Top Spec

The Top-Spec Automotive Web Portal in Malayalam

2023 കിയ ഇവി6 ബുക്കിംഗ് ഏപ്രില്‍ 15 മുതല്‍

ഇന്ത്യയില്‍ ഇതിനകം വിറ്റത് 432 യൂണിറ്റ്

അടുത്ത ബാച്ച് കിയ ഇവി6 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ബുക്കിംഗ് 2023 ഏപ്രില്‍ 15 ന് ആരംഭിക്കുമെന്ന് കിയ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കിയ ഇവി6 ഇവിടെ ലോഞ്ച് ചെയ്തത്. ഇന്ത്യയില്‍ ഇതിനകം 432 യൂണിറ്റ് വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇന്ത്യന്‍ വിപണിയില്‍ ആസൂത്രണം ചെയ്തതിന്റെ നാലിരട്ടിയിലധികമാണ് അവസാന ഘട്ടത്തില്‍ ഡെലിവറി ചെയ്തത്.

ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം (ഇ-ജിഎംപി) അടിസ്ഥാനമാക്കിയാണ് കിയ ഇവി6 നിര്‍മിച്ചിരിക്കുന്നത്. പര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറും 77.4 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്കും കരുത്തേകുന്നു. ഡബ്ല്യുഎല്‍ടിപി സൈക്കിള്‍ അനുസരിച്ച് പരമാവധി 528 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് സാധ്യമാകുന്ന ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. 4.5 മിനിറ്റിനുള്ളില്‍ 100 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുംവിധം ചാര്‍ജ് ചെയ്യപ്പെടും.

ഇന്ത്യയില്‍ സിംഗിള്‍ മോട്ടോര്‍, ഡുവല്‍ മോട്ടോര്‍ വേരിയന്റുകളിലാണ് കിയ ഇവി6 വില്‍ക്കുന്നത്. സിംഗിള്‍ മോട്ടോര്‍ ആര്‍ഡബ്ല്യുഡി വേരിയന്റ് 226 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എഡബ്ല്യുഡി വേര്‍ഷന്‍ പുറപ്പെടുവിക്കുന്നത് 321 ബിഎച്ച്പി കരുത്തും 605 എന്‍എം ടോര്‍ക്കുമാണ്. ജിടി ലൈന്‍, ജിടി ലൈന്‍ എഡബ്ല്യുഡി എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 60.95 ലക്ഷം രൂപയും 65.95 ലക്ഷം രൂപയുമായിരുന്നു എക്‌സ് ഷോറൂം വില.