Top Spec

The Top-Spec Automotive Web Portal in Malayalam

കേരളത്തിലെ ആദ്യ ‘പ്യുര്‍ ഗ്രീന്‍’ പോര്‍ഷ ടെയ്കന്‍ 4എസ് സ്വന്തമാക്കി പ്രവാസി വ്യവസായി

  • യുഎഇ ആസ്ഥാനമായ അല്‍ സാബി ഗ്രൂപ്പ് ചെയര്‍മാന്‍ ടിആര്‍ വിജയകുമാറാണ് ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയത്
  • രണ്ട് പതിറ്റാണ്ടിലധികമായി യുഎഇയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമാണ് ടിആര്‍ വിജയകുമാര്‍
  • അബുദാബിയില്‍ കാറുകളുടെ വലിയ ശേഖരം തന്നെ വിജയകുമാറിനും മക്കളായ അമലിനും വിമലിനും സ്വന്തമാണ്
  • കേരളത്തില്‍ ഏറ്റവുമധികം കസ്റ്റമൈസേഷന്‍ നടത്തിയ പോര്‍ഷ ടെയ്കനാണ് നിരത്തുകളിലെത്തുന്നത്
  • പോര്‍ഷയുടെ പിടിഎസ് പ്രോഗ്രാം അനുസരിച്ച് ഇന്ത്യയില്‍ തല്‍ക്കാലം പ്യുര്‍ ഗ്രീന്‍ ലഭ്യമല്ലാത്തതിനാല്‍ ഉപയോക്താവിനായി കൊച്ചി പോര്‍ഷ സെന്റര്‍ ഈ ജോലി ഏറ്റെടുത്തു

കേരളത്തില്‍ ഇതാദ്യമായി ‘പ്യുര്‍ ഗ്രീന്‍’ പോര്‍ഷ ടെയ്കന്‍ ഡെലിവറി ചെയ്തു. യുഎഇ ആസ്ഥാനമായ അല്‍ സാബി ഗ്രൂപ്പ് ചെയര്‍മാന്‍ ടിആര്‍ വിജയകുമാറാണ് ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയത്. പോര്‍ഷ ടെയ്കന്‍ 4എസ് എന്ന വേരിയന്റാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ പുതുതായി എത്തുന്നത്. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയാണ് ടിആര്‍ വിജയകുമാര്‍.

രണ്ട് പതിറ്റാണ്ടിലധികമായി യുഎഇയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമാണ് ടിആര്‍ വിജയകുമാര്‍. ആശുപത്രികള്‍, ട്രേഡിംഗ്, ഓട്ടോ കെയര്‍ സര്‍വീസ് സെന്ററുകള്‍, ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍, ലേണിംഗ് സ്ഥാപനം, നിയമ സ്ഥാപനങ്ങള്‍, പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി തുടങ്ങി നിരവധി മേഖലകളില്‍ അല്‍ സാബി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. മക്കളായ അമല്‍, വിമല്‍ എന്നിവരാണ് സിഇഒ ആന്‍ഡ് എംഡി ചുമതല വഹിക്കുന്നത്.

അബുദാബിയില്‍ കാറുകളുടെ വലിയ ശേഖരം തന്നെ വിജയകുമാറിനും മക്കളായ അമലിനും വിമലിനും സ്വന്തമാണ്. ലിമിറ്റഡ് എഡിഷന്‍ റോള്‍സ് റോയ്സ്, കാഡിലാക് എസ്‌കലേഡ്, റേഞ്ച് റോവര്‍, മെഴ്‌സിഡസ് എഎംജി ജി63, നിസാന്‍ പട്രോള്‍ തുടങ്ങിയവ ഇതിനകം സ്വന്തമാക്കിയ ഏതാനും മോഡലുകളാണ്. വാഹനങ്ങളില്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന വിജയകുമാറും മക്കളും പുതിയവ ഇറങ്ങിക്കഴിഞ്ഞാല്‍ വൈകാതെ വീട്ടിലെത്തിക്കുന്നതാണ് പതിവ്.

വലിയ തോതില്‍ കസ്റ്റമൈസേഷന്‍ നടത്തിയ പോര്‍ഷ ടെയ്കന്‍ 4എസ് ആണ് ടിആര്‍ വിജയകുമാര്‍ സ്വന്തമാക്കുന്നത്. ഇന്റീരിയറില്‍ ക്ലബ് ലെതര്‍ ഉപയോഗിച്ചു. എല്‍ഇഡി മാട്രിക്സ് ഹെഡ്ലൈറ്റ്, നൈറ്റ് വിഷന്‍ ക്യാമറ എന്നിവ മറ്റ് എക്സ്ട്രാകളാണ്. എക്സ്റ്റീരിയര്‍ കാര്‍ബണ്‍ ഫൈബര്‍ പാക്കേജിനാല്‍ സമൃദ്ധമാണ്. ബംപറിന് സൈഡിലും താഴെയുമെല്ലാം കാര്‍ബണ്‍ പാക്കേജ് കാണാം. കേരളത്തില്‍ ഏറ്റവുമധികം കസ്റ്റമൈസേഷന്‍ നടത്തിയ പോര്‍ഷ ടെയ്കനാണ് നിരത്തുകളിലെത്തുന്നത്. പോര്‍ഷയുടെ പിടിഎസ് (പെയിന്റ് ടു സാമ്പിള്‍) പ്രോഗ്രാം അനുസരിച്ച് ഇന്ത്യയില്‍ തല്‍ക്കാലം പ്യുര്‍ ഗ്രീന്‍ കളര്‍ ഓപ്ഷന്‍ ലഭ്യമല്ലാത്തതിനാല്‍ ഉപയോക്താവിനായി കൊച്ചി പോര്‍ഷ സെന്റര്‍ ഈ ജോലി ഏറ്റെടുക്കുകയായിരുന്നു.

79.2 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് പോര്‍ഷ ടെയ്കന്‍ 4എസ് ഇലക്ട്രിക് കാറിന് കരുത്തേകുന്നത്. രണ്ട് ആക്സിലുകളിലും പര്‍മനന്റ് മാഗ്‌നറ്റ് സിങ്ക്രണസ് മോട്ടോര്‍ ഘടിപ്പിച്ചു. പരമാവധി 435 ബിഎച്ച്പി കരുത്തും 640 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിമീ വേഗമാര്‍ജിക്കാന്‍ 4 സെക്കന്‍ഡ് മതി. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 435 കിമീ സഞ്ചരിക്കാം. ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് പോര്‍ഷ ടെയ്കന്‍ 4എസ്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം.

സുരക്ഷയുടെ കാര്യത്തില്‍ 10 എയര്‍ബാഗുകളാണ് നല്‍കിയിരിക്കുന്നത്. ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിംഗ്, പങ്ചര്‍ റിപ്പയര്‍ കിറ്റ്, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ മിഡില്‍ 3 പോയന്റ് സീറ്റ്ബെല്‍റ്റ്, ടിപിഎംഎസ്, എബിഎസ്, ഇബിഡി, ഇഎസ്പി, ടിസിഎസ് തുടങ്ങിയവ ഫീച്ചറുകളാണ്.

കൊച്ചി പോര്‍ഷ സെന്ററില്‍ നടന്ന ചടങ്ങില്‍ അല്‍ സാബി ഗ്രൂപ്പ് ചെയര്‍മാന്‍ ടിആര്‍ വിജയകുമാര്‍ താക്കോല്‍ ഏറ്റുവാങ്ങി. മക്കളും സിഇഒ ആന്‍ഡ് എംഡിമാരുമായ അമല്‍, വിമല്‍, പോര്‍ഷ സെന്റര്‍ കൊച്ചി സെയില്‍സ് മാനേജര്‍ ഏലിയാസ് ജോണ്‍, മാര്‍ക്കറ്റിംഗ് മേധാവി ചാള്‍സ് വില്യം പടമാടന്‍, സിബി കടവില്‍ എന്നിവര്‍ പങ്കെടുത്തു.