Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ 450എസ്, 450എക്സ് സ്‌കൂട്ടറുകളുമായി ഏഥര്‍ എനര്‍ജി

  • എന്‍ട്രി ലെവല്‍ മോഡലായ 450എസ് കൂടാതെ പുതിയ 450എക്സ് രണ്ട് വേരിയന്റുകളില്‍ ലഭിക്കും
  • ഏഥര്‍ 450എസ് മോഡലിന് 1,30,264 രൂപയും ഏഥര്‍ 450എക്സ് 2.9 കിലോവാട്ട് ഔര്‍ വേരിയന്റിന് 1,38,265 രൂപയും ഏഥര്‍ 450എക്സ് 3.7 കിലോവാട്ട് ഔര്‍ വേരിയന്റിന് 1,45,186 രൂപയുമാണ് കൊച്ചി എക്സ് ഷോറൂം വില
  • പുതിയ 7 ഇഞ്ച് ഡീപ് വ്യൂ ഡിസ്‌പ്ലേയുമായാണ് ഏഥര്‍ 450എസ് വരുന്നത്. 450എക്സ് സ്‌കൂട്ടറുകള്‍ക്ക് 7 ഇഞ്ച് ടിഎഫ്ടി ടച്ച്സ്‌ക്രീന്‍ ലഭിച്ചു
  • ആലുവ, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എക്സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കും
  • കേരളത്തിലെ ഇലക്ട്രിക് ഇരുചക്രവാഹന സെഗ്മെന്റില്‍ 22 ശതമാനം വിപണി വിഹിതവുമായി ആധിപത്യം പുലര്‍ത്തുന്നു
  • കേരളത്തില്‍ ഓണം ഓഫറുകളും കമ്പനി പ്രഖ്യാപിച്ചു

ഥര്‍ എനര്‍ജി തങ്ങളുടെ പുതിയ എന്‍ട്രി ലെവല്‍ മോഡലായ 450എസ്, പരിഷ്‌കരിച്ച 450എക്സ് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വ്യത്യസ്ത ബാറ്ററി പാക്ക് ഓപ്ഷനുകളിലും ഫീച്ചറുകളുമായി രണ്ട് വേരിയന്റുകളില്‍ പുതിയ ഏഥര്‍ 450എക്സ് ലഭിക്കും. ഏഥര്‍ 450എസ് മോഡലിന് 1,30,264 രൂപയും ഏഥര്‍ 450എക്സ് 2.9 കിലോവാട്ട് ഔര്‍ വേരിയന്റിന് 1,38,265 രൂപയും ഏഥര്‍ 450എക്സ് 3.7 കിലോവാട്ട് ഔര്‍ വേരിയന്റിന് 1,45,186 രൂപയുമാണ് കൊച്ചി എക്സ് ഷോറൂം വില. പുതിയ ഏഥര്‍ 450 സീരീസിന്റെ രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങളില്ല.

ഫീച്ചറുകള്‍, ആന്തരിക ഘടകങ്ങള്‍ എന്നീ കാര്യങ്ങളില്‍ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഏഥര്‍ എനര്‍ജിയുടെ പുതിയ 7 ഇഞ്ച് ഡീപ് വ്യൂ ഡിസ്‌പ്ലേയുമായാണ് ഏഥര്‍ 450എസ് വരുന്നത്. അതേസമയം, ഇരു 450എക്സ് സ്‌കൂട്ടറുകള്‍ക്കും 7 ഇഞ്ച് ടിഎഫ്ടി ടച്ച്സ്‌ക്രീന്‍ ലഭിച്ചു. ഡാഷ്‌ബോര്‍ഡിന് സമീപം വിവിധ കണ്‍ട്രോളുകള്‍ക്കായി ജോയ്സ്റ്റിക്ക്, റിവേഴ്‌സ് മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നതിന് ബട്ടണ്‍, പുതുക്കിയ മഡ്ഗാര്‍ഡ് എന്നിവ കാണാന്‍ കഴിയും.

ബാറ്ററി പാക്കുകളിലും മോട്ടോര്‍ സ്പെസിഫിക്കേഷനുകളിലും വ്യത്യാസങ്ങളുണ്ട്. 5.4 കിലോവാട്ട് (പീക്ക് പവര്‍) മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന 2.9 കിലോവാട്ട് ഔര്‍ ബാറ്ററിയാണ് ഏഥര്‍ 450എസ് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 115 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 2.9 കിലോവാട്ട് ഔര്‍, 3.7 കിലോവാട്ട് ഔര്‍ എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് ഏഥര്‍ 450എക്സ് വിപണിയിലെത്തുന്നത്. ചെറിയ ബാറ്ററിയില്‍ 111 കിലോമീറ്ററും വലിയ ബാറ്ററിയില്‍ 150 കിലോമീറ്ററും റേഞ്ച് ലഭിക്കും. അതേസമയം ഇരു സ്‌കൂട്ടറുകളിലും ഒരേ 6.4 കിലോവാട്ട് മോട്ടോര്‍ നല്‍കി. മൂന്ന് മോഡലുകള്‍ക്കും 90 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഏഥര്‍ 450എസ്, ഏഥര്‍ 450എക്സ് 2.9 കിലോവാട്ട് ഔര്‍ വേരിയന്റുകള്‍ക്ക് എട്ട് മണിക്കൂര്‍ 36 മിനിറ്റും ഏഥര്‍ 450എക്സ് 3.7 കിലോവാട്ട് ഔര്‍ വേരിയന്റിന് അഞ്ച് മണിക്കൂര്‍ 45 മിനിറ്റുമാണ് ചാര്‍ജിംഗ് സമയം.

കേരളത്തില്‍ നിലവില്‍ 13 എക്‌സ്പീരിയന്‍സ് സെന്ററുകളും അനുബന്ധ സര്‍വീസ് സെന്ററുകളും പ്രവര്‍ത്തിക്കുന്നതായി ഏഥര്‍ എനര്‍ജി അറിയിച്ചു. ആലുവ, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സമീപഭാവിയില്‍ പുതിയ എക്സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കും. മാത്രമല്ല, കേരളത്തില്‍ കമ്പനിയുടേതായി 144 പബ്ലിക് ഫാസ്റ്റ് ചാര്‍ജിംഗ് സെന്ററുകള്‍ സജീവമാണ്. സംസ്ഥാനത്ത് ഇതുവരെ ഏകദേശം 19,800 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഏഥര്‍ എനര്‍ജി വിറ്റത്. കേരളത്തിലെ ഇലക്ട്രിക് ഇരുചക്രവാഹന സെഗ്മെന്റില്‍ 22 ശതമാനം വിപണി വിഹിതവുമായി കമ്പനി ആധിപത്യം പുലര്‍ത്തുന്നു. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിതെന്ന് ഏഥര്‍ എനര്‍ജി ചൂണ്ടിക്കാണിക്കുന്നു.

ഇതോടൊപ്പം, കേരളത്തില്‍ ഓണം ഓഫറുകളും കമ്പനി പ്രഖ്യാപിച്ചു. കേരളത്തിലെ ഉപയോക്താക്കള്‍ക്ക് 5,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഓരോ ഉപയോക്താവിനും 2,500 രൂപയുടെ ഫ്ളാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. മാത്രമല്ല, കെപികെബി പദ്ധതിക്ക് കീഴില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 3,000 രൂപയുടെ അധിക കിഴിവ് ലഭ്യമാണ്. അധ്യാപകര്‍, ട്യൂട്ടര്‍മാര്‍, കോളേജ് അധ്യാപകര്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് 500 രൂപയുടെ അധിക ആനുകൂല്യം ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. വില്‍പ്പനയിലും ഏഥര്‍ എന്ന ബ്രാന്‍ഡിന് ലഭിക്കുന്ന സ്നേഹത്തിന്റെ കാര്യത്തിലും കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി കേരളത്തിലെ ഉപയോക്താക്കള്‍ അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നതെന്ന് ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവ്നീത് എസ് ഫൊക്കേല കൊച്ചിയില്‍ പറഞ്ഞു.