Top Spec

The Top-Spec Automotive Web Portal in Malayalam

സാംസംഗ് ഗാലക്സി എം14 5ജി വിപണിയില്‍

  • 4 ജിബി + 128 ജിബി വേരിയന്റിന് 13,490 രൂപയും 6 ജിബി + 128 ജിബി വേരിയന്റിന് 14,990 രൂപയുമാണ് വില
  • ബെറി ബ്ലൂ, സ്‌മോക്കി ടീല്‍, ഐസി സില്‍വര്‍ എന്നിവ കളര്‍ ഓപ്ഷനുകളാണ്
  • 5എന്‍എം എക്സിനോസ് 1330 ഒക്ടാ കോര്‍ എസ്ഒസി, മാലി ജി68 ജിപിയു കരുത്തേകുന്നു
  • 6,000 എംഎഎച്ച് ബാറ്ററി ലഭിച്ചു
  • പിറകില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനം നല്‍കി
  • വോയ്‌സ് ഫോക്കസ് മറ്റൊരു സവിശേഷതയാണ്

സാംസംഗ് ഗാലക്സി എം14 5ജി കേരള വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി + 128 ജിബി വേരിയന്റിന് 13,490 രൂപയും 6 ജിബി + 128 ജിബി വേരിയന്റിന് 14,990 രൂപയുമാണ് വില. ബെറി ബ്ലൂ, സ്‌മോക്കി ടീല്‍, ഐസി സില്‍വര്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ഏപ്രില്‍ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. സാംസംഗ് വെബ്‌സൈറ്റിലും ആമസോണിലും തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമായിരിക്കും.

ഏറ്റവും പുതിയ എം സീരീസ് സ്മാര്‍ട്ട്‌ഫോണിന് 5എന്‍എം എക്സിനോസ് 1330 ഒക്ടാ കോര്‍ എസ്ഒസിയാണ് കരുത്തേകുന്നത്. കൂടെ മാലി ജി68 ജിപിയു നല്‍കി. പുതിയ ഡിവൈസിന് 6,000 എംഎഎച്ച് ബാറ്ററി ലഭിച്ചതിനാല്‍ സെഗ്മെന്റിലെ എതിരാളികളേക്കാള്‍ മികച്ച ബാറ്ററി ലൈഫ് പ്രതീക്ഷിക്കുന്നു. കൂടാതെ, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് വഴി 25 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സാധ്യമാണ്.

6.6 ഇഞ്ച് പിഎല്‍എസ് എല്‍സിഡി ഡിസ്‌പ്ലേ പാനല്‍, ഫുള്‍ എച്ച്ഡി+ (2408 x 1080 പിക്സല്‍) റെസലൂഷന്‍ ലഭിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം. ഇതിന് മുകളിലായി സാംസംഗിന്റെ വണ്‍ യുഐ 5 ജോലി ചെയ്യും.

എഫ്/1.8 അപ്പര്‍ച്ചര്‍ ലെന്‍സ് സഹിതം 50 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഗാലക്‌സി എം14 5ജിയുടെ പിറകില്‍ നല്‍കിയിരിക്കുന്നത്. ഡിസ്പ്ലേയുടെ മുകളില്‍ മധ്യഭാഗത്തായി വാട്ടര്‍ഡ്രോപ്പ് നോച്ചില്‍ 13 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ സ്ഥാപിച്ചു.

വോയ്‌സ് ഫോക്കസ് മറ്റൊരു സവിശേഷതയാണ്. ചുറ്റും ശബ്ദശല്യങ്ങള്‍ ഉള്ള സമയത്ത് കോള്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മറുപുറത്ത് വ്യക്തമായി കേള്‍പ്പിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. ഫോണിന്റെ ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നു.

5ജി, 4ജി, വൈഫൈ, ബ്ലൂടൂത്ത് 5.2, എന്‍എഫ്സി, ജിപിഎസ് കണക്റ്റിവിറ്റി എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നതാണ് സാംസംഗ് ഗാലക്സി എം14 5ജി. 166.8 എംഎം x 77.2 എംഎം x 9.4 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 206 ഗ്രാമാണ് ഭാരം.