Top Spec

The Top-Spec Automotive Web Portal in Malayalam

ജീപ്പ് കോംപസ് ബ്ലാക്ക് ഷാര്‍ക്ക്, മെറിഡിയന്‍ ഓവര്‍ലാന്‍ഡ് വിപണിയില്‍

  • കൂടാതെ, ഫേസ്‌ലിഫ്റ്റ് ചെയ്ത ജീപ്പ് കോംപസിന്റെ 2 വീല്‍ ഡ്രൈവ് ഡീസല്‍-ഓട്ടോമാറ്റിക് വേരിയന്റുകളും 2 വീല്‍ ഡ്രൈവ് ഡീസല്‍-മാനുവല്‍ എന്‍ട്രി ലെവല്‍ വേരിയന്റുകളും അവതരിപ്പിച്ചു
  • ജീപ്പ് കോംപസ് 2 വീല്‍ ഡ്രൈവ് ഡീസല്‍-മാനുവല്‍ വേരിയന്റുകള്‍ക്ക് 20.49 ലക്ഷം രൂപയിലും 2 വീല്‍ ഡ്രൈവ് ഡീസല്‍-ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 23.99 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഇതോടെ 5 സീറ്റര്‍ എസ്‌യുവിയുടെ വില ആറ് ലക്ഷം രൂപ വരെ കുറഞ്ഞു
  • ബ്ലാക്ക് ഷാര്‍ക്ക് എഡിഷന്‍ വേരിയന്റുകള്‍ക്ക് 26.49 ലക്ഷം രൂപ മുതലാണ് വില. ഓവര്‍ലാന്‍ഡ് എഡിഷന്റെ വില പ്രഖ്യാപിച്ചിട്ടില്ല

വരാത്രി ആരംഭം മുതല്‍ ദീപാവലി വരെ നീളുന്ന ഉല്‍സവ കാലത്താണ് രാജ്യത്ത് പുതിയ വാഹന മോഡലുകളും പ്രത്യേക പതിപ്പുകളും സാധാരണയായി അവതരിപ്പിക്കുന്നത്. ജീപ്പ് കോംപസ് ബ്ലാക്ക് ഷാര്‍ക്ക് എഡിഷനും ജീപ്പ് മെറിഡിയന്‍ ഓവര്‍ലാന്‍ഡ് എഡിഷനും പുറത്തിറക്കി ജീപ്പ് ഇന്ത്യയും ഈ വര്‍ഷം തയ്യാറെടുത്തു കഴിഞ്ഞു. കൂടാതെ, ഫേസ്‌ലിഫ്റ്റ് ചെയ്ത ജീപ്പ് കോംപസ് എസ്‌യുവിയുടെ 2 വീല്‍ ഡ്രൈവ് ഡീസല്‍-ഓട്ടോമാറ്റിക് വേരിയന്റുകളും (ഇന്ത്യയ്ക്ക് മാത്രമായി) കൂടുതല്‍ താങ്ങാവുന്ന പുതിയ 2 വീല്‍ ഡ്രൈവ് ഡീസല്‍-മാനുവല്‍ എന്‍ട്രി ലെവല്‍ വേരിയന്റുകളും അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ എസ്‌യുവി ബ്രാന്‍ഡ്. ജീപ്പ് കോംപസ് 2 വീല്‍ ഡ്രൈവ് ഡീസല്‍-മാനുവല്‍ വേരിയന്റുകള്‍ക്ക് 20.49 ലക്ഷം രൂപയിലും 2 വീല്‍ ഡ്രൈവ് ഡീസല്‍-ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 23.99 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്. മോഡല്‍ എസ് എന്ന പുതിയ ടോപ് സ്‌പെക് വേരിയന്റുകള്‍ക്ക് 27.99 ലക്ഷം രൂപ മുതലാണ് വില. എല്ലാം ഇന്ത്യാ എക്സ് ഷോറൂം വില. ഇതോടെ 5 സീറ്റര്‍ എസ്‌യുവിയുടെ വില ആറ് ലക്ഷം രൂപ വരെ കുറഞ്ഞു.

ഇതുവരെ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടി മാത്രമാണ് ഡീസല്‍ കോംപസിന്റെ 4 വീല്‍ ഡ്രൈവ് വേരിയന്റുകള്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍, ജീപ്പ് മെറിഡിയനില്‍ നല്‍കിയതു പോലെ പുതുതായി 2 വീല്‍ ഡ്രൈവ് ഡീസല്‍-ഓട്ടോമാറ്റിക് കോമ്പിനേഷന്‍ ലഭിച്ചിരിക്കുന്നു. അതേസമയം പവര്‍ട്രെയിനില്‍ മാറ്റങ്ങളില്ല. 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ 168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് എംടി, 9 സ്പീഡ് എടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 2 വീല്‍ ഡ്രൈവ്, 4 വീല്‍ ഡ്രൈവ് വേര്‍ഷനുകളില്‍ ലഭിക്കും. തദ്ദേശീയമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന രണ്ട് ജീപ്പ് എസ്‌യുവികള്‍ക്കും പെട്രോള്‍ എന്‍ജിന്‍ ഓപ്ഷന്‍ നല്‍കിയില്ല.

ജീപ്പ് കോംപസ് ബ്ലാക്ക് ഷാര്‍ക്ക് എഡിഷന്‍

പ്രത്യേക പതിപ്പിന്റെ ഭാഗമായി, ‘ജീപ്പ്’ ലോഗോ, ഡോറുകളിലെയും ഒആര്‍വിഎം ഹൗസിംഗുകളിലെയും ‘കോംപസ്’ തുടങ്ങിയവയില്‍ ഗ്ലോസ് ബ്ലാക്ക് ട്രീറ്റ്‌മെന്റ് നല്‍കിയിരിക്കുന്നു. മാത്രമല്ല, പുതിയ ബ്ലാക്ക് അലോയ് വീലുകള്‍ കാണാന്‍ കഴിയും. മുന്നിലെ ഫെന്‍ഡറുകളില്‍ ‘ബ്ലാക്ക് ഷാര്‍ക്ക്’ എംബ്ലം നല്‍കി. പുതിയ ബ്ലാക്ക് ഇന്‍സെര്‍ട്ടുകളോടെ വ്യത്യസ്ത ശൈലിയിലുള്ള ഗ്രില്ലും നല്‍കിയിട്ടുണ്ട്. 2024 മോഡല്‍ സ്റ്റാന്‍ഡേഡ് ജീപ്പ് കോംപസിലും ഈ പുതിയ ഗ്രില്ലും അലോയ് വീലുകളും ലഭ്യമായിരിക്കുമെന്നത് ശ്രദ്ധേയമാണ്. ഇന്റീരിയര്‍ ഓള്‍-ബ്ലാക്ക് തീമില്‍ തുടരുന്നു. ബ്ലാക്ക് ഷാര്‍ക്ക് എഡിഷന്റെ ഡാഷ്‌ബോര്‍ഡിലും സ്റ്റിയറിംഗ് വളയത്തിലും ചുവപ്പന്‍ അലങ്കാരങ്ങളും സീറ്റ് അപ്‌ഹോള്‍സ്റ്ററിക്ക് കോണ്‍ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗും ലഭിച്ചു. ബ്ലാക്ക് ഷാര്‍ക്ക് എഡിഷന്‍ വേരിയന്റുകള്‍ക്ക് 26.49 ലക്ഷം രൂപ മുതലാണ് വില.

ജീപ്പ് മെറിഡിയന്‍ ഓവര്‍ലാന്‍ഡ് എഡിഷന്‍

പുതിയ ഗ്രില്ലിന് ക്രോം സറൗണ്ട്, ബോഡിയുടെ അതേ നിറത്തില്‍ സൈഡ് സ്‌കര്‍ട്ടുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍ എന്നിവയോടെയാണ് ജീപ്പ് മെറിഡിയന്‍ ഓവര്‍ലാന്‍ഡ് എഡിഷന്‍ വരുന്നത്. അകത്ത്, ക്യാബിനിലുടനീളം കോപ്പര്‍ ഹൈലൈറ്റുകള്‍, സീറ്റുകള്‍ക്കും ഡാഷ്‌ബോര്‍ഡിനും സ്വീഡ് ഫിനിഷ്, സീറ്റ് ലെതര്‍ പെര്‍ഫൊറേഷന്‍ എന്നിവ കാണാം. രണ്ട് എസ്‌യുവികളുടെയും ഫീച്ചര്‍ ലിസ്റ്റില്‍ മാറ്റങ്ങളില്ല. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആറ് വരെ എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവ നേരത്തെയുള്ള ഫീച്ചറുകളാണ്. ഓവര്‍ലാന്‍ഡ് എഡിഷന്റെ വില പ്രഖ്യാപിച്ചിട്ടില്ല.

ഹ്യുണ്ടായ് ടൂസോണ്‍, സിട്രോണ്‍ സി5 എയര്‍ക്രോസ്, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ എന്നിവയാണ് 5 സീറ്റര്‍ എസ്‌യുവിയായ ജീപ്പ് കോംപസിന്റെ എതിരാളികള്‍. അതേസമയം 7 സീറ്റര്‍ എസ്‌യുവിയായ ജീപ്പ് മെറിഡിയന്‍ മല്‍സരിക്കുന്നത് എംജി ഗ്ലോസ്റ്റര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ കൊഡിയാക് എന്നിവയോടാണ്.