Top Spec

The Top-Spec Automotive Web Portal in Malayalam

കേശബ് മഹീന്ദ്ര അന്തരിച്ചു

  • മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മുന്‍ ചെയര്‍മാനാണ്. 99 വയസ്സായിരുന്നു
  • 48 വര്‍ഷം മഹീന്ദ്ര ഗ്രൂപ്പിനെ നയിച്ചു
  • കേശബ് മഹീന്ദ്രയുടെ കാലത്താണ് ഐടി, റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലേക്ക് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചത്

ഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മുന്‍ ചെയര്‍മാന്‍ കേശബ് മഹീന്ദ്ര (99) അന്തരിച്ചു. 48 വര്‍ഷം മഹീന്ദ്ര ഗ്രൂപ്പിനെ നയിച്ച കേശബ് മഹീന്ദ്ര, 2012 ല്‍ തന്റെ അനന്തരവന്‍ ആനന്ദ് മഹീന്ദ്രയ്ക്ക് അധികാരം കൈമാറിയാണ് സ്ഥാനമൊഴിഞ്ഞത്. അദ്ദേഹത്തിന്റെ കാലയളവിലാണ് ഐടി, റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലേക്ക് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

1923 ഒക്ടോബര്‍ 23 ന് ഷിംലയിലാണ് കേശബ് മഹീന്ദ്ര ജനിച്ചത്. യുഎസിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയ്ക്കു കീഴിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം 1947 ല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ ചേര്‍ന്നു. 1963 ല്‍ ചെയര്‍മാനായി നിയമിതനായി.

സെയില്‍, ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ഐഎഫ്സി, ഐസിഐസിഐ തുടങ്ങിയ കമ്പനികളുടെ ബോര്‍ഡുകളിലും കൗണ്‍സിലുകളിലും കേശബ് മഹീന്ദ്രയെ നിയമിച്ചു. ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഹഡ്കോ) സ്ഥാപക ചെയര്‍മാന്‍, എച്ച്ഡിഎഫ്സി വൈസ് ചെയര്‍മാന്‍, മഹീന്ദ്ര യുജിന്‍ സ്റ്റീല്‍ കമ്പനി ലിമിറ്റഡിന്റെ ചെയര്‍മാന്‍, ബോംബെ ഡൈയിംഗ് ഡയറക്ടര്‍, ബോംബെ ബര്‍മ ട്രേഡിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.