Top Spec

The Top-Spec Automotive Web Portal in Malayalam

മെഴ്‌സിഡസ് ബെന്‍സിന്റെ ആദ്യ സംയോജിത 3എസ് MAR20X എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍

50,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ‘കോസ്റ്റല്‍ സ്റ്റാര്‍’ ഡീലര്‍ഷിപ്പിന്റെ പുതിയ ഷോറൂം തുറന്നത്. കേരളത്തിലെ ലക്ഷ്വറി കാര്‍ സെഗ്‌മെന്റില്‍ ഇതാദ്യമായി 180 കിലോവാട്ട് ഡിസി അള്‍ട്രാ ഫാസ്റ്റ് ഇവി ചാര്‍ജറുമായാണ് കൊച്ചിയിലെ എക്സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്

മെഴ്‌സിഡസ് ബെന്‍സിന്റെ ആദ്യ സംയോജിത 3എസ് MAR20X എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇക്യു വാഹനങ്ങള്‍ക്കായി പ്രത്യേക ഡിസ്‌പ്ലേ ഏരിയ, എഎംജി പെര്‍ഫോമന്‍സ് സെന്റര്‍, ടോപ് എന്‍ഡ് വാഹനങ്ങള്‍ (ടിഇവി) ഡിസ്‌പ്ലേ ചെയ്യുന്നതിനായി എക്‌സ്‌ക്ലുസീവ് കോര്‍ണര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് 50,000 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ഷോറൂം. മെഴ്‌സിഡസ് ബെന്‍സിന്റെ പുതിയ റീട്ടെയില്‍ സംവിധാനമായ MAR20X ന് പ്രാധാന്യം നല്‍കിയാണ് ‘കോസ്റ്റല്‍ സ്റ്റാര്‍’ ഡീലര്‍ഷിപ്പിന്റെ പുതിയ ഇന്റഗ്രേറ്റഡ് എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നത്. ഇതോടെ, രാജ്യത്തെ 47 നഗരങ്ങളിലായി 123 ലധികം ടച്ച്‌പോയന്റുകളുടെ ശൃംഖലയോടെ മെഴ്സിഡസ് ബെന്‍സ് ശക്തമായ സാന്നിധ്യമറിയിക്കുന്നു.

180 കിലോവാട്ട് ഡിസി അള്‍ട്രാ ഫാസ്റ്റ് ഇവി ചാര്‍ജറുമായാണ് കൊച്ചിയിലെ എക്സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിലെ ലക്ഷ്വറി കാര്‍ സെഗ്‌മെന്റില്‍ ഇത് ആദ്യത്തേതാണ്. സൗരോര്‍ജത്തിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. മൂന്ന് മണിക്കൂര്‍ സമയത്തില്‍ സര്‍വീസ് പൂര്‍ത്തിയാക്കി തരുന്ന ‘പ്രീമിയര്‍ എക്സ്പ്രസ് പ്രൈം’ ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും.

27 സര്‍വീസ് ബേകള്‍ ഉള്‍ക്കൊള്ളുന്നതാണ് കോസ്റ്റല്‍ സ്റ്റാറിന്റെ സര്‍വീസ് ഏരിയ. പ്രതിവര്‍ഷം പതിനായിരത്തിലധികം കാറുകള്‍ ഇവിടെ സര്‍വീസ് ചെയ്യാന്‍ കഴിയും. മുന്‍കൂറായി ചെയ്യുന്ന അറ്റകുറ്റപ്പണികള്‍, പൊതുവായ അറ്റകുറ്റപ്പണികള്‍, ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസുകള്‍, സംയോജിത ഡിജിറ്റല്‍ ഉപഭോക്തൃ സേവന സൗകര്യം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കും വിധമാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, എല്ലാ ഉപഭോക്തൃ ആവശ്യങ്ങള്‍ക്കും ഡിജിറ്റല്‍ ഡയഗ്നോസ്റ്റിക് സൗകര്യങ്ങള്‍ക്കുമായി ജര്‍മനിയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള മെഴ്സിഡസ് ബെന്‍സിന്റെ സാങ്കേതിക സഹായത്തോടെ ഇന്റഗ്രേറ്റഡ് കസ്റ്റമര്‍ കോണ്‍ടാക്റ്റ് സെന്ററും ഒരുക്കിയിരിക്കുന്നു. 10,000 ചതുരശ്ര അടി വിസ്തൃതിയില്‍ സംയോജിത സ്‌പെയര്‍ പാര്‍ട്സ് ഏരിയ മറ്റൊരു സവിശേഷതയാണ്.

മെഴ്സിഡസ് ബെന്‍സ് ഇന്ത്യയുടെ ആദ്യ സംയോജിത 3എസ് MAR20X എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു. ലോകോത്തര സാങ്കേതികവിദ്യയും ആഗോള നിലവാരവും വൈദഗ്ധ്യവുമുള്ള തൊഴില്‍ശക്തിയും ഈ കേന്ദ്രത്തിന്റെ പ്രത്യേകതകളാണ്. കേരള വിപണിയുടെ പ്രാധാന്യവും ഇവിടുത്തെ തങ്ങളുടെ ഉപയോക്താക്കളോടുള്ള പ്രതിബദ്ധതയും തെളിയിക്കുന്നതാണിത്. കേരളത്തില്‍, പ്രത്യേകിച്ച് ടോപ് എന്‍ഡ് വെഹിക്കിള്‍, എഎംജി സെഗ്മെന്റുകളില്‍ പ്രകടമാകുന്ന ശക്തമായ വളര്‍ച്ചയില്‍ ആവേശഭരിതരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.