Top Spec

The Top-Spec Automotive Web Portal in Malayalam

കൊച്ചിയില്‍ ട്രയംഫ് സ്പീഡ് 400 ഡെലിവറി ആരംഭിച്ചു

  • കൊച്ചിയിലെ ശ്യാമ ഡയനാമിക് ട്രയംഫ് ഷോറൂമിലാണ് പരിപാടി സംഘടിപ്പിച്ചത്
  • ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്ക് 10,000 രൂപയുടെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതായത്, 2.23 ലക്ഷം രൂപ എക്സ് ഷോറൂം പ്രാരംഭ വിലയില്‍ ലഭിക്കും
  • ബജാജ് ഓട്ടോയുമായി സഹകരിച്ച് വികസിപ്പിച്ച സ്പീഡ് 400, ഏറ്റവും താങ്ങാവുന്ന ട്രയംഫ് മോട്ടോര്‍സൈക്കിളാണ്. ബജാജ് ഓട്ടോയുടെ ചാകണ്‍ പ്ലാന്റിലാണ് ഈ റെട്രോ റോഡ്സ്റ്റര്‍ നിര്‍മിച്ചത്

ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ ആദ്യ ബാച്ച് കൊച്ചിയില്‍ ഡെലിവറി ചെയ്തു. കൊച്ചിയിലെ ശ്യാമ ഡയനാമിക് ട്രയംഫ് ഷോറൂമിലാണ് പരിപാടി സംഘടിപ്പിച്ചത്. ട്രയംഫ് സ്പീഡ് 400 ഈയിടെയാണ് പുറത്തിറക്കിയത്. 2.33 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്ക് 10,000 രൂപയുടെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. അതായത്, 2.23 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭിക്കും. ബജാജ് ഓട്ടോയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സ്പീഡ് 400, ഏറ്റവും താങ്ങാവുന്ന ട്രയംഫ് മോട്ടോര്‍സൈക്കിളാണ്. ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ചാകണ്‍ പ്ലാന്റിലാണ് നിര്‍മിച്ചത്. കൊച്ചി കൂടാതെ രാജ്യത്തെ വിവിധ ട്രയംഫ് ഡീലര്‍ഷിപ്പുകളില്‍ ഈ റെട്രോ റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിച്ചു.

ഓള്‍-ന്യൂ ടിആര്‍ സീരീസ് 398.15 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 4 വാല്‍വ്, ഡിഒഎച്ച്‌സി എന്‍ജിനാണ് ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 39.5 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 37.5 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. എന്‍ജിനുമായി 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചും ലഭിച്ചു.

മുന്നില്‍ 43 എംഎം അപ്സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നു. ഇരു ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് നല്‍കി. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. ഓള്‍-എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍സിഡി സഹിതം അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയവ ഫീച്ചറുകളാണ്. സ്‌റ്റൈലിംഗ്, കംഫര്‍ട്ട്, ലഗേജ്, സുരക്ഷ എന്നിവ വര്‍ധിപ്പിക്കുന്നതിന് 25 ലധികം ഒറിജിനല്‍ ആക്‌സസറികള്‍ ഉപയോഗിച്ച് മോട്ടോര്‍സൈക്കിള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. 16,000 കിലോമീറ്ററാണ് സര്‍വീസ് ഇടവേള. രണ്ട് വര്‍ഷത്തെ അണ്‍ലിമിറ്റഡ് മൈലേജ് വാറന്റിയും മറ്റൊരു മൂന്ന് വര്‍ഷത്തേക്ക് എക്സ്റ്റന്‍ഡഡ് വാറന്റിയും ലഭ്യമാണ്.

അതിശക്തമായ ബൈക്കിംഗ് സംസ്‌കാരമുള്ള നഗരമെന്ന് അറിയപ്പെടുന്ന കൊച്ചിയില്‍ റൈഡര്‍മാരുടെ ശക്തമായ സമൂഹം കെട്ടിപ്പടുക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് ബജാജ് പ്രോബൈക്കിംഗ് പ്രസിഡന്റ് സുമീത് നാരംഗ് പറഞ്ഞു.