Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്റീരിയര്‍ ഭാഗികമായി വെളിവാക്കി എംജി കോമറ്റ് ഇവി

സ്റ്റിയറിംഗ് വളയവും മറ്റും ഉള്‍പ്പെടുന്ന ചിത്രമാണ് എംജി മോട്ടോര്‍ ഇന്ത്യ ഇത്തവണ പങ്കുവെച്ചത്

വരാനിരിക്കുന്ന എംജി കോമറ്റ് ഇവിയുടെ ഇന്റീരിയര്‍ ചിത്രം എംജി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടു. സ്റ്റിയറിംഗ് വളയവും മറ്റും ഉള്‍പ്പെടുന്ന ചിത്രമാണ് കമ്പനി ഇത്തവണ പങ്കുവെച്ചത്. ഈ ഭാഗത്തെ രൂപകല്‍പ്പന ലളിതമാണെന്ന് പറയാം. ആപ്പിള്‍ ഐപോഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഇലക്ട്രിക് വാഹനത്തിന്റെ സ്റ്റിയറിംഗ് കണ്‍ട്രോളുകള്‍. ഓഡിയോ, നാവിഗേഷന്‍ എന്നിവ നിയന്ത്രിക്കുന്നതിനും വിനോദത്തിനും മറ്റ് ഫംഗ്ഷനുകള്‍ക്കുമായി വോയ്‌സ് കമാന്‍ഡുകള്‍ നടത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു ഭാഗത്തും രണ്ട് കണ്‍ട്രോളുകള്‍ സഹിതം ടു-സ്‌പോക്ക് സ്റ്റിയറിംഗ് വളയമാണ് നല്‍കിയിരിക്കുന്നത്. 10.25 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകളോടെ ഡുവല്‍ സ്‌ക്രീന്‍ സംവിധാനവും എംജി കോമറ്റിന് നല്‍കിയേക്കാം.

എംജി കോമറ്റ് ഇവിയുടെ ഫീച്ചറുകള്‍ എന്തെല്ലാമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, വോയ്‌സ് കമാന്‍ഡുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കീലെസ് എന്‍ട്രി ആന്‍ഡ് ഗോ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ക്ക് സാധ്യത കാണുന്നു.

ആഗോള വിപണികളില്‍ വില്‍ക്കുന്ന വുളിംഗ് എയര്‍ ഇവി അടിസ്ഥാനമാക്കിയാണ് എംജി കോമറ്റ് ഇവി നിര്‍മിക്കുന്നത്. 2,900 മില്ലിമീറ്റര്‍ മാത്രമാണ് നീളം. അതുകൊണ്ടുതന്നെ ടാറ്റ ടിയാഗോ ഇവി, സിട്രോണ്‍ ഇ-സി3 എന്നീ എതിരാളികളേക്കാള്‍ നീളം കുറവായിരിക്കും. നാല് പേര്‍ക്ക് മാത്രമായിരിക്കും യാത്ര ചെയ്യാന്‍ കഴിയുന്നത്.

25 കിലോവാട്ട് ഔര്‍ ബാറ്ററി പാക്ക്, 38 ബിഎച്ച്പി ഇലക്ട്രിക് മോട്ടോര്‍ എന്നിവ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് വാഹനമായിരിക്കും എംജി കോമറ്റ് ഇവി. ബാറ്ററി പാക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിച്ചേക്കും. ഏകദേശം 10 ലക്ഷം രൂപ എക്സ് ഷോറൂം വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.