Top Spec

The Top-Spec Automotive Web Portal in Malayalam

ആറാം തമ്പുരാനായി വാഴാന്‍ ആറാം തലമുറ വെര്‍ണ

എക്‌സ് ഷോറൂം വില 10.90 ലക്ഷം രൂപ മുതല്‍

പുതിയ ഹ്യുണ്ടായ് വെര്‍ണ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.90 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. നാല് വേരിയന്റുകളിലും രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും ഒമ്പത് നിറങ്ങളിലും ആറാം തലമുറ ഹ്യുണ്ടായ് വെര്‍ണ ലഭിക്കും. ഇന്ത്യയില്‍ മാരുതി സുസുകി സിയാസ്, ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗണ്‍ വര്‍ച്ചൂസ്, സ്‌കോഡ സ്ലാവിയ എന്നിവയാണ് സെഡാന്റെ എതിരാളികള്‍.

മുകളിലും താഴെയുമുള്ള യൂണിറ്റുകള്‍ യഥാക്രമം എല്‍ഇഡി ഡിആര്‍എല്‍, ഹെഡ്‌ലൈറ്റ് എന്നിവയായി പ്രവര്‍ത്തിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍, മുന്നില്‍ പുതിയ ബംപര്‍, പുതിയ ഗ്രില്‍, ബംപറിന് മുകളിലായി എല്‍ഇഡി ലൈറ്റ് ബാര്‍, പുതിയ ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ടു പീസ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ബൂട്ട് ലിഡില്‍ എല്‍ഇഡി ലൈറ്റ് ബാര്‍, വെര്‍ണ ലെറ്ററിംഗ്, പിറകില്‍ പുതിയ ബംപര്‍ എന്നിവ പുതിയ വെര്‍ണയുടെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ഹൈലൈറ്റുകളാണ്.

ഇലക്ട്രിക് സണ്‍റൂഫ്, മുന്‍ നിരയില്‍ ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒരൊറ്റ സ്‌ക്രീനിലേക്ക് മാറിയ പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെവല്‍ 2 അഡാസ്, എട്ട് സ്പീക്കറുകളോടെ ബോസ് മ്യൂസിക് സിസ്റ്റം എന്നിവ 2023 ഹ്യുണ്ടായ് വെര്‍ണയുടെ ഇന്റീരിയര്‍ വിശേഷങ്ങളാണ്. സ്വിച്ച് ചെയ്യാവുന്ന തരത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് കണ്‍ട്രോളര്‍ മറ്റൊരു സവിശേഷതയാണ്. ഒരേ സെറ്റ് നോബുകളും ഡയലുകളും ഉപയോഗിച്ച് എസി, ഇന്‍ഫോടെയ്ന്‍മെന്റ് ഫംഗ്ഷനുകള്‍ ഇതിലൂടെ നിയന്ത്രിക്കാന്‍ കഴിയും.

നിലവിലെ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, കമ്പനിയുടെ പുതിയ ടി-ജിഡിഐ എന്‍ജിനായ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണ് പുതു തലമുറ ഹ്യുണ്ടായ് വെര്‍ണയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. ആദ്യത്തേത് 113 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ രണ്ടാമത്തേത് 158 ബിഎച്ച്പി കരുത്തും 253 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാനുവല്‍, ഐവിടി, 7 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ ഇനി ഹ്യുണ്ടായ് വെര്‍ണ ലഭിക്കില്ല.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍:

1.5 എംപിഐ എംടി ഇഎക്‌സ്: 10.90 ലക്ഷം രൂപ

1.5 എംപിഐ എംടി എസ്: 11.95 ലക്ഷം രൂപ

1.5 എംപിഐ എംടി എസ്എക്‌സ്: 12.98 ലക്ഷം രൂപ

1.5 എംപിഐ ഐവിടി എസ്എക്‌സ്: 14.23 ലക്ഷം രൂപ

1.5 എംപിഐ എംടി എസ്എക്‌സ്(ഒ): 14.66 ലക്ഷം രൂപ

1.5 എംപിഐ ഐവിടി എസ്എക്‌സ്(ഒ): 16.19 ലക്ഷം രൂപ

1.5 ലിറ്റര്‍ ടി-ജിഡിഐ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍:

1.5 ടര്‍ബോ ജിഡിഐ എംടി എസ്എക്‌സ്: 14.83 ലക്ഷം രൂപ

1.5 ടര്‍ബോ ജിഡിഐ 7ഡിസിടി എസ്എക്‌സ്: 16.08 ലക്ഷം രൂപ

1.5 ടര്‍ബോ ജിഡിഐ എംടി എസ്എക്‌സ്(ഒ): 15.99 ലക്ഷം രൂപ

1.5 ടര്‍ബോ ജിഡിഐ 7ഡിസിടി എസ്എക്‌സ്(ഒ): 17.38 ലക്ഷം രൂപ