കുറവായതിനാല്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും. പെഡല്‍ അസിസ്റ്റ് മോഡ്, ത്രോട്ടില്‍ മോഡ്, മാനുവല്‍ മോഡ് എന്നിങ്ങനെ ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാം.

ഇന്ത്യന്‍ പോര്‍ട്‌സ് ഗ്ലോബല്‍ എംഡി സുനില്‍ മുകുന്ദന്‍, പ്രശസ്ത സിനിമാ താരം സംസ്‌കൃതി ഷേണായ്, സെന്റര്‍ സ്‌ക്വയര്‍ മാള്‍ മാനേജര്‍ മാത്യൂസ് എന്നിവരും പങ്കെടുത്തു.