Top Spec

The Top-Spec Automotive Web Portal in Malayalam

മാസ് കാണിക്കാന്‍ എംജി സൈബര്‍സ്റ്റര്‍!

  • ബ്രിട്ടീഷ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് സ്പോര്‍ട്സ്‌കാറാണ് സൈബര്‍സ്റ്റര്‍
  • മണിക്കൂറില്‍ 100 കിമീ വേഗമാര്‍ജിക്കാന്‍ 3.2 സെക്കന്‍ഡ് മതി
  • ഈ വര്‍ഷം പകുതിയോടെ അന്താരാഷ്ട്ര വിപണികളില്‍ വില പ്രഖ്യാപിച്ചേക്കും. ‘താങ്ങാവുന്ന’ സ്പോര്‍ട്സ്‌കാറായിരിക്കും സൈബര്‍സ്റ്റര്‍ എന്ന് എംജി മോട്ടോര്‍
  • പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ റീട്ടെയ്ല്‍ ശൃംഖല ആരംഭിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ
  • എംജി4 ഹാച്ച്ബാക്ക്, എംജി5 എസ്റ്റേറ്റ് എന്നീ ഇവികളും പ്രദര്‍ശിപ്പിച്ചു

എംജി സൈബര്‍സ്റ്റര്‍ ഇവി ഇതാദ്യമായി ഇന്ത്യയില്‍ അനാവരണം ചെയ്തു. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് സ്പോര്‍ട്സ്‌കാറാണ് സൈബര്‍സ്റ്റര്‍. കഴിഞ്ഞ വര്‍ഷമാണ് കണ്‍വര്‍ട്ടിബിള്‍ ഇവി ആഗോളതലത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

64 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കാണ് ബേസ് വേരിയന്റ് ഉപയോഗിക്കുന്നത്. റിയര്‍ ആക്സിലില്‍ ഘടിപ്പിച്ച മോട്ടോര്‍ പുറപ്പെടുവിക്കുന്നത് 308 എച്ച്പി കരുത്ത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇരട്ട മോട്ടോറുകള്‍, ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) എന്നീ സവിശേഷതകളോടെയാണ് ടോപ് സ്‌പെക് വേരിയന്റ് വരുന്നത്. 77 കിലോവാട്ട് ഔര്‍ ബാറ്ററി പാക്ക് ഉപയോഗിക്കുന്നു. 544 എച്ച്പി കരുത്തും 725 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിഎല്‍ടിസി കണക്കനുസരിച്ച് 580 കിമീ റേഞ്ച് ലഭിക്കും. മണിക്കൂറില്‍ 100 കിമീ വേഗമാര്‍ജിക്കാന്‍ 3.2 സെക്കന്‍ഡ് മതി. അഴകളവുകള്‍ പരിശോധിച്ചാല്‍, നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,533 എംഎം, 1,912 എംഎം, 1,328 എംഎം എന്നിങ്ങനെയാണ്. 2,689 മില്ലിമീറ്ററാണ് വീല്‍ബേസ്.

ഈ വര്‍ഷം പകുതിയോടെ അന്താരാഷ്ട്ര വിപണികളില്‍ സൈബര്‍സ്റ്റര്‍ ഇവിയുടെ വില പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘താങ്ങാവുന്ന’ സ്പോര്‍ട്സ്‌കാറായിരിക്കും സൈബര്‍സ്റ്റര്‍ എന്ന് എംജി മോട്ടോര്‍ വ്യക്തമാക്കുന്നു. ഏകദേശം 50,000 ജിബിപിയില്‍ (ഏകദേശം 53 ലക്ഷം രൂപ) വില ആരംഭിച്ചേക്കും. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചാല്‍, ബിവൈഡി സീല്‍, ഹ്യുണ്ടായ് അയോണിക് 5, കിയ ഇവി6 എന്നിവയായിരിക്കും പ്രധാന എതിരാളികള്‍. പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ റീട്ടെയ്ല്‍ ശൃംഖല ആരംഭിക്കുമെന്ന് ഇതോടൊപ്പം എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു.

എംജി4 ഹാച്ച്ബാക്ക്, എംജി5 എസ്റ്റേറ്റ് എന്നീ ഇലക്ട്രിക് കാറുകളും മുംബൈയില്‍ നടന്ന ചടങ്ങില്‍ എംജി മോട്ടോര്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്സ്പോയിലും ഈ രണ്ട് മോഡലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. 51 കിലോവാട്ട് ഔര്‍, 64 കിലോവാട്ട് ഔര്‍ എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് എംജി4 വരുന്നത്. യഥാക്രമം 350 കിമീ, 452 കിമീ എന്നിങ്ങനെ റേഞ്ച് (ഡബ്ല്യുഎല്‍ടിപി) ലഭിക്കും. 61.1 കിലോവാട്ട് ഔര്‍ ബാറ്ററിയാണ് എംജി5 ഉപയോഗിക്കുന്നത്. 402 കിമീ റേഞ്ച് ലഭിക്കും.