Top Spec

The Top-Spec Automotive Web Portal in Malayalam

2023 ഓട്ടോ എക്‌സ്‌പോ ജനുവരി 13 മുതല്‍

ഏറ്റവുമൊടുവില്‍ 2020 ലാണ് ഓട്ടോ എക്‌സ്‌പോ സംഘടിപ്പിച്ചത്. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് 2022 എഡിഷന്‍ ഉപേക്ഷിച്ചിരുന്നു

2023 ഓട്ടോ എക്സ്പോയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2023 ജനുവരി 13 മുതല്‍ 18 വരെ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടിലാണ് വാഹന പ്രദര്‍ശനം അരങ്ങേറുന്നത്. ഏറ്റവുമൊടുവില്‍ 2020 ലാണ് ഓട്ടോ എക്‌സ്‌പോ സംഘടിപ്പിച്ചത്. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് 2022 എഡിഷന്‍ ഉപേക്ഷിച്ചിരുന്നു. രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കാറുള്ള ഇവന്റ് എല്ലാ തവണയും ഫെബ്രുവരിയിലാണ് സംഘടിപ്പിക്കാറുള്ളത്.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഓട്ടോ എക്സ്പോ നടക്കുന്നത് എന്നതിനാല്‍ പ്രതീക്ഷകള്‍ വളരെ വലുതാണ്. എന്നാല്‍ ഇന്ത്യയില്‍ ബിസിനസ്സ് നടത്തുന്ന ഭൂരിഭാഗം ഇരുചക്ര, നാലുചക്ര വാഹന നിര്‍മാതാക്കളും ഓട്ടോ എക്‌സ്‌പോ ഒഴിവാക്കാനാണ് സാധ്യത. മാരുതി സുസുകി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട, കിയ, ലെക്സസ്, എംജി, ബിവൈഡി എന്നിവ മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ച പേരുകള്‍. മഹീന്ദ്ര, ഫോക്സ്‌വാഗണ്‍, സ്‌കോഡ, ഔഡി, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്‍സ്, ഹോണ്ട, ജീപ്പ്, സിട്രോണ്‍, വോള്‍വോ, നിസ്സാന്‍, റെനോ എന്നീ ബ്രാന്‍ഡുകള്‍ ഇത്തവണ പങ്കെടുത്തേക്കില്ല. ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, ടിവിഎസ്, കെടിഎം, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങി നിരവധി ഇരുചക്ര വാഹന നിര്‍മാതാക്കളും വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓട്ടോ എക്സ്പോയില്‍ ഈ ബ്രാന്‍ഡുകളില്‍ നിന്ന് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ കാണുമെന്ന് പ്രതീക്ഷിച്ചിരുന്ന പലര്‍ക്കും വിട്ടുനില്‍ക്കുന്നവരുടെ ഈ നീണ്ട പട്ടിക തീര്‍ച്ചയായും നിരാശപ്പെടുത്തുന്നതാണ്. ഈ ബ്രാന്‍ഡുകളുടെ അഭാവത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും, ഉയര്‍ന്ന നിക്ഷേപവും സ്റ്റാള്‍ സജ്ജീകരിക്കുന്നതിനുള്ള ചെലവുമാണ് കമ്പനികള്‍ ഇത്തവണ പങ്കെടുക്കാത്തതിന് പിന്നിലെന്ന് കരുതുന്നു.

സ്റ്റാള്‍ സജ്ജീകരണത്തിന്റെയും ലോജിസ്റ്റിക്‌സിന്റെയും വര്‍ധിച്ചുവരുന്ന ചെലവുകള്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് വലിയ ആശങ്കയാണ്. 2018 ലെ ഓട്ടോ എക്സ്പോയെ അപേക്ഷിച്ച് 2020 ല്‍ സംഘടിപ്പിച്ച അവസാന ഓട്ടോ എക്സ്പോയില്‍ പോലും പങ്കാളിത്തം കുറവായിരുന്നു. സാധ്യമായ പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍, സിയാം, സിഐഐ എന്നിവ എല്ലാ പ്രമുഖ വാഹന നിര്‍മാതാക്കളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്.