എക്സ് ഷോറൂം വില 77.50 ലക്ഷം രൂപ മുതല്‍
പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 77.50 ലക്ഷം രൂപയിലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ബുക്കിംഗ് നേരത്തെ സ്വീകരിച്ചു തുടങ്ങിയിരുന്നു. 50,000 രൂപയാണ് ബുക്കിംഗ് തുക. സികെഡി രീതിയില്‍ തദ്ദേശീയമായി ഇന്ത്യയില്‍ അസംബിള്‍ ചെയ്തതാണ് പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീ. റാംഗ്ലര്‍, മെറിഡിയന്‍, കോംപസ് എന്നിവയാണ് ഇതിനു മുമ്പ് ഇന്ത്യയില്‍ അസംബിള്‍ ചെയ്ത ജീപ്പ് മോഡലുകള്‍. പുതിയ ഗ്രാന്‍ഡ് ചെറോക്കീയുടെ എല്ലാ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് യൂണിറ്റുകളും പുണെയിലെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിര്‍മിക്കും.
2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് 2022 ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീയുടെ ഹൃദയം. ഈ മോട്ടോര്‍ 268 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് ജീപ്പിന്റെ സവിശേഷ ‘ക്വാഡ്രാ-ട്രാക്ക് 1’ എന്ന 4 വീല്‍ ഡ്രൈവ് സിസ്റ്റം ലഭിച്ചു. സ്‌പോര്‍ട്ട്, ഓട്ടോ, സ്‌നോ, സാന്‍ഡ്/മഡ് എന്നിവ നാല് ഡ്രൈവ് മോഡുകളാണ്.
പരിഷ്‌കരിച്ച ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീയില്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പ്രശസ്തമായ സെവന്‍ സ്ലോട്ട് ഗ്രില്‍, ഇരട്ട എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതിയ അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, സ്‌ക്വയര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ബംപറില്‍ ചേര്‍ത്തുവെച്ച ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകള്‍, റാപ്എറൗണ്ട് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ കാണാം.
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡുവല്‍ ടോണ്‍ ഇന്റീരിയര്‍ തീം, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ അകത്തെ വിശേഷങ്ങളാണ്. കൂടാതെ സെഗ്മെന്റില്‍ ഇതാദ്യമായി 10.25 ഇഞ്ച് വലുപ്പമുള്ള പാസഞ്ചര്‍ സ്‌ക്രീന്‍ കൂടി കമ്പനി വാഗ്ദാനം ചെയ്യുന്നു.
ആക്റ്റീവ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റം (അഡാസ്), എട്ട് എയര്‍ബാഗുകള്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ, ഡ്രൗസി ഡ്രൈവര്‍ ഡിറ്റക്ഷന്‍, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, അഞ്ച് യാത്രക്കാര്‍ക്കുമായി ഒക്യുപന്റ് ഡിറ്റക്ഷന്‍ എന്നിവ ഉള്‍പ്പെടെ 110 ലധികം നൂതന സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു.