Top Spec

The Top-Spec Automotive Web Portal in Malayalam

ഹോണ്ട എലവേറ്റ് നിര്‍മിച്ചുതുടങ്ങി

  • മിഡ്‌സൈസ് എസ്‌യുവിയുടെ ബുക്കിംഗ് നേരത്തെ സ്വീകരിച്ചു തുടങ്ങിയിരുന്നു. 21,000 രൂപയാണ് ബുക്കിംഗ് തുക
  • സെപ്റ്റംബറില്‍ വില പ്രഖ്യാപിക്കുകയും ഡെലിവറി ആരംഭിക്കുകയും ചെയ്യും
  • മാരുതി സുസുകി ഗ്രാന്‍ഡ് വിറ്റാര, ഹ്യുണ്ടായ് ക്രെറ്റ എന്നിവയാണ് പ്രധാന എതിരാളികള്‍
  • രാജസ്ഥാനിലെ തപുകര പ്ലാന്റിലാണ് ഹോണ്ട എലവേറ്റ് നിര്‍മിക്കുന്നത്
  • എലവേറ്റിന്റെ ഇവി പതിപ്പ് വൈകാതെ പുറത്തിറക്കും

ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎല്‍) അവതരിപ്പിക്കുന്ന എലവേറ്റ് മിഡ്‌സൈസ് എസ്‌യുവിയുടെ ഉല്‍പ്പാദനം ആരംഭിച്ചു. ബുക്കിംഗ് നേരത്തെ സ്വീകരിച്ചു തുടങ്ങിയിരുന്നു. 21,000 രൂപയാണ് ബുക്കിംഗ് തുക. സെപ്റ്റംബറില്‍ വില പ്രഖ്യാപിക്കുകയും ഡെലിവറി ആരംഭിക്കുകയും ചെയ്യും. മാരുതി സുസുകി ഗ്രാന്‍ഡ് വിറ്റാര, ഹ്യുണ്ടായ് ക്രെറ്റ എന്നിവയാണ് പ്രധാന എതിരാളികള്‍. രാജസ്ഥാനിലെ തപുകര പ്ലാന്റിലാണ് ഹോണ്ട എലവേറ്റ് നിര്‍മിക്കുന്നത്.

എല്‍ഇഡി ലൈറ്റിംഗ്, 16 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, പുതിയ ഗ്രില്‍, കോണ്‍ട്രാസ്റ്റ് നിറത്തില്‍ അയഥാര്‍ത്ഥ സ്‌കിഡ് പ്ലേറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ഹോണ്ട സെന്‍സിംഗ് (അഡാസ് ടെക്‌നോളജി), ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റിയോടെ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഫീച്ചറുകളായിരിക്കും.

1.5 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എന്‍ജിന്‍ കരുത്തേകും. ഈ മോട്ടോര്‍ 119 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, സിവിടി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഹൈബ്രിഡ് വേര്‍ഷന്‍ ഉണ്ടായിരിക്കില്ല. പകരം, എലവേറ്റിന്റെ ഇവി പതിപ്പ് വൈകാതെ പുറത്തിറക്കും.

ഇന്ന് തങ്ങളുടെ എസ്‌യുവി സംരംഭത്തിലെ സുപ്രധാന നാഴികക്കല്ലാണ് പിന്നിടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഹോണ്ട കാര്‍സ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ പറഞ്ഞു. ആഗോളതലത്തില്‍ ഇന്ത്യയില്‍ അനാവരണം ചെയ്തതു മുതല്‍ എലവേറ്റിന് രാജ്യമെങ്ങുമുള്ള ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എലവേറ്റിന്റെ വലിയ തോതിലുള്ള ഉല്‍പ്പാദനം ആരംഭിക്കുന്ന ആദ്യ രാജ്യം ഇന്ത്യയായതില്‍ തങ്ങള്‍ക്ക് അങ്ങേയറ്റം അഭിമാനമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.