Top Spec

The Top-Spec Automotive Web Portal in Malayalam

വിജയവഴിയില്‍ മുന്നേറാന്‍ പുതിയ ഹോണ്ട സിറ്റി

ന്യൂഡെല്‍ഹി എക്‌സ് ഷോറൂം വില 11.49 ലക്ഷം രൂപ മുതല്‍

ഫേസ്‌ലിഫ്റ്റ് ചെയ്ത ഹോണ്ട സിറ്റി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11.49 ലക്ഷം രൂപ മുതലാണ് ന്യൂഡെല്‍ഹി എക്‌സ് ഷോറൂം വില. ചെറിയ സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങളും പുതിയ ഫീച്ചറുകളും നല്‍കിയാണ് 2023 ഹോണ്ട സിറ്റി പുറത്തിറക്കിയിരിക്കുന്നത്. പുതിയ പെട്രോള്‍ വേരിയന്റുകളുടെ കൂടെ ഇ:എച്ച്ഇവി എന്ന ഹൈബ്രിഡ് പതിപ്പിന്റെ പുതിയ വേര്‍ഷനും ഹോണ്ട കാര്‍സ് ഇന്ത്യ വിപണിയിലെത്തിച്ചു.

റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മീറ്റിയറോയ്ഡ് ഗ്രേ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, പുതുതായി ഒബ്സിഡിയന്‍ ബ്ലൂ പേള്‍ എന്നീ ആറ് പെയിന്റ്‌ജോബുകളില്‍ പരിഷ്‌കരിച്ച ഹോണ്ട സിറ്റി ലഭിക്കും. എസ്‌വി, വി, വിഎക്‌സ്, സെഡ്എക്‌സ് എന്നീ നാല് വേരിയന്റുകളിലും മാനുവല്‍, സിവിടി എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും പുതിയ സിറ്റി വാങ്ങാം.

സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍ പരിശോധിച്ചാല്‍, മുന്നിലും പിന്നിലും പുതുക്കിയ ബംപറുകള്‍, പുതിയ ഗ്രില്‍, പുതിയ 16 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയോടെയാണ് പുതിയ ഹോണ്ട സിറ്റി വരുന്നത്. എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, കറുത്ത ബി പില്ലറുകള്‍, ഫോഗ് ലൈറ്റുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, മുന്നിലെ ഡോറില്‍ ഘടിപ്പിച്ച ഒആര്‍വിഎമ്മുകള്‍ എന്നിവ മറ്റ് ചില ശ്രദ്ധേയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഹോണ്ട സെന്‍സിംഗ് എന്ന് വിളിക്കുന്ന ഹോണ്ടയുടെ തനത് അഡാസ്, വയര്‍ലെസ് കണക്റ്റിവിറ്റിയോടെ ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ് ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ചാര്‍ജിംഗ്, എയര്‍ പ്യൂരിഫയര്‍, പുതിയ ഇന്റീരിയര്‍ തീം, ആംബിയന്റ് ലൈറ്റിംഗ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ഏഴ് ഇഞ്ച് വലുപ്പമുള്ള കളേര്‍ഡ് എംഐഡി, എട്ട് ഇഞ്ച് വലുപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

1.5 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, ഹൈബ്രിഡ് മോട്ടോറുമായി ചേര്‍ത്ത 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് പുതിയ ഹോണ്ട സിറ്റിയുടെ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍. ആദ്യത്തേത് 119 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് മാനുവല്‍, സിവിടി എന്നിവയാണ് ഈ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഹൈബ്രിഡ് വേര്‍ഷനിലെ പെട്രോള്‍ എന്‍ജിന്‍ 97 ബിഎച്ച്പി കരുത്തും 127 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഹൈബ്രിഡ് മോട്ടോര്‍ നല്‍കുന്നത് 107 ബിഎച്ച്പി കരുത്തും 253 എന്‍എം ടോര്‍ക്കുമാണ്. ഈ കോമ്പിനേഷന്റെ കൂട്ട് ഇ-സിവിടി മാത്രമാണ്. ഈ രണ്ട് എന്‍ജിനുകളും ബിഎസ്6 ഘട്ടം 2, ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നു.

പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ സുസ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ പ്രതീക്ഷയാണെന്ന് ഹോണ്ട കാര്‍സ് ഇന്ത്യാ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) യുയിച്ചി മുറാത്ത പറഞ്ഞു. വര്‍ധിച്ചുവരുന്ന ഡിമാന്‍ഡും പുതിയ മോഡലുകളും വില്‍പ്പന വര്‍ധിപ്പിക്കുമെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തങ്ങളുടെ ആകെ വില്‍പ്പനയുടെ എട്ട് ശതമാനം സംഭാവന ചെയ്യുന്ന ശക്തമായ വിപണിയാണ് കേരളം. ഈ വര്‍ഷത്തെ ഉല്‍സവ സീസണിന് മുമ്പായി പുതിയ എസ്‌യുവി അവതരിപ്പിക്കുമെന്നും സമീപഭാവിയില്‍ ഇവി പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോണ്ട കാര്‍സ് ഇന്ത്യാ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് കുനാല്‍ ബെഹല്‍ പങ്കെടുത്തു.

പെട്രോള്‍ എംടി എസ്‌വി 11.49 ലക്ഷം രൂപ

പെട്രോള്‍ എംടി വി 12.37 ലക്ഷം രൂപ

പെട്രോള്‍ സിവിടി വി 13.62 ലക്ഷം രൂപ

പെട്രോള്‍ എംടി വിഎക്‌സ് 13.49 ലക്ഷം രൂപ

പെട്രോള്‍ സിവിടി വിഎക്‌സ് 14.74 ലക്ഷം രൂപ

പെട്രോള്‍ എംടി സെഡ്എക്‌സ് 14.72 ലക്ഷം രൂപ

പെട്രോള്‍ സിവിടി സെഡ്എക്‌സ് 15.97 ലക്ഷം രൂപ

ഹൈബ്രിഡ് ഇ:എച്ച്ഇവി വി 18.89 ലക്ഷം രൂപ

ഹൈബ്രിഡ് ഇ:എച്ച്ഇവി സെഡ്എക്‌സ് 20.39 ലക്ഷം രൂപ