Top Spec

The Top-Spec Automotive Web Portal in Malayalam

കിയ ഇന്ത്യയെ ഗ്വാങ്ഗു ലീ നയിക്കും

  • കിയ ഇന്ത്യയുടെ മൂന്നാമത്തെ എംഡിയും സിഇഒയുമാണ് ലീ
  • കിയ മെക്‌സിക്കോയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് ഇന്ത്യയിലെത്തുന്നത്

കിയ ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഗ്വാങ്ഗു ലീയെ പ്രഖ്യാപിച്ചു. ഉടന്‍ പ്രാബല്യത്തോടെയാണ് നിയമനം. കിയ ഇന്ത്യയുടെ മൂന്നാമത്തെ എംഡിയും സിഇഒയുമാണ് ലീ. ഇന്ത്യയില്‍ നാല് വര്‍ഷം പ്രവര്‍ത്തിച്ച ടെ ജിന്‍ പാര്‍ക്കിന്റെ പിന്‍ഗാമിയാണ്. 36 വര്‍ഷത്തെ സേവനത്തിനു ശേഷം ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡില്‍ നിന്ന് വിരമിക്കുകയാണ് ടെ ജിന്‍ പാര്‍ക്ക്.

ഓട്ടോമോട്ടീവ് മേഖലയില്‍ 30 വര്‍ഷത്തിലധികം അനുഭവസമ്പത്തിന്റെ ഉടമയാണ് ഗ്വാങ്ഗു ലീ. കിയ മെക്‌സിക്കോയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് ഇന്ത്യയിലെത്തുന്നത്. യുഎസ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങള്‍ കൂടാതെ മധ്യ-ദക്ഷിണ അമേരിക്കയിലെ കിയ ആസ്ഥാനം, ജര്‍മ്മനിയില്‍ പ്രവര്‍ത്തിക്കുന്ന കിയ യൂറോപ്പ് ആസ്ഥാനം എന്നിവിടങ്ങളില്‍ നേതൃ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഇന്ത്യയില്‍ നാല് വര്‍ഷത്തിനുള്ളില്‍ പ്രിയപ്പെട്ടതും വിശ്വസനീയവുമായ ബ്രാന്‍ഡുകളിലൊന്നായി കിയ മാറിയെന്നും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ വളരെ ആവേശത്തിലാണെന്നും ഗ്വാങ്ഗു ലീ പ്രതികരിച്ചു. പുതിയ സെല്‍റ്റോസ്, പുതിയ സോണറ്റ് എന്നിവ കൂടാതെ കൂടുതല്‍ നൂതന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുമെന്നും കിയ ഇന്ത്യ സുസ്ഥിര ബിസിനസ് വളര്‍ച്ചയുടെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.