Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ വേരിയന്റുകളിലും കളര്‍ ഓപ്ഷനുകളിലും വര്‍ട്ടൂസ്, ടൈഗുണ്‍

  • ഫോക്സ്‌വാഗണ്‍ ഇന്ത്യയുടെ വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സ് ഇത്തവണ നടന്നത് കൊച്ചിയില്‍
  • വര്‍ട്ടൂസിന് മാനുവല്‍ ഗിയര്‍ബോക്സ് ലഭിച്ചു. വര്‍ട്ടൂസ് 1.5 ജിടി ടിഎസ്‌ഐ എന്‍ജിന്റെ കൂട്ട് 6 സ്പീഡ് മാനുവല്‍
  • ടൈഗുണ്‍ 1.5 ടിഎസ്‌ഐ ജിടിയുടെ ജിടി പ്ലസ് എംടി, ജിടി ഡിഎസ്ജി എന്നീ രണ്ട് പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചു
  • ജിടി എഡ്ജ് മോഡലുകള്‍ക്കായി രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും പ്രഖ്യാപിച്ചു. വര്‍ട്ടൂസ്, ടൈഗുണ്‍ ജിടി പ്ലസ് മോഡലുകള്‍ക്കായി ഡീപ്പ് പേള്‍ ബ്ലാക്ക്, ടൈഗുണ്‍ ജിടി പ്ലസിന് മാത്രമായി കാര്‍ബണ്‍ സ്റ്റീല്‍ മാറ്റ് എന്നിവ
  • പുതിയ വേരിയന്റുകള്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ ക്രമേണ വിപണിയിലെത്തും
  • ടൈഗുണ്‍ അടിസ്ഥാനമാക്കിയ രണ്ട് ‘ലിമിറ്റഡ് എഡിഷന്‍’ കോണ്‍സെപ്റ്റുകള്‍ പ്രിവ്യൂ ചെയ്തു. ടൈഗുണ്‍ ജിടി ഡിഎസ്ജി അടിസ്ഥാനമാക്കിയ ടൈഗുണ്‍ സ്പോര്‍ട്ട്, ടൈഗുണ്‍ ട്രയല്‍ എന്നിവ
  • വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ ഫോക്സ്‌വാഗണ്‍ ഐഡി.4 ജിടിഎക്‌സ് പ്രദര്‍ശിപ്പിച്ചു

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ 2023 വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സ് ഇത്തവണ കൊച്ചിയില്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ വര്‍ട്ടൂസ് മിഡ്സൈസ് സെഡാന്റെ മാനുവല്‍ ഗിയര്‍ബോക്സ് വേരിയന്റ് അനാവരണം ചെയ്തു. വര്‍ട്ടൂസ് 1.5 ജിടി ടിഎസ്‌ഐ എന്‍ജിനുമായി 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ചേര്‍ത്തുവെച്ചത്. വര്‍ട്ടൂസ് മോഡലിന്റെ ആറ് വകഭേദങ്ങളും ഇപ്പോള്‍ ഫോക്‌സ്‌വാഗണിന്റെ പുതിയ ‘ജിടി എഡ്ജ്’ കളക്ഷന് കീഴിലാണ് വരുന്നത്. ജിടി മോഡല്‍ ലൈനിനേക്കാള്‍ കൂടുതല്‍ പ്രീമിയമാണ് ജിടി എഡ്ജ്.

മാത്രമല്ല, ടൈഗുണ്‍ 1.5 ടിഎസ്‌ഐ ജിടിയുടെ പുതിയ രണ്ട് വേരിയന്റുകള്‍ അവതരിപ്പിച്ചു. ടോപ് സ്‌പെക് വേരിയന്റായി ജിടി പ്ലസ് എംടി, ജിടി ഡിഎസ്ജി എന്നിവയാണ് പുതുതായി വിപണിയിലെത്തുന്നത്. കൂടാതെ ജിടി എഡ്ജ് മോഡലുകള്‍ക്കായി രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു. വര്‍ട്ടൂസ്, ടൈഗുണ്‍ ജിടി പ്ലസ് മോഡലുകള്‍ക്കായി ഡീപ്പ് പേള്‍ ബ്ലാക്ക്, ടൈഗുണ്‍ ജിടി പ്ലസിന് മാത്രമായി കാര്‍ബണ്‍ സ്റ്റീല്‍ മാറ്റ് എന്നിവ. പുതിയ വേരിയന്റുകള്‍ 2023 ജൂണ്‍ മുതല്‍ ക്രമേണ വിപണിയിലെത്തും.

ഉപയോക്താക്കളുടെ താല്‍പ്പര്യം അളക്കുന്നതിനായി മാത്രം ടൈഗുണ്‍ അടിസ്ഥാനമാക്കിയുള്ള രണ്ട് ‘ലിമിറ്റഡ് എഡിഷന്‍’ കോണ്‍സെപ്റ്റുകളും ഫോക്‌സ്‌വാഗണ്‍ പ്രിവ്യൂ ചെയ്തു. ടൈഗുണ്‍ ജിടി ഡിഎസ്ജി അടിസ്ഥാനമാക്കിയ ടൈഗുണ്‍ സ്പോര്‍ട്ട്, ടൈഗുണ്‍ ട്രയല്‍ എന്നിവയാണ് ഇവ. ഈ രണ്ട് ആശയങ്ങളും നിര്‍മിച്ച് പുറത്തിറക്കുന്ന കാര്യം കമ്പനി സ്ഥിരീകരിച്ചില്ല. ഇതോടൊപ്പം, ഫോക്സ്‌വാഗണ്‍ ഐഡി.4 ജിടിഎക്‌സ് വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിച്ചു.