Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യയില്‍ ലെക്‌സസ് എല്‍എം ബുക്കിംഗ് ആരംഭിച്ചു

  • ടൊയോട്ട വെല്‍ഫയറിന്റെ ലെക്‌സസ് വേര്‍ഷനാണ് എല്‍എം എന്ന് പറയാം
  • വെല്‍ഫയര്‍ ഉപയോഗിക്കുന്ന അതേ പവര്‍ട്രെയിന്‍ കടമെടുക്കാനാണ് സാധ്യത

ലെക്സസ് എല്‍എം ലക്ഷ്വറി എംപിവിയുടെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. മുമ്പ് ചൈനീസ് വിപണിയില്‍ മാത്രമാണ് എല്‍എം വിറ്റിരുന്നത്. ഇതാദ്യമായാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ലക്ഷ്വറി മൂവര്‍ എന്നതിന്റെ ചുരുക്കെഴുത്താണ് എല്‍എം. ടൊയോട്ട വെല്‍ഫയറിന്റെ ലെക്‌സസ് വേര്‍ഷനാണ് എല്‍എം എന്ന് പറയാം. ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡാണ് ലെക്‌സസ്.

സ്‌റ്റൈലിംഗ്, ഡിസൈന്‍ എന്നിവയുടെ കാര്യത്തില്‍, വിപണി വിടുന്ന മോഡലിന്റെ ബോക്സി ഡിസൈന്‍ രണ്ടാം തലമുറ എല്‍എം നിലനിര്‍ത്തുന്നു. മുന്നില്‍ ലെക്‌സസിന്റെ തനത് മാസീവ് സ്പിന്‍ഡില്‍ ഗ്രില്‍, പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ ത്രീ-പോഡ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പവര്‍ സ്ലൈഡിംഗ് റിയര്‍ ഡോറുകള്‍ എന്നിവ ലഭിച്ചിരിക്കുന്നു. പിന്‍ഭാഗത്ത്, ടെയില്‍ഗേറ്റിന്റെ അതേ വീതിയില്‍ എല്‍ഇഡി ബാര്‍ നല്‍കി. പുതുതായി രൂപകല്‍പ്പന ചെയ്ത റാപ്എറൗണ്ട് എല്‍ഇഡി ടെയില്‍ലാംപുകളും കാണാം. 19 ഇഞ്ച് അലോയ് വീലുകളിലാണ് ലെക്‌സസ് എല്‍എം സഞ്ചരിക്കുന്നത്. മാത്രമല്ല, 3,000 എംഎം വീല്‍ബേസ് ഉണ്ടെന്ന് ബഡായി കാണിക്കുകയും ചെയ്യുന്നു.

4 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍, ഒരു ഗ്ലാസ് പാര്‍ട്ടീഷന്റെ താഴെയായി 48 ഇഞ്ച് സ്‌ക്രീന്‍ നല്‍കിയിരിക്കുന്നു. നേരെ മുന്നില്‍ റോഡിലെ കാഴ്ച്ചയെ തടസ്സപ്പെടുത്താതെ മുന്നിലെയും പിന്നിലെയും കംപാര്‍ട്ടുമെന്റുകളെ വേര്‍തിരിക്കുന്നതാണ് ഈ വിഭജനം. വിമാനങ്ങളിലേതിന് സമാനമായ റിക്ലൈനര്‍ സീറ്റ്, 23 സ്പീക്കറുകളോടെ സറൗണ്ട് സൗണ്ട് ഓഡിയോ സിസ്റ്റം, നിവര്‍ത്താവുന്ന ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റ്, രണ്ടാം നിര യാത്രക്കാര്‍ക്കായി ഫുട്ട്റെസ്റ്റ്, തലയിണ പോലുള്ള ഹെഡ്റെസ്റ്റുകള്‍ എന്നിവ ആഡംബരം വിളിച്ചോതുന്നതാണ്. കൂടാതെ റഫ്രിജറേറ്റര്‍ നല്‍കിയിരിക്കുന്നു. സ്റ്റോറേജ് കംപാര്‍ട്ടുമെന്റുകളും ലഭിച്ചു.

അതേസമയം, വിശാലതയും വിസിബിലിറ്റിയും ഫീല്‍ ചെയ്യും വിധമാണ് സെവന്‍ സീറ്റ് വേര്‍ഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, റീഡിംഗ് ലൈറ്റുകള്‍, വാനിറ്റി മിററുകള്‍, റിയര്‍ ഗ്ലവ് ബോക്സ്, അമ്പ്രെല ഹോള്‍ഡര്‍, രണ്ട് ഭാഗങ്ങളുള്ള സണ്‍റൂഫ്, ഡോറുകള്‍ക്കും ക്യാബിന്‍ ടെംപറേച്ചറിനുമായി തലയ്ക്കു മുകളില്‍ കണ്‍ട്രോള്‍ കണ്‍സോള്‍, സ്റ്റോറേജ് കംപാര്‍ട്ട്മെന്റ് എന്നിവ നല്‍കിയിരിക്കുന്നു. കൂടാതെ, ശബ്ദം കുറയ്ക്കുന്ന ചക്രങ്ങളും ടയറുകളും, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ റിയര്‍ വ്യൂ മിറര്‍, അഡാസ് സേഫ്റ്റി സ്യൂട്ട് എന്നിവയും ലഭിച്ചു.

തന്റെ സഹോദരനായ ടൊയോട്ട വെല്‍ഫയര്‍ ഉപയോഗിക്കുന്ന അതേ പവര്‍ട്രെയിന്‍ കടമെടുക്കാനാണ് സാധ്യത. അതായത്, 190 ബിഎച്ച്പി കരുത്തും 240 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും വിധം ട്യൂണ്‍ ചെയ്ത 2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്നു. എന്‍ജിനുമായി സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഘടിപ്പിക്കും.