Top Spec

The Top-Spec Automotive Web Portal in Malayalam

ജൂണ്‍ മുതല്‍ ഔഡി കാറുകളുടെ വില വര്‍ധിക്കും

  • ജൂണ്‍ ഒന്ന് മുതല്‍ 2 ശതമാനം വരെ വില വര്‍ധന
  • ഇന്‍പുട്ട് ചെലവുകളും കടത്തുകൂലിയും വര്‍ധിച്ചതായി ഔഡി ഇന്ത്യ
  • 2023-24 ല്‍ 7,027 യൂണിറ്റ് വിറ്റു. 33 ശതമാനം വളര്‍ച്ച!
  • പ്രീ-ഓണ്‍ഡ് കാര്‍ ബിസിനസ് 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

ഡി ഇന്ത്യ തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് 2 ശതമാനം വരെ വില വര്‍ധന പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നിന് പുതിയ വില പ്രാബല്യത്തില്‍ വരും. ഇന്‍പുട്ട് ചെലവുകളും കടത്തുകൂലിയും വര്‍ധിച്ചതാണ് കാരണമെന്ന് ഔഡി ഇന്ത്യ വ്യക്തമാക്കുന്നു.

2024 ജൂണ്‍ ഒന്ന് മുതല്‍ 2 ശതമാനം വരെ വില വര്‍ധിപ്പിക്കാന്‍ ഉയരുന്ന ഇന്‍പുട്ട് ചെലവുകള്‍ തങ്ങളെ നിര്‍ബന്ധിതരാക്കുകയാണെന്ന് ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു. ഔഡി ഇന്ത്യയ്ക്കും തങ്ങളുടെ ഡീലര്‍ പങ്കാളികള്‍ക്കും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുകയാണ് വില പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലായ്‌പ്പോഴുമെന്ന പോലെ, വര്‍ധിച്ചുവരുന്ന ചെലവുകളുടെ ആഘാതം ഉപയോക്താക്കളുടെ മേല്‍ ചുമത്തുന്നത് കഴിയുന്നത്ര കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്, 2023-24 ല്‍ 33 ശതമാനമെന്ന മികച്ച വളര്‍ച്ചയാണ് ഔഡി ഇന്ത്യ കൈവരിച്ചത്. 7,027 യൂണിറ്റ് വില്‍പ്പന നടത്താന്‍ കഴിഞ്ഞു. ഔഡിയുടെ പ്രീ-ഓണ്‍ഡ് കാര്‍ ബിസിനസ് 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.