Top Spec

The Top-Spec Automotive Web Portal in Malayalam

റെനോ കാറുകള്‍ അടുത്തറിയാന്‍ എക്സ്പീരിയന്‍സ് ഡെയ്സ്

  • ഷോറൂം ഓണ്‍ വീല്‍സ്, വര്‍ക് ഷോപ്പ് ഓണ്‍ വീല്‍സ് എന്നിവ പുതിയ പ്രചാരണ പരിപാടിയുടെ ഭാഗമാണ്. പതിനാല് ജില്ലകളിലായി 36 കേന്ദ്രങ്ങളിലാണ് രണ്ട് സംരംഭങ്ങളും ഓടുന്നത്
  • കണ്ണൂര്‍ ശ്രീകണ്ഠാപുരത്താണ് ആദ്യമായി ഷോറൂം ഓണ്‍ വീല്‍സ് ഉദ്ഘാടനം ചെയ്തത്
  • ഉടനടി കാര്‍ ബുക്ക് ചെയ്യുന്നതിന് സാധിക്കും. നല്ല നിരക്കുകളില്‍ ഫിനാന്‍സ് സൗകര്യം ഒരുക്കിയിട്ടുണ്ട്
  • റെനോ ഉടമകള്‍ക്ക് വീട്ടുപടിക്കല്‍ സര്‍വീസ് സൗകര്യം ലഭ്യമാക്കുന്നതിനാണ് വര്‍ക് ഷോപ്പ് ഓണ്‍ വീല്‍സ് ആരംഭിച്ചത്

കേരളത്തില്‍ ‘റെനോ അനുഭവ ദിനങ്ങള്‍’ ആരംഭിക്കുന്നതായി റെനോ ഇന്ത്യ പ്രഖ്യാപിച്ചു. ഷോറൂം ഓണ്‍ വീല്‍സ്, വര്‍ക് ഷോപ്പ് ഓണ്‍ വീല്‍സ് എന്നിവ ഈ പുതിയ പ്രചാരണ പരിപാടിയുടെ ഭാഗമായി കമ്പനി അവതരിപ്പിക്കുന്നു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലായി 36 കേന്ദ്രങ്ങളിലാണ് ഈ രണ്ട് സംരംഭങ്ങളും ഓടുന്നത്. തങ്ങള്‍ കൂടുതലായി ഉപയോക്താക്കളുടെ അടുത്തേക്ക് പോവുകയാണെന്ന് റെനോ ഇന്ത്യ വ്യക്തമാക്കി. രാജ്യത്ത് കേരളത്തിലാണ് ആദ്യമായി റെനോ എക്സ്പീരിയന്‍സ് ഡെയ്സ് നടപ്പാക്കുന്നത്.

റെനോ ഷോറൂമുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് പ്രധാനമായും ഷോറൂം ഓണ്‍ വീല്‍സ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്താണ് ആദ്യമായി ഷോറൂം ഓണ്‍ വീല്‍സ് ഉദ്ഘാടനം ചെയ്തത്. വളരെ നല്ല പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ലഭിച്ചതെന്ന് റെനോ ഇന്ത്യ അധികൃതര്‍ പറഞ്ഞു. വലിയ ട്രക്കിലാണ് ഷോറൂം ഓണ്‍ വീല്‍സ് സജ്ജീകരിച്ചിട്ടുള്ളത്. എയര്‍ കണ്ടീഷന്‍ഡ് ഷോറൂമിനകത്ത് കാര്‍ ഡിസ്പ്ലേ ചെയ്തിരിക്കും. ആക്സസറികളും ലഭ്യമാണ്. ടെസ്റ്റ് ഡ്രൈവിന് കാറുകള്‍ ലഭ്യമാണ്. ട്രൈബര്‍, കൈഗര്‍, ക്വിഡ് എന്നിവയാണ് നിലവില്‍ റെനോ ഇന്ത്യയുടെ ലൈനപ്പ്. ഷോറൂം ജീവനക്കാരുമായി ആശയവിനിമയം നടത്തുന്നതിനും ഉടനടി കാര്‍ ബുക്ക് ചെയ്യുന്നതിനും സാധിക്കും. നല്ല നിരക്കുകളില്‍ ഫിനാന്‍സ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്നതിനുമായി വിദഗ്ധരായ സെയില്‍സ് ജീവനക്കാര്‍ ഷോറൂം ഓണ്‍ വീല്‍സില്‍ ഉണ്ടായിരിക്കും.

റെനോ ഉടമകള്‍ക്ക് വീട്ടുപടിക്കല്‍ സര്‍വീസ് സൗകര്യം ലഭ്യമാക്കുന്നതിനാണ് വര്‍ക് ഷോപ്പ് ഓണ്‍ വീല്‍സ് ആരംഭിച്ചത്. അത്യാധുനിക ഉപകരണങ്ങളും അവ ഉപയോഗിക്കുന്നതിന് പരിശീലനം നേടിയ ടെക്‌നീഷ്യന്മാരും ഈ വര്‍ക് ഷോപ്പുകളില്‍ ഉണ്ടായിരിക്കും.

രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ഉപയോക്താക്കളിലേക്ക് എത്തിച്ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളുമായുള്ള തങ്ങളുടെ ബന്ധം കരുത്തുറ്റതാക്കുകയാണ് ചെയ്യുന്നതെന്ന് കൊച്ചിയില്‍ ‘ടോപ് സ്‌പെക്’ എഡിറ്റര്‍-ഇന്‍-ചീഫ് ശങ്കര്‍ മീറ്റ്‌നയുമായി സംസാരിക്കവേ റെനോ ഇന്ത്യ സെയില്‍സ്, മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുധീര്‍ മല്‍ഹോത്ര വ്യക്തമാക്കി. കേരളത്തിലെ ഉപയോക്താക്കള്‍ക്ക് സമാനതകളില്ലാത്തതും ആഹ്‌ളാദകരവുമായ അനുഭവം സൃഷ്ടിക്കുകയാണ് റെനോയുടെ ലക്ഷ്യം. നിലവില്‍ 32 റെനോ ഷോറൂമുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഷോറൂമുകള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ ഷോറൂം ഓണ്‍ വീല്‍സ്, വര്‍ക് ഷോപ്പ് ഓണ്‍ വീല്‍സ്.