Top Spec

The Top-Spec Automotive Web Portal in Malayalam

ആണുങ്ങളില്‍ ആണായ പുതിയ ടൊയോട്ട വെല്‍ഫയര്‍

  • ഇന്ത്യാ എക്‌സ് ഷോറൂം വില 1.20 കോടി രൂപ മുതല്‍
  • ഹൈ ഗ്രേഡ്, വിഐപി ഗ്രേഡ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും
  • പുതിയ എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ്, മൂന്ന് കളര്‍ ഓപ്ഷനുകള്‍, മൂന്ന് ഇന്റീരിയര്‍ തീമുകള്‍ എന്നിവയോടെയാണ് പരിഷ്‌കരിച്ച ലക്ഷ്വറി എംപിവി വരുന്നത്
  • സണ്‍സെറ്റ് ബ്രൗണ്‍, ബ്ലാക്ക്, ന്യൂട്രല്‍ ബേഷ് എന്നീ തീമുകളില്‍ ഇപ്പോള്‍ ക്യാബിന്‍ ലഭ്യമാണ്
  • പുതിയ ആക്റ്റീവ് ആന്‍ഡ് പാസീവ് സുരക്ഷാ ഫീച്ചറുകളും അഡാസ് ഫീച്ചറുകളും ലഭിച്ചു
  • പ്രിഷ്യസ് മെറ്റല്‍, പ്ലാറ്റിനം പേള്‍ വൈറ്റ്, ജെറ്റ് ബ്ലാക്ക് എന്നിവയാണ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍

പുതിയ ടൊയോട്ട വെല്‍ഫയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.20 കോടി രൂപ മുതലാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. ഹൈ ഗ്രേഡ്, വിഐപി ഗ്രേഡ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. പുതിയ എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ്, മൂന്ന് കളര്‍ ഓപ്ഷനുകള്‍, മൂന്ന് ഇന്റീരിയര്‍ തീമുകള്‍ എന്നിവയോടെയാണ് പരിഷ്‌കരിച്ച ലക്ഷ്വറി എംപിവി വരുന്നത്. ടൊയോട്ട വെല്‍ഫയര്‍ ഇപ്പോള്‍ പുതിയ ടിഎന്‍ജിഎ-കെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയിരിക്കുന്നു. നീളം 4,995 മില്ലിമീറ്ററും വീല്‍ബേസ് 3,000 മില്ലിമീറ്റര്‍ വരെയുമാണ്.

മുന്നില്‍ ക്രോം സാന്നിധ്യത്തോടെ വലിയ ഗ്രില്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ ഇപ്പോള്‍ വെല്‍ഫയറിന് ലഭിച്ചിരിക്കുന്നു. അതേസമയം, സ്ലൈഡ് ചെയ്യാവുന്ന റിയര്‍ പവര്‍ ഡോറുകളും ഫ്‌ളാറ്റ് റൂഫ്‌ലൈനും മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ അലോയ് വീലുകള്‍ പുതിയതാണ്. പിറകിലെ എല്‍ഇഡി ടെയില്‍ ലാംപ് ക്ലസ്റ്ററുകള്‍ കൂടുതല്‍ വലുതാണ്.

ടൊയോട്ട വെല്‍ഫയറിന്റെ അകത്ത് മാറ്റങ്ങള്‍ കാണാം. സണ്‍സെറ്റ് ബ്രൗണ്‍, ബ്ലാക്ക്, ന്യൂട്രല്‍ ബേഷ് എന്നീ തീമുകളില്‍ ഇപ്പോള്‍ ക്യാബിന്‍ ലഭ്യമാണ്. 15 സ്പീക്കറുകള്‍ സഹിതം ജെബിഎല്‍ സൗണ്ട് സിസ്റ്റം കൂടാതെ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയോടെ വലിയ 14 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇപ്പോള്‍ ഡാഷ്ബോര്‍ഡില്‍ ആധിപത്യം പുലര്‍ത്തുന്നു. മസാജ് ഫംഗ്ഷന്‍ ലഭിച്ചതാണ് രണ്ടാം നിര ലൗഞ്ച് സീറ്റുകള്‍. പവേര്‍ഡ് പുള്‍ഡൗണ്‍ സൈഡ് സണ്‍ ബ്ലൈന്‍ഡുകള്‍, 14 ഇഞ്ച് എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയും നല്‍കി.

പുതിയ ആക്റ്റീവ് ആന്‍ഡ് പാസീവ് സുരക്ഷാ ഫീച്ചറുകളോടെയാണ് 2023 ടൊയോട്ട വെല്‍ഫയര്‍ വരുന്നത്. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവ കൂടാതെ ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ അഡാസ് ഫീച്ചറുകളും ലഭിച്ചു.

2.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എന്‍ജിനാണ് വെല്‍ഫയറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ പരമാവധി 190 ബിഎച്ച്പി കരുത്തും 240 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. 19.28 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. പ്രിഷ്യസ് മെറ്റല്‍, പ്ലാറ്റിനം പേള്‍ വൈറ്റ്, ജെറ്റ് ബ്ലാക്ക് എന്നിവയാണ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍.

പുതിയ ടൊയോട്ട വെല്‍ഫയര്‍
വേരിയന്റ് ഇന്ത്യാ എക്‌സ് ഷോറൂം വില
ഹൈ ഗ്രേഡ് 11,990,000 രൂപ
വിഐപി ഗ്രേഡ് 12,990,000 രൂപ