Top Spec

The Top-Spec Automotive Web Portal in Malayalam

ചാര്‍ജ്‌മോഡില്‍ രണ്ടര കോടിയുടെ നിക്ഷേപം

  • ഫീനിക്സ് ഏയ്ഞ്ജല്‍സില്‍ നിന്നാണ് ഇത്രയും തുകയുടെ നിക്ഷേപം സമാഹരിച്ചത്
  • വൈദ്യുത വാഹനങ്ങള്‍ക്കായി വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ചാര്‍ജിംഗ് പോയന്റുകള്‍ സ്ഥാപിക്കുന്ന കമ്പനിയാണ് കോഴിക്കോട് ആസ്ഥാനമായ ചാര്‍ജ്‌മോഡ്
  • കേരളത്തിലെ ഇവി ചാര്‍ജിംഗ് വിപണി വിഹിതത്തിന്റെ 90 ശതമാനത്തിലധികം ഇവര്‍ കൈവശം വെച്ചിരിക്കുന്നു
  • രാജ്യമാകെ രണ്ടായിരത്തില്‍ കൂടുതല്‍ ചാര്‍ജറുകളോടെ ഇന്ത്യയിലെ മുന്‍നിര ഇവി ചാര്‍ജിംഗ് കമ്പനികളിലൊന്നാണ് ചാര്‍ജ്‌മോഡ്

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹന (ഇവി) സ്റ്റാര്‍ട്ടപ്പായ ചാര്‍ജ്‌മോഡില്‍ രണ്ടര കോടി രൂപയുടെ നിക്ഷേപം. ഫീനിക്സ് ഏയ്ഞ്ജല്‍സില്‍ നിന്നാണ് ഇത്രയും തുകയുടെ നിക്ഷേപം സമാഹരിച്ചത്. വൈദ്യുത വാഹനങ്ങള്‍ക്കായി വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ചാര്‍ജിംഗ് പോയന്റുകള്‍ സ്ഥാപിക്കുന്ന കമ്പനിയാണ് കോഴിക്കോട് ആസ്ഥാനമായ ചാര്‍ജ്‌മോഡ്.

കോഴിക്കോട് എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ബിടെക് പഠനത്തിന് ശേഷം എം രാമനുണ്ണി, അനൂപ് വി, അദ്വൈത് സി, ക്രിസ് തോമസ് എന്നിവര്‍ ചേര്‍ന്ന് 2019 ലാണ് ചാര്‍ജ്‌മോഡ് എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. എല്‍ ആന്‍ഡ് ടി, മുരുഗപ്പ ഗ്രൂപ്പ്, കെഎസ്ഇബി, കൊച്ചി മെട്രോ തുടങ്ങിയവ ചാര്‍ജ്‌മോഡിന്റെ ഉപയോക്താക്കളാണ്. കേരളത്തിലെ ഇവി ചാര്‍ജിംഗ് വിപണി വിഹിതത്തിന്റെ 90 ശതമാനത്തിലധികം ഇവര്‍ കൈവശം വെച്ചിരിക്കുന്നു. രാജ്യമാകെ രണ്ടായിരത്തില്‍ കൂടുതല്‍ ചാര്‍ജറുകളോടെ ഇന്ത്യയിലെ മുന്‍നിര ഇവി ചാര്‍ജിംഗ് കമ്പനികളിലൊന്നാണ് ചാര്‍ജ്‌മോഡ്.

കേരളം ആസ്ഥാനമായി ഷിറാജ് ജേക്കബ്, ജോ രഞ്ജി, ഹരികൃഷ്ണന്‍ വി എന്നിവര്‍ തുടങ്ങിയ ഏയ്ഞ്ജല്‍ കൂട്ടായ്മയാണ് ഫീനിക്സ് ഏയ്ഞ്ജല്‍സ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ഏയ്ഞ്ജല്‍ നിക്ഷേപം നടത്തുന്നതിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഉല്‍പ്പന്ന വികസനത്തിനും ശൃംഖല വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നിക്ഷേപത്തുക വിനിയോഗിക്കുകയെന്ന് ചാര്‍ജ്‌മോഡ് സിഇഒയും സഹസ്ഥാപകനുമായ എം രാമനുണ്ണി പറഞ്ഞു. ലളിതവും സൗകര്യപ്രദവും വിശ്വാസ്യതയുമാണ് ചാര്‍ജ്‌മോഡിന്റെ സവിശേഷതയെന്ന് അദ്ദേഹം വ്യക്തമാക്കി. മികച്ച ഉല്‍പ്പന്നവും സക്രിയമായ ടീമംഗങ്ങളുമാണ് ചാര്‍ജ്‌മോഡിനെ വ്യത്യസ്തമാക്കുന്നതെന്ന് ഫീനിക്സ് ഏയ്ഞ്ജല്‍സിന്റെ ഡയറക്ടര്‍ ജോ രഞ്ജി പ്രസ്താവിച്ചു. രാജ്യത്തെ ചാര്‍ജിംഗ് സേവന രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായി ചാര്‍ജ്‌മോഡ് മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.