Top Spec

The Top-Spec Automotive Web Portal in Malayalam

ഹീറോയുടെ അത്ഭുത പ്രവൃത്തി! കരിസ്മ വീണ്ടും വിപണിയില്‍

  • ബ്രാന്‍ഡ്-ന്യൂ ഹീറോ കരിസ്മ എക്‌സ്എംആര്‍ 210 മോട്ടോര്‍സൈക്കിളിന് 1.73 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില
  • എല്‍ഇഡി ഹെഡ്‌ലൈറ്റിന് മുകളിലെ വിന്‍ഡ്സ്‌ക്രീന്‍ ക്രമീകരിക്കാന്‍ കഴിയും
  • 210 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 4 വാല്‍വ് എന്‍ജിനാണ് കരുത്തേകുന്നത്
  • പൂര്‍ണ ഡിജിറ്റലായ എല്‍സിഡി കണ്‍സോള്‍ ലഭിച്ചു

ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ കരിസ്മ എന്ന ജനപ്രിയ നാമം പുനരുജ്ജീവിപ്പിച്ചു. ബ്രാന്‍ഡ്-ന്യൂ ഹീറോ കരിസ്മ എക്‌സ്എംആര്‍ 210 മോട്ടോര്‍സൈക്കിളാണ് പുതുതായി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 1.73 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. സുസുകി ജിക്‌സര്‍ എസ്എഫ് 250, യമഹ ആര്‍15 വി4, ബജാജ് പള്‍സര്‍ ആര്‍എസ്200 എന്നിവയാണ് പുതിയ കരിസ്മയുടെ എതിരാളികള്‍.

യുവാക്കളെ ആകര്‍ഷിക്കുന്ന സ്പോര്‍ട്ടി സ്‌റ്റൈലിംഗ് സഹിതമാണ് പുതിയ കരിസ്മ എക്‌സ്എംആര്‍ 210 വരുന്നത്. മുന്‍ഭാഗത്ത് ഷാര്‍പ്പ് ഡിസൈന്‍ കാണാം. എല്‍ഇഡി ഹെഡ്‌ലൈറ്റിന് മുകളിലെ വിന്‍ഡ്സ്‌ക്രീന്‍ ക്രമീകരിക്കാന്‍ കഴിയും. എന്‍ജിനും ഷാസിയും മറയ്ക്കുന്ന സ്ലീക്ക് സൈഡ് ഫെയറിംഗുകള്‍ ബോഡിവര്‍ക്കിന്റെ ഭാഗമാണ്. സ്പ്ലിറ്റ് സീറ്റ് സെറ്റപ്പ്, പിന്‍ സീറ്റിന് സമീപം ഡക്ടുകള്‍ എന്നിവ ലഭിച്ചു. മൊത്തത്തില്‍, പുതു തലമുറ ഹീറോ കരിസ്മ പുതുമയുള്ളതാണ്.

210 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 4 വാല്‍വ് എന്‍ജിനാണ് പുതിയ ഹീറോ കരിസ്മ എക്‌സ്എംആര്‍ 210 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 9,250 ആര്‍പിഎമ്മില്‍ 25.15 ബിഎച്ച്പി കരുത്തും 7,250 ആര്‍പിഎമ്മില്‍ 20.4 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ബന്ധിച്ചു. കൂടാതെ സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് പ്രയോജനപ്പെടും.

എല്‍ഇഡി ലൈറ്റിംഗ് കൂടാതെ, പൂര്‍ണ ഡിജിറ്റലായ കണ്‍സോള്‍ നല്‍കുന്നതിലും ഹീറോ മോട്ടോകോര്‍പ്പ് താല്‍പ്പര്യം കാണിച്ചിരിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഈ എല്‍സിഡി യൂണിറ്റില്‍ എസ്എംഎസ് നോട്ടിഫിക്കേഷന്‍, കോള്‍ നോട്ടിഫിക്കേഷന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ ലഭിക്കും. സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ടാക്കോമീറ്റര്‍, ടെംപറേച്ചര്‍ റീഡൗട്ട് എന്നിവയും കാണാം.

പുതിയ ഷാസിയിലാണ് ഹീറോ കരിസ്മ എക്‌സ്എംആര്‍ 210 നിര്‍മിച്ചിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന 6-സ്റ്റെപ്പ് മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നില്‍ സിംഗിള്‍ പെറ്റല്‍ ഡിസ്‌ക്, പിന്നില്‍ സാധാരണ ഡിസ്‌ക് എന്നിവ ഉള്‍പ്പെടുന്നതാണ് ബ്രേക്കിംഗ് ഹാര്‍ഡ്‌വെയര്‍. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. 17 ഇഞ്ച് അലോയ് വീലുകളിലാണ് ഹീറോ കരിസ്മ എക്‌സ്എംആര്‍ 210 ഓടുന്നത്.