- ഓഗസ്റ്റ് 22 ന് നിതിന്‍ ഗഡ്കരി ഡല്‍ഹിയില്‍ ഭാരത് എന്‍ക്യാപ് പ്രഖ്യാപിച്ചിരുന്നു
- ഇടി പരിശോധനയ്ക്കായി ഇതുവരെ മുപ്പതോളം കാര്‍ മോഡലുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
- ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മാനദണ്ഡങ്ങളില്‍ ക്രാഷ് ടെസ്റ്റ് നടത്തും
ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (ഭാരത് എന്‍ക്യാപ്) പ്രാബല്യത്തില്‍! കാറുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ക്രാഷ് ടെസ്റ്റിംഗ് ഒക്ടോബര്‍ ഒന്നിന് ആരംഭിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് 22 ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഡല്‍ഹിയില്‍ ഭാരത് എന്‍ക്യാപ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന്, പുണെയിലെ ചാകണില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ടില്‍ (സിഐആര്‍ടി) സെപ്റ്റംബര്‍ 18 ന് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.
ഇടി പരിശോധനയ്ക്കായി ഇതുവരെ വിവിധ വാഹന നിര്‍മാതാക്കള്‍ മുപ്പതോളം കാര്‍ മോഡലുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മാനദണ്ഡങ്ങളില്‍ വിവിധ കാര്‍ മോഡലുകള്‍ ക്രാഷ് ടെസ്റ്റ് നടത്തുകയും സുരക്ഷാ റേറ്റിംഗ് നല്‍കുകയും ചെയ്യും. പൂജ്യം മുതല്‍ 5 വരെ സ്റ്റാര്‍ റേറ്റിംഗാണ് നല്‍കുന്നത്. നേരത്തെ യൂറോ എന്‍ക്യാപ്, ഓസ്‌ട്രേലിയന്‍ എന്‍ക്യാപ്, ഗ്ലോബല്‍ എന്‍ക്യാപ്, ലാറ്റിന്‍ എന്‍ക്യാപ് എന്നീ വിദേശ ഏജന്‍സികള്‍ അവരുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കാറുകളിലെ സുരക്ഷ നിശ്ചയിച്ചിരുന്നത്. ഈ റേറ്റിംഗ് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിച്ചതായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നമ്മുടേതായ റേറ്റിംഗ് സംവിധാനം തുടങ്ങിയിരിക്കുന്നത്.
ഭാരത് എന്‍ക്യാപിന് കീഴില്‍ രാജ്യത്ത് ക്രാഷ് ടെസ്റ്റിംഗ് നടത്തുമ്പോള്‍ ഏകദേശം 60 ലക്ഷം രൂപ മാത്രമാണ് ചെലവ് വരുന്നതെന്നും എന്നാല്‍ ആഗോള തലത്തില്‍ 2.5 കോടി രൂപ ചെലവിടുന്നതായും ഗഡ്കരി പറഞ്ഞു. ഇതിനര്‍ത്ഥം, ഇപ്പോള്‍ വാഹന നിര്‍മാതാക്കള്‍ക്ക് ക്രാഷ് ടെസ്റ്റ് നടത്തുന്നതിന് 75 ശതമാനം കുറവ് ചെലവഴിച്ചാല്‍ മതി. ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഇടി പരിശോധന നടത്തുന്നതിന് കാറുകള്‍ വിദേശത്തേക്ക് അയക്കേണ്ടി വരികയുമില്ല. ഭാരത് എന്‍ക്യാപിന്റെ ഭാഗമായ ക്രാഷ് ടെസ്റ്റ് വിശകലനം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ അനുമതി ലഭിച്ച ശേഷം ക്രാഷ് ടെസ്റ്റ് ഫലങ്ങളും സ്റ്റാര്‍ റേറ്റിംഗും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.