Top Spec

The Top-Spec Automotive Web Portal in Malayalam

എഎംജി ജിടി 63 എസ് ഇ പെര്‍ഫോമന്‍സ്; സ്പീഡ് ആണ് ഇവന്റെ മെയിന്‍

  • ഇന്ത്യാ എക്സ് ഷോറൂം വില 3.30 കോടി രൂപ
  • ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് ആണെന്ന് മാത്രമല്ല, ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും പവര്‍ഫുള്‍ പ്രൊഡക്ഷന്‍ എഎംജിയാണ് ജിടി 63 എസ് ഇ പെര്‍ഫോമന്‍സ്
  • ഇതോടെ ഇന്ത്യയിലെ പുതിയ ഫ്‌ളാഗ്ഷിപ്പ് എഎംജി മോഡലായി ജിടി 63 എസ് ഇ പെര്‍ഫോമന്‍സ് മാറി
  • ആഗോളതലത്തില്‍ 2021 സെപ്റ്റംബറിലാണ് 4 ഡോര്‍ കൂപ്പെ അരങ്ങേറ്റം കുറിച്ചത്
  • ആകെ 831 ബിഎച്ച്പി, 1400 എന്‍എം ഉല്‍പ്പാദിപ്പിക്കും. 0-100 വേഗമാര്‍ജിക്കാന്‍ 2.9 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് 316 കിമീ
  • എല്ലാ ഉപയോക്താക്കള്‍ക്കും ലൂയിസ് ഹാമില്‍ട്ടണ്‍ കീ കൈമാറും

മെഴ്‌സിഡസ് എഎംജി ജിടി 63 എസ് ഇ പെര്‍ഫോമന്‍സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.30 കോടി രൂപയാണ് രാജ്യമെങ്ങും എക്സ് ഷോറൂം വില. ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് ആണെന്ന് മാത്രമല്ല, ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ ഇതുവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും പവര്‍ഫുള്‍ പ്രൊഡക്ഷന്‍ എഎംജിയാണ് ജിടി 63 എസ് ഇ പെര്‍ഫോമന്‍സ്. ഇതോടെ ഇന്ത്യയിലെ പുതിയ ഫ്‌ളാഗ്ഷിപ്പ് എഎംജി മോഡലായി ജിടി 63 എസ് ഇ പെര്‍ഫോമന്‍സ് മാറി. ആഗോളതലത്തില്‍ 2021 സെപ്റ്റംബറിലാണ് 4 ഡോര്‍ കൂപ്പെ അരങ്ങേറ്റം കുറിച്ചത്. ഏഴ് തവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍ ആയിരിക്കും ഈ കാറിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും കീ കൈമാറുന്നത്.

640 ബിഎച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഈ ഭീമന്റെ ഹൃദയം. എഫ്1 സേഫ്റ്റി കാറിന് സമാനമായ വേഗതയും കൃത്യതയും ലഭിക്കാന്‍ ഇതു ധാരാളം. പേരില്‍ ഒരു ‘ഇ’ ശ്രദ്ധിച്ചിരുന്നോ? റിയര്‍ ആക്സിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ മോട്ടോര്‍ അധികമായി 204 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കും. ആകെ ലഭിക്കുന്നത് 831 ബിഎച്ച്പി കരുത്തും 1400 എന്‍എം ടോര്‍ക്കും. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 2.9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 316 കിലോമീറ്ററാണ് ടോപ് സ്പീഡ് (ബാധകമായ ഇടങ്ങളില്‍ മാത്രം). നാല് ചക്രങ്ങളിലേക്കും ഫലപ്രദമായി ഇലക്ട്രിക് ടോര്‍ക്ക് കൈമാറുന്നതിന് പിറകിലെ ഇലക്ട്രിക് മോട്ടോറുമായി 2 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ഇതോടെ ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് മെഴ്‌സിഡസ് എഎംജി ജിടി 63 എസ് ഇ പെര്‍ഫോമന്‍സ്. 12 കിലോമീറ്റര്‍ ഓള്‍ ഇലക്ട്രിക് റേഞ്ച് ലഭിക്കും. പൂര്‍ണ ഇലക്ട്രിക് മോഡില്‍ 130 കിലോമീറ്റര്‍ ടോപ് സ്പീഡും ലഭ്യമാണ്.

കിടിലന്‍ പെര്‍ഫോമന്‍സിനൊപ്പം എഎംജി മോഡലുകള്‍ക്ക് ലഭിക്കുന്ന തനത് എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ് കൂടിയാകുമ്പോള്‍ കണ്ണുതള്ളിപ്പോകും. പുതിയ ബംപറുകള്‍, അലോയ് വീലുകള്‍ക്ക് പുതുക്കിയ ഡിസൈന്‍, പുതിയ എക്സ്ഹോസ്റ്റ് ക്വാഡ് ടിപ്പുകള്‍, അല്‍പ്പം പരിഷ്‌കരിച്ച എയ്റോ പാക്കേജ് എന്നിവ ചില പ്രധാന സവിശേഷതകളാണ്. ഇരട്ട ഡിജിറ്റല്‍ ഡിസ്പ്ലേകള്‍, എല്ലായിടത്തും കാര്‍ബണ്‍ ഫൈബര്‍ ഇന്‍സേര്‍ട്ടുകള്‍, എഎംജി ബാഡ്ജിംഗും ഇന്‍സേര്‍ട്ടുകളും നല്‍കിയ സീറ്റുകള്‍, സ്റ്റിയറിംഗ് വളയത്തില്‍ ഘടിപ്പിച്ച ഡ്രൈവ് ഡയല്‍ സെലക്ടര്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭിച്ചതോടെ അകത്തും തികച്ചും ഒരു മെഴ്സിഡസ്-എഎംജി തന്നെയാണ് ജിടി 63 എസ് ഇ പെര്‍ഫോമന്‍സ്.

മെഴ്‌സിഡസ് എഎംജി ജിടി 63 എസ് ഇ പെര്‍ഫോമന്‍സിന്റെ നിലവിലെ ഒരേയൊരു പ്രധാന എതിരാളി 3.30 കോടി രൂപ വില വരുന്ന പോര്‍ഷ് പനമേര 4 ഇ-ഹൈബ്രിഡ് ആണ്. എന്നാല്‍, ഭാവിയില്‍ മാസെറാറ്റി, ജാഗ്വാര്‍ എന്നിവയില്‍ നിന്ന് സമാന മോഡലുകള്‍ പ്രതീക്ഷിക്കാം.