Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യ ബൈക്ക് വീക്ക് ഡിസംബര്‍ 8,9 തീയതികളില്‍; ഗള്‍ഫ് ഓയില്‍ സഹകരിക്കും

  • ഗോവയിലാണ് പത്താം പതിപ്പിന് അരങ്ങ് ഒരുങ്ങുന്നത്. ഇടവേളയ്ക്കു ശേഷം ഐബിഡബ്ല്യു ഗോവയില്‍ തിരിച്ചെത്തുകയാണ്
  • ഇന്ത്യ ബൈക്ക് വീക്കിന് മുന്നോടിയായി രാജ്യത്തെ ഇരുപത് നഗരങ്ങളില്‍ എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ ഹ്രസ്വദൂര ചായ-പക്കോഡ റൈഡുകള്‍ സംഘടിപ്പിക്കും

വര്‍ഷത്തെ ഇന്ത്യ ബൈക്ക് വീക്കിന്റെ (ഐബിഡബ്ല്യു) തീയതികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 8, 9 തീയതികളില്‍ ഗോവയിലാണ് പത്താം പതിപ്പിന് അരങ്ങ് ഒരുങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു ഇടവേളയ്ക്കു ശേഷം ഐബിഡബ്ല്യു ഗോവയില്‍ തിരിച്ചെത്തുകയാണ്. മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ഉത്സവമാണ് ഇന്ത്യ ബൈക്ക് വീക്ക്. ബൈക്കിംഗ് ആസ്വദിക്കുന്നവരുടെയും സാഹസികത ഇഷ്ടപ്പെടുന്നവരുടെയും സംഗമ വേദിയായി ഒരാഴ്ച്ച ഗോവ മാറും. പുതിയ ബൈക്ക് ലോഞ്ചുകളും വൈവിധ്യമാര്‍ന്ന പരിപാടികളും കൂടാതെ രാജ്യമെങ്ങുമുള്ള റൈഡര്‍മാര്‍ക്ക് സൗഹൃദം പുതുക്കുന്നതിനുള്ള അവസരം ഇവന്റില്‍ ഉണ്ടായിരിക്കും.

2023 ഇന്ത്യ ബൈക്ക് വീക്കുമായി ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്‌സ് സഹകരിക്കും. രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ പ്രേമികളോടുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ ബൈക്ക് വീക്കിന് മുന്നോടിയായി രാജ്യത്തെ ഇരുപത് നഗരങ്ങളില്‍ എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ ഹ്രസ്വദൂര ചായ-പക്കോഡ റൈഡുകള്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 17 ന് ഡല്‍ഹിയിലാണ് ആദ്യ ചായ-പക്കോഡ റൈഡ്. ഇന്ത്യന്‍ ചായയും പ്രഭാതഭക്ഷണവും കഴിച്ച് രാജ്യത്തെ മനോഹരമായ ഗ്രാമപ്രദേശങ്ങള്‍ നേരില്‍ക്കണ്ട് ആസ്വദിക്കുന്നതിനുള്ള അവസരമാണ് ഈ റൈഡുകള്‍ ബൈക്കര്‍മാര്‍ക്ക് നല്‍കുന്നത്. സുരക്ഷിത റൈഡിംഗ് ഉറപ്പാക്കുന്നതിന് ഈ റൂട്ടുകളില്‍ ഗള്‍ഫിന്റെ സപ്പോര്‍ട്ട് ഉണ്ടായിരിക്കും.

തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും മോട്ടോര്‍സൈക്കിള്‍ പ്രേമികളുമായി നേരിട്ട് ഇടപഴകാനും ഇന്ത്യ ബൈക്ക് വീക്ക് ഒരു അവസരമാണെന്ന് ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്സ് ഇന്ത്യ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി അമിത് ഗെജി പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ ഉടമകളുടെ റൈഡിംഗ് അനുഭവം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇക്കാര്യത്തില്‍ ഇന്ത്യ ബൈക്ക് വീക്ക് നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.