- ഗുണമേന്‍മയുള്ള മോട്ടോര്‍സൈക്കിള്‍ ആക്‌സസറികളുടെ ഉല്‍പ്പാദനത്തിനായി മെറ്റല്‍വേഴ്‌സ് എന്ന പുതിയ മാനുഫാക്ചറിംഗ് യൂണിറ്റ് കോയമ്പത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
- 2025 ഓടെ ഇന്ത്യയിലുടനീളം സാന്നിധ്യം ശക്തമാക്കുന്നതിന് പുറമെ വിദേശ വിപണികളിലും ചുവടുറപ്പിക്കുകയാണ് ലക്ഷ്യം
- തനത് ഡിസൈനുകളില്‍ കസ്റ്റമൈസ് ചെയ്ത ആക്‌സസറികളാണ് മെറ്റല്‍വേഴ്‌സ് നിര്‍മിക്കുന്നത്
- മെറ്റല്‍വേഴ്‌സിന് സ്വന്തമായി നൂതന സംവിധാനങ്ങളോടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നു
- കോളെജ് കാലത്ത് തുടങ്ങിയ അഞ്ച് യുവാക്കളുടെ മോട്ടോര്‍സൈക്കിള്‍ റേസിംഗ്, സാഹസിക റൈഡിംഗ് അഭിനിവേശമാണ് പിന്നീട് 2014 ല്‍ തൃശ്ശൂര്‍ ആസ്ഥാനമായി ബാന്‍ഡിഡോസ് ഗ്രൂപ്പ് പിറവിയെടുക്കുന്നതിന് കാരണമായത്
- ഇന്ന് 300 ജീവനക്കാരുമായി രാജ്യത്തെ മുന്‍നിര മോട്ടോര്‍സൈക്കിള്‍ ആക്‌സസറീസ് വില്‍പ്പന കമ്പനികളിലൊന്നാണ്. നാല്‍പ്പതിലേറെ രാജ്യങ്ങളില്‍ വിതരണക്കാരുമാണ്
ബാന്‍ഡിഡോസ് പിറ്റ്‌സ്റ്റോപ്പ് പുതിയ നാഴികക്കല്ല് താണ്ടുന്നു. ഗുണമേന്‍മയുള്ള മോട്ടോര്‍സൈക്കിള്‍ ആക്‌സസറികളുടെ ഉല്‍പ്പാദനത്തിനായി മെറ്റല്‍വേഴ്‌സ് എന്ന പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ബാന്‍ഡിഡോസ് തുടക്കം കുറിച്ചു. കോയമ്പത്തൂരിലാണ് പുതിയ മാനുഫാക്ചറിംഗ് യൂണിറ്റ് തുറന്നത്. 2025 ഓടെ ഇന്ത്യയിലുടനീളം സാന്നിധ്യം ശക്തമാക്കുന്നതിന് പുറമെ വിദേശ വിപണികളിലും ചുവടുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാന്‍ഡിഡോസ് ഗ്രൂപ്പ് ഫൗണ്ടര്‍ ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ മുര്‍ഷിദ് ബഷീര്‍ പറഞ്ഞു.

തനത് ഡിസൈനുകളില്‍ കസ്റ്റമൈസ് ചെയ്ത ആക്‌സസറികളാണ് മെറ്റല്‍വേഴ്‌സ് നിര്‍മിക്കുന്നത്. ഇവ റൈഡര്‍മാര്‍ക്ക് സ്വന്തമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ഇന്ത്യന്‍ വിപണിക്ക് പുറമെ രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതിയും ലക്ഷ്യമാണ്. റൈഡര്‍മാരുടെ സുരക്ഷ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രീമിയം ആക്‌സസറികള്‍ നിര്‍മിക്കുന്നതില്‍ മെറ്റല്‍വേഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മെറ്റല്‍വേഴ്‌സിന് സ്വന്തമായി നൂതന സംവിധാനങ്ങളോടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നതായി ബാന്‍ഡിഡോസ് ഗ്രൂപ്പ് സിഒഒ അരുണ്‍ വാസുദേവന്‍ പ്രസ്താവിച്ചു. വിപണിയിലെത്തുന്ന ഏറ്റവും പുതിയ ഓരോ മോട്ടോര്‍സൈക്കിള്‍ മോഡലിനും സവിശേഷമായ ഡിസൈനുകള്‍ വികസിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യം മെറ്റല്‍വേഴ്‌സിനെ വേറിട്ടു നിര്‍ത്തുന്നു. റൈഡര്‍മാരുടെ മുന്‍ഗണനകള്‍ക്കനുസരിച്ച് ബൈക്കുകള്‍ കസ്റ്റമൈസ് ചെയ്യാനും തങ്ങള്‍ പ്രാപ്തരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിതത്വത്തിനും പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന വിപണികളെ ലക്ഷ്യമിട്ടാണ് ഉല്‍പ്പാദനമെന്ന് ബാന്‍ഡിഡോസ് ഗ്രൂപ്പ് സിഇഒ ശരത് സുശീല്‍ പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ റേസിംഗ് രംഗത്തെ അനുഭവപരിചയവും പ്രീമിയം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിലെ പ്രതിബദ്ധതയുമാണ് മറ്റുള്ളവരില്‍ നിന്ന് തങ്ങളെ വ്യത്യസ്തരാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളെജ് കാലത്ത് തുടങ്ങിയ മോട്ടോര്‍സൈക്കിള്‍ റേസിംഗ്, സാഹസിക റൈഡിംഗ് അഭിനിവേശമാണ് പിന്നീട് 2014 ല്‍ തൃശ്ശൂര്‍ ആസ്ഥാനമായി ബാന്‍ഡിഡോസ് ഗ്രൂപ്പ് പിറവിയെടുക്കുന്നതിന് കാരണമായത്. പ്രൊഫഷണല്‍ റേസിംഗ്, സ്റ്റണ്ട് ഷോ, സാഹസിക റൈഡിംഗ്, ടൂറിംഗ് പരിശീലനം എന്നീ മേഖലകളില്‍ അനുഭവ സമ്പത്തുള്ള മുര്‍ഷിദ് ബഷീര്‍, വിനു വിഎസ്, അനു വിഎസ്, ഷിഹാസ്, മഹേഷ് വിഎം എന്നീ അഞ്ച് യുവാക്കള്‍ ചേര്‍ന്നാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. ബാന്‍ഡിഡോസ് പിറ്റ്‌സ്റ്റോപ്പ് എന്ന പേരില്‍ മോട്ടോര്‍സൈക്കിള്‍ ഗിയറുകളുടെയും ആക്‌സസറികളുടെയും റീട്ടെയ്ല്‍ സ്റ്റോറാണ് ആദ്യം തുറന്നത്. അധികം വൈകാതെ ഓണ്‍ലൈന്‍ സ്റ്റോര്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇന്ത്യയിലുടനീളം നിരവധി ഉപയോക്താക്കളെ നേടിയ കമ്പനി ആക്‌സസറികളുടെ മൊത്തവിതരണത്തിലേക്കും പ്രവേശിച്ചു. പിന്നീട് മിഡ്‌റേഞ്ച്, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ആക്‌സസറികളുടെ ഇന്ത്യയിലെ മുന്‍നിര വില്‍പ്പന കേന്ദ്രമായി ബാന്‍ഡിഡോസ് മാറി.
യാതൊരു ബിസിനസ് പശ്ചാത്തലവുമില്ലാത്ത അഞ്ച് പേര്‍ തുടങ്ങിയ സംരംഭം ഇന്ന് 300 ജീവനക്കാരുമായി രാജ്യത്തെ മുന്‍നിര മോട്ടോര്‍സൈക്കിള്‍ ആക്‌സസറീസ് വില്‍പ്പന കമ്പനികളിലൊന്നാണ്. നാല്‍പ്പതിലേറെ രാജ്യങ്ങളില്‍ വിതരണക്കാരുമാണ്.