Top Spec

The Top-Spec Automotive Web Portal in Malayalam

ഭാരത് മോട്ടോജിപിയില്‍ മാര്‍ക്കോ ബെസ്സെക്കി

  • ഹോര്‍ഹെ മാര്‍ട്ടിനേക്കാള്‍ ഏകദേശം ഒമ്പത് സെക്കന്‍ഡ് മുന്നില്‍ ഫിനിഷ് ചെയ്തു. മൂന്നാം സ്ഥാനത്ത് ക്വാര്‍ട്ടരാരോ
  • 2023 സീസണിലെ പതിമൂന്നാം റൗണ്ട് മല്‍സരമാണ് ഗ്രേറ്റര്‍ നോയ്ഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്നത്
  • ഫ്രാന്‍സെസ്‌കോ ബന്യായയും ഹോര്‍ഹെ മാര്‍ട്ടിനും തമ്മിലുള്ള വ്യത്യാസം 13 പോയന്റ് മാത്രമായി കുറഞ്ഞു

താദ്യമായി ഇന്ത്യയില്‍ നടന്ന മോട്ടോജിപി ഗ്രാന്‍ പ്രീയില്‍ തിളക്കമാര്‍ന്ന വിജയം നേടി വിആര്‍46 റേസിംഗ് ടീമിന്റെ മാര്‍ക്കോ ബെസ്സെക്കി. തൊട്ടടുത്ത എതിരാളിയായ പ്രമാക് റേസിംഗ് ടീമിന്റെ സ്പാനിഷ് താരം ഹോര്‍ഹെ മാര്‍ട്ടിനേക്കാള്‍ ഏകദേശം ഒമ്പത് സെക്കന്‍ഡ് മുന്നില്‍ ഫിനിഷ് ചെയ്താണ് ഇറ്റാലിയന്‍ റേസര്‍ ട്രോഫിയില്‍ മുത്തമിട്ടത്. മോണ്‍സ്റ്റര്‍ എനര്‍ജി യമഹ ടീമിന്റെ ഫ്രഞ്ച് റൈഡര്‍ ഫാബിയോ ക്വാര്‍ട്ടരാരോ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2023 സീസണിലെ പതിമൂന്നാം റൗണ്ട് മല്‍സരമാണ് ഗ്രേറ്റര്‍ നോയ്ഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്നത്.

പ്രഥമ ഭാരത് ജിപിയില്‍ മാര്‍ക്കോ ബെസ്സെക്കി തന്നെയാണ് പോള്‍ പൊസിഷന്‍ നേടിയിരുന്നത്. എന്നാല്‍ റേസിന്റെ തുടക്കത്തില്‍ മാര്‍ക്കോ ബെസ്സെക്കിക്ക് തന്റെ ലീഡ് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഫ്രാന്‍സെസ്‌കോ ബന്യായയ്ക്കും ഹോര്‍ഹെ മാര്‍ട്ടിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ രണ്ട് ലാപ്പിനുള്ളില്‍ രണ്ട് റൈഡര്‍മാരെയും മറികടന്ന് എളുപ്പം ലീഡ് തിരിച്ചുപിടിക്കുകയും ചെയ്തു. അവിടെ നിന്ന് തികച്ചും ആധികാരികതയോടെയായിരുന്നു മാര്‍ക്കോ ബെസ്സെക്കിയുടെ റേസ്. ബെസ്സെക്കിയുടെ വേഗത്തിന് ഒപ്പമെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇതിനിടെ, നിലവിലെ ലോക ചാമ്പ്യന്‍ ഫ്രാന്‍സെസ്‌കോ ബന്യായ ക്രാഷ് ഔട്ട് നേരിട്ടു. ഇതോടെ ഈ സീസണില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബന്യായയും രണ്ടാം സ്ഥാനത്തുള്ള ഹോര്‍ഹെ മാര്‍ട്ടിനും തമ്മിലുള്ള വ്യത്യാസം 13 പോയന്റ് മാത്രമായി കുറഞ്ഞു.

രണ്ടാം സ്ഥാനത്തേക്കുള്ള ഓട്ടത്തിനിടെ ഹോര്‍ഹെ മാര്‍ട്ടിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. മല്‍സരത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ പിടിമുറുക്കാന്‍ പാടുപെടുന്നതിനു പുറമേ, റേസിനിടെ സ്പാനിഷ് റൈഡര്‍ക്ക് തന്റെ ലെതര്‍ സ്യൂട്ടിന്റെ സിപ്പര്‍ കയറ്റേണ്ടതായും വന്നു. ഇക്കാരണങ്ങളാല്‍, അവസാന ലാപ്പുകളില്‍ ക്വാര്‍ട്ടരാരോയ്ക്ക് മാര്‍ട്ടിന്റെ ഒപ്പമെത്താനും ഒരു ഘട്ടത്തില്‍ മറികടക്കാനും സാധിച്ചു. പക്ഷേ ഫ്രഞ്ച് താരത്തെ മറികടന്ന് ഹോര്‍ഹെ മാര്‍ട്ടിന്‍ രണ്ടാമതായി ഫിനിഷ് ചെയ്തു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചെക്ക്വേര്‍ഡ് ഫ്‌ളാഗ് വീശിയത്. മാര്‍ക്കോ ബെസ്സെക്കിക്ക് ട്രോഫി സമ്മാനിച്ചതും യോഗി തന്നെ. കേന്ദ്ര സ്‌പോര്‍ട്‌സ്, യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂര്‍, കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരും പങ്കെടുത്ത് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഭാരത് മോട്ടോജിപിയുടെ ട്രോഫി ശ്രദ്ധിക്കപ്പെട്ടു. രാജ്യത്തിന്റെ മാപ്പും ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ രൂപകല്‍പ്പനയും ഉള്‍പ്പെടുത്തിയാണ് ട്രോഫി ഡിസൈന്‍ ചെയ്തിരുന്നത്. ഉയര്‍ന്ന താപനിലയും ആര്‍ദ്രതയും റേസിനെ ബാധിക്കുന്നതിനും ഗ്രേറ്റര്‍ നോയ്ഡ സാക്ഷ്യം വഹിച്ചു. 32-34 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ആര്‍ദ്രത 80 ശതമാനത്തിന് മുകളില്‍ നിന്നു. ഇതോടെ 24 ല്‍ നിന്ന് 21 ലാപ്പുകളായി പ്രധാന മോട്ടോജിപി റേസ് വെട്ടിക്കുറച്ചു. ഫിനിഷ് ചെയ്തയുടനെ റൈഡര്‍മാര്‍ ദേഹത്ത് വെള്ളമൊഴിക്കുന്നതും മറ്റും കാണാമായിരുന്നു.