Top Spec

The Top-Spec Automotive Web Portal in Malayalam

ഇരുപതിന്റെ നിറവില്‍ ഡുകാറ്റി മള്‍ട്ടിസ്ട്രാഡ

  • 2003 ല്‍ പുറത്തിറങ്ങിയ മള്‍ട്ടിസ്ട്രാഡ 1000ഡിഎസ് ആയിരുന്നു ആദ്യ ഡുകാറ്റി മള്‍ട്ടിസ്ട്രാഡ മോഡല്‍
  • മോട്ടോര്‍സൈക്കിളുകളുടെ ലോകത്തെ രൂപപ്പെടുത്തിയ സാങ്കേതിക മുന്നേറ്റങ്ങളുടെയും നൂതന ഫീച്ചറുകളുടെയും ശ്രദ്ധേയമായ പാരമ്പര്യം ഡുകാറ്റി മള്‍ട്ടിസ്ട്രാഡയുടെ തലപ്പൊക്കം വര്‍ധിപ്പിക്കുന്നു
  • നിരവധി നൂതനങ്ങളായ ഫീച്ചറുകളുടെ ലോഞ്ചിംഗ് പാഡാണ് ഡുകാറ്റി മള്‍ട്ടിസ്ട്രാഡ
  • ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ഇറ്റലിയിലെ സ്വന്തം മ്യൂസിയത്തില്‍ ഡുകാറ്റി പ്രത്യേക പ്രദര്‍ശനം ആരംഭിച്ചു

ള്‍ട്ടിസ്ട്രാഡ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം മള്‍ട്ടി റോഡ് എന്നാണ്. ഒരു ഡുകാറ്റി മോട്ടോര്‍സൈക്കിള്‍ മോഡലിനെ സംബന്ധിച്ചിടത്തോളം ഈ വിശേഷണം തീര്‍ച്ചയായും അന്വര്‍ത്ഥമാണ്. ഡുകാറ്റിയുടെ പൈതൃകത്തില്‍ ശ്രദ്ധേയ സ്ഥാനമാണ് മള്‍ട്ടിസ്ട്രാഡ വഹിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ, പരമാവധി സുരക്ഷയും സ്ഥിരതയാര്‍ന്ന റൈഡും നല്‍കി വിവിധ ഭൂപ്രദേശങ്ങളെ എളുപ്പത്തില്‍ കീഴടക്കുന്ന തരത്തിലാണ് ഡുകാറ്റി മള്‍ട്ടിസ്ട്രാഡ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഡുകാറ്റി മള്‍ട്ടിസ്ട്രാഡയുടെ ആവേശകരമായ യാത്ര 2023 ല്‍ രണ്ട് പതിറ്റാണ്ടിലെത്തി നില്‍ക്കുകയാണ്. 2003 ല്‍ പുറത്തിറങ്ങിയ മള്‍ട്ടിസ്ട്രാഡ 1000ഡിഎസ് ആയിരുന്നു ആദ്യ ഡുകാറ്റി മള്‍ട്ടിസ്ട്രാഡ മോഡല്‍. ആ പരമ്പര ഇപ്പോള്‍ പുതിയ വി2, വി4 ഗ്രാന്‍ടൂറിസ്മോ എന്‍ജിനുകള്‍ കരുത്തേകുന്ന നാല് തലമുറകളിലേക്ക് വളര്‍ന്നിരിക്കുന്നു. ഡുകാറ്റി മള്‍ട്ടിസ്ട്രാഡ കേവലം മറ്റൊരു മോഡല്‍ മാത്രമല്ല. മോട്ടോര്‍സൈക്കിളുകളുടെ ലോകത്തെ രൂപപ്പെടുത്തിയ സാങ്കേതിക മുന്നേറ്റങ്ങളുടെയും നൂതന ഫീച്ചറുകളുടെയും ശ്രദ്ധേയമായ പാരമ്പര്യം ഡുകാറ്റി മള്‍ട്ടിസ്ട്രാഡയുടെ തലപ്പൊക്കം വര്‍ധിപ്പിക്കുന്നു.

2010 മോഡലില്‍ നല്‍കിയ റൈഡിംഗ് മോഡുകള്‍ പോലെ, നിരവധി നൂതനങ്ങളായ ഫീച്ചറുകളുടെ ലോഞ്ചിംഗ് പാഡാണ് മള്‍ട്ടിസ്ട്രാഡ. റൈഡിംഗ് മോഡുകള്‍ ഇപ്പോള്‍ മിക്ക ടോപ്-മിഡില്‍ റേഞ്ച് ബൈക്കുകളിലും സാധാരണമാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയമെന്ന് പറയാവുന്നത്, 2020 ല്‍ വലിയ സാങ്കേതികവിദ്യകളോടെ വിപണിയിലെത്തിയ മള്‍ട്ടിസ്ട്രാഡ വി4 മോട്ടോര്‍സൈക്കിളാണ്. മുന്നിലും പിന്നിലും റഡാര്‍ സാങ്കേതികവിദ്യയോടെ ആഗോളതലത്തില്‍ പുറത്തിറക്കിയ ആദ്യ മോട്ടോര്‍സൈക്കിള്‍ എന്ന ബഹുമതിയാണ് ഈ മോഡല്‍ കരസ്ഥമാക്കിയത്.

ഇതേതുടര്‍ന്ന്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ (എസിസി), ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ (ബിഎസ്ഡി) എന്നിവ അവതരിപ്പിച്ചു. ഇവയെല്ലാം റൈഡറുടെ സുരക്ഷയും കംഫര്‍ട്ടും വളരെയധികം വര്‍ധിപ്പിക്കുന്നതായി മാറി. അതേ മോഡലില്‍ തന്നെ ഫോണ്‍ മിററിംഗ് ഫീച്ചര്‍ നല്‍കാനും ഡുകാറ്റി തയ്യാറായി. സുപ്രധാന റൈഡ് ഇന്‍ഫര്‍മേഷന്‍ ലഭ്യമാക്കുമ്പോള്‍ തന്നെ കളര്‍ മാപ്പ് നാവിഗേറ്ററായി ഡാഷ്ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതാണ് സംവിധാനം. നിരവധി വര്‍ഷങ്ങളായി ആവേശകരമായ യാത്രകള്‍ക്കും സമാനതകളില്ലാത്ത സാഹസികതകള്‍ക്കുമായി കൊതിക്കുന്ന മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ വിശ്വസ്ത കൂട്ടാളിയായി ഡുകാറ്റി മള്‍ട്ടിസ്ട്രാഡ ഒപ്പം നില്‍ക്കുന്നു.

മള്‍ട്ടിസ്ട്രാഡയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ഇറ്റലിയിലെ സ്വന്തം മ്യൂസിയത്തില്‍ ഡുകാറ്റി പ്രത്യേക പ്രദര്‍ശനം ആരംഭിച്ചു. മോട്ടോര്‍സൈക്കിള്‍ മോഡലിന്റെ പരിണാമവും കഥയും പറയുന്ന പ്രദര്‍ശനത്തോടൊപ്പം വ്യത്യസ്ത വേര്‍ഷനുകളുടെ ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടുത്തിയും മറ്റും ഉഗ്രന്‍ ഡോക്യുമെന്ററിയും ഒരുക്കിയിട്ടുണ്ട്.