Top Spec

The Top-Spec Automotive Web Portal in Malayalam

നാടെങ്ങും വിലസാന്‍ പുതിയ ബുള്ളറ്റ് 350

  • ഡല്‍ഹി എക്‌സ് ഷോറൂം വില 1.73 ലക്ഷം രൂപ
  • ഏതാനും പരിഷ്‌കാരങ്ങളോടെയാണ് 2023 മോഡല്‍ വിപണിയിലെത്തുന്നത്

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വിപണിയില്‍ അവതരിപ്പിച്ചു. ഏതാനും പരിഷ്‌കാരങ്ങളോടെയാണ് 2023 മോഡല്‍ വിപണിയിലെത്തുന്നത്. 1.73 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിളിന് മുകളിലും ക്ലാസിക് 350 മോഡലിന് താഴെയുമാണ് ഈ വില. ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. സെപ്റ്റംബര്‍ മൂന്നിന് ഡെലിവറി ആരംഭിക്കും.

രൂപകല്‍പ്പനയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിരിക്കുന്നത്. മുന്നില്‍ അല്‍പ്പം നീളമേറിയ ഫെന്‍ഡര്‍ ലഭിച്ചിരിക്കുന്നു. ഇന്ധന ടാങ്കിന്റെ ആകൃതിയില്‍ ചെറിയ മാറ്റം വരുത്തി. സീറ്റും മാറ്റിയിരിക്കുന്നു. ബാക്കിയെല്ലാം മുന്‍ തലമുറ മോഡലിന് സമാനമാണ്. വൃത്താകൃതിയുള്ള ഹെഡ്‌ലൈറ്റ്, ക്രോം നിറം ലഭിച്ച പാര്‍ട്ടുകള്‍, മൊത്തത്തിലുള്ള ഓള്‍ഡ്-സ്‌കൂള്‍ ഡിസൈന്‍ എന്നിവ നിലനിര്‍ത്തി.

നിലവിലെ ക്ലാസിക് 350, ഹണ്ടര്‍ 350, മീറ്റിയോര്‍ 350 എന്നിവയില്‍ നല്‍കിയ അതേ എന്‍ജിനാണ് പുതിയ ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളും ഉപയോഗിക്കുന്നത്. 349 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6,100 ആര്‍പിഎമ്മില്‍ 20.2 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മോട്ടോറുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു.

അടിസ്ഥാന ഫീച്ചറുകള്‍ മാത്രമാണ് പുതിയ ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്നത്. എല്ലായിടത്തും ബള്‍ബുകളായിരിക്കും വെളിച്ചമേകുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പകുതി മാത്രം ഡിജിറ്റലാണ്. ഇന്ധന നില, ട്രിപ്പ് മീറ്റര്‍ തുടങ്ങിയവ കാണിക്കുന്ന ഡിജിറ്റല്‍ ഇന്‍സെറ്റ് സഹിതം അനലോഗ് കണ്‍സോള്‍ ഉള്‍പ്പെടുന്നതാണ് സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ മറ്റ് ബൈക്കുകളില്‍ ആഡ്-ഓണ്‍ ആയി നല്‍കുന്ന ട്രിപ്പര്‍ നാവിഗേഷന്‍ ഇവിടെ കാണാനില്ല.

പുതിയ ബുള്ളറ്റിനായി റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഷാസി ഉപയോഗിച്ചിരിക്കുന്നു. പുതിയ ജെ-സീരീസ് മോട്ടോര്‍ സ്ഥാപിക്കുന്നതിന് ഡിസൈന്‍ ചെയ്തതാണ് ഈ ഷാസി. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്കുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കി. അതേസമയം, പിന്നില്‍ ഡ്രം ബ്രേക്കും സിംഗിള്‍ ചാനല്‍ എബിഎസുമാണ് ബേസ് മോഡലിന് ലഭിച്ചത്.