Top Spec

The Top-Spec Automotive Web Portal in Malayalam

പറന്നുയര്‍ന്ന് ഹെലി ടൂറിസം

  • കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഹെലി ടൂറിസം പദ്ധതി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
  • പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് നടപ്പാക്കുന്നത്
  • മൈക്രോസൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമായി. നെടുമ്പാശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ആദ്യ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. രാജ്യത്താദ്യമായി ഹെലി ടൂറിസം നയം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. പുരവഞ്ചികള്‍ക്കും കാരവാന്‍ ടൂറിസത്തിനും ശേഷം കേരള ടൂറിസം അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണ് ഹെലി ടൂറിസം. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് നടപ്പാക്കുന്നത്. ഇതോടൊപ്പം മൈക്രോസൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു. വിവിധ ഹെലി ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന പാക്കേജുകള്‍, ട്രിപ്പുകളുടെ വിവരം എന്നിവ അറിയാനും ബുക്കിംഗ് നടത്താനും സാധിക്കും.

വിദേശ-ആഭ്യന്തര സഞ്ചാരികള്‍ക്ക് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ എളുപ്പം എത്തിച്ചേരാന്‍ ഹെലി ടൂറിസം വഴി കഴിയും. പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപം നിലവിലുള്ള ഹെലിപാഡുകള്‍ കണ്ടെത്തി അവ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. യാത്രക്കാരുടെ പ്രതികരണവും മറ്റ് സാങ്കേതിക ഘടകങ്ങളും പരിഗണിച്ച് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പുതിയ ഹെലിപാഡുകള്‍ ഒരുക്കുന്നത് പരിഗണനയിലാണ്.

കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ. സജീഷ്, ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, അഡീഷണല്‍ ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.