Top Spec

The Top-Spec Automotive Web Portal in Malayalam

2023 ആദ്യ പകുതിയില്‍ എംജി മോട്ടോറിന് 21% വളര്‍ച്ച!

  • 2023 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 29,000 ലധികം എസ്‌യുവികളാണ് വിറ്റത്
  • ഈ കാലയളവില്‍ എംജി ഹെക്ടറാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയ മോഡല്‍
  • ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഏറ്റവും ഉയര്‍ന്ന റീട്ടെയില്‍ വില്‍പ്പന രേഖപ്പെടുത്തിയത് 2023 മാര്‍ച്ചിലാണ്
  • ഇന്ത്യയില്‍ 5,000 കോടിയുടെ നിക്ഷേപം നടത്തുമെന്നും 2028 ഓടെ 4-5 പുതിയ കാറുകള്‍ അവതരിപ്പിക്കുമെന്നും ഈയിടെ പ്രഖ്യാപിച്ചിരുന്നു

വര്‍ഷത്തെ ആദ്യ ആറ് മാസത്തെ വില്‍പ്പന കണക്കുകള്‍ എംജി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടു. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് ഇന്ത്യയില്‍ 2023 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 29,000 ലധികം എസ്‌യുവികളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം വളര്‍ച്ച! 2022 ആദ്യ പകുതിയില്‍ ഏകദേശം 24,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയില്‍ 2023 ആദ്യ പകുതിയില്‍ 29,000 ലധികം വാഹനങ്ങള്‍ വില്‍ക്കാന്‍ എംജി മോട്ടോറിന് കഴിഞ്ഞു. ഈ കാലയളവില്‍ എംജി ഹെക്ടറാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയ മോഡല്‍. രണ്ടാമത് സെഡ്എസ് ഇലക്ട്രിക് എസ്‌യുവി. മോറിസ് ഗാരേജസ് എന്ന ബ്രാന്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഏറ്റവും ഉയര്‍ന്ന റീട്ടെയില്‍ വില്‍പ്പന രേഖപ്പെടുത്തിയത് 2023 മാര്‍ച്ചിലാണ്.

നാല് ഐസിഇ എസ്‌യുവികളും രണ്ട് ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടുന്നതാണ് എംജിയുടെ ഇന്ത്യയിലെ വാഹന നിര. ആസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഗ്ലോസ്റ്റര്‍ എന്നിവയാണ് ആന്തരിക ജ്വലന എന്‍ജിനുകള്‍ ഉപയോഗിക്കുന്ന എസ്‌യുവി ലൈനപ്പ്. അതേസമയം സെഡ്എസ് ഇവി, കോമറ്റ് ഇവി എന്നിവ ഇലക്ട്രിക് വാഹനങ്ങളാണ്. ഇന്ത്യയില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും 2028 ഓടെ 4-5 പുതിയ കാറുകള്‍ അവതരിപ്പിക്കുമെന്നും എംജി മോട്ടോര്‍ ഇന്ത്യ ഈയിടെ പ്രഖ്യാപിച്ചിരുന്നു.