- സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡിന് ഡിആര്‍എച്ച്പി സമര്‍പ്പിച്ചു
- ഐപിഒ വഴി ലഭിക്കുന്ന തുക ബാധ്യതകള്‍ തീര്‍ക്കുന്നതിന് വിനിയോഗിക്കും
കേരളം ആസ്ഥാനമായ പ്രമുഖ ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് കമ്പനിയായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുന്നു. ഇതുസംബന്ധിച്ച അനുമതിക്കായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരികള്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എന്‍എസ്ഇ) ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും (ബിഎസ്ഇ) ലിസ്റ്റ് ചെയ്യും.
ഓഹരി ഒന്നിന് രണ്ട് രൂപയാണ് മുഖവില. ഇതുവഴി 250 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ കമ്പനിയിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരായ ‘ബാനിയന്‍ ട്രീ’ തങ്ങളുടെ ഓഹരികളുടെ ഒരു പങ്ക് ഐപിഒയിലൂടെ വിറ്റൊഴിയും. 14,275,401 ഓഹരികളാണ് ഇത്തരത്തില്‍ വില്‍ക്കുന്നത്. ഐപിഒ വഴി ലഭിക്കുന്ന തുക കമ്പനിയും അനുബന്ധ സ്ഥാപനങ്ങളും ചേര്‍ന്ന് എടുത്ത 192 കോടി രൂപയുടെ വായ്പകള്‍ പൂര്‍ണമായോ ഭാഗികമായോ തിരിച്ചടയ്ക്കുന്നതിനോ മുന്‍കൂര്‍ അടവിനോ വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി തുക പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.
ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, നുവാമ വെല്‍ത്ത് മാനേജ്‌മെന്റ് ലിമിറ്റഡ് (മുമ്പ് എഡല്‍വീസ് സെക്യൂരിറ്റീസ് ലിമിറ്റഡ്), സെന്‍ട്രം ക്യാപിറ്റല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.