ബുക്കിംഗ് തുക 1.50 ലക്ഷം രൂപ. വെബ്സൈറ്റിലും ഷോറൂമുകളിലും ബുക്കിംഗ് നടത്താം
ജിഎല്‍ബി, ഇക്യുബി എസ്‌യുവികള്‍ ഈ വര്‍ഷം ഡിസംബര്‍ രണ്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മെഴ്‌സിഡസ് ബെന്‍സ് പ്രഖ്യാപിച്ചു. രണ്ട് എസ്‌യുവികളുടെയും ബുക്കിംഗ് കമ്പനി സ്വീകരിച്ചു തുടങ്ങി. 1.50 ലക്ഷം രൂപയാണ് ബുക്കിംഗ് തുക. മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ വെബ്സൈറ്റിലും ഷോറൂമുകളിലും ബുക്കിംഗ് നടത്താം.

എംഎഫ്എ 2 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ജിഎല്‍ബി നിര്‍മിച്ചിരിക്കുന്നത്. 4,634 എംഎം നീളവും 1,834 എംഎം വീതിയും 1,658 എംഎം ഉയരവും 2,829 എംഎം വീല്‍ബേസുമാണ് അഴകളവുകള്‍. ജിഎല്‍ബിയുടെ ഇലക്ട്രിക് വേര്‍ഷനായ ഇക്യുബിയുടെ നീളം, ഉയരം എന്നിവ യഥാക്രമം 4,748 എംഎം, 1,667 എംഎം എന്നിങ്ങനെയാണ്. വീതിയും വീല്‍ബേസും ഐസിഇ വേര്‍ഷന് സമാനമാണ്.

എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി റിയര്‍ ലൈറ്റുകള്‍, പനോരമിക് സണ്‍റൂഫ്, 10.25 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ, 10.25 ഇഞ്ച് സെന്റര്‍ ഇന്‍ഫര്‍മേഷന്‍ ഹബ്, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, 360 ഡിഗ്രി ക്യാമറ സംവിധാനം, മള്‍ട്ടി സോണ്‍ ടെംപറേച്ചര്‍ കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് ജിഎല്‍ബി, ഇക്യുബി മോഡലുകളില്‍ മെഴ്സിഡസ് ബെന്‍സ് നല്‍കിയിരിക്കുന്നത്. അതേസമയം, ചില പാശ്ചാത്യ വിപണികളിലേതു പോലെ രണ്ട് എസ്‌യുവികളും 5 സീറ്റ്, 7 സീറ്റ് ലേഔട്ടുകളില്‍ ലഭ്യമായിരിക്കും.

അന്താരാഷ്ട്രതലത്തില്‍, സ്പോര്‍ട്ടിയായ എഎംജി ജിഎല്‍ബി 35 4മാറ്റിക് വേര്‍ഷന്‍ ഉള്‍പ്പെടെ വിവിധ വകഭേദങ്ങളില്‍ ജിഎല്‍ബി ലഭ്യമാണ്. 1.3 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. വേരിയന്റുകളനുസരിച്ച് പവര്‍ ഔട്ട്പുട്ടുകള്‍ വ്യത്യാസപ്പെട്ടിരിക്കും. ഇവയില്‍ ചിലത് ഓള്‍ വീല്‍ ഡ്രൈവ് വേര്‍ഷനിലും ലഭ്യമാണ്.

അതേസമയം, 66.5 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്കാണ് ഇക്യുബി ഉപയോഗിക്കുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് അല്ലെങ്കില്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ ലഭ്യമായിരിക്കും. ഡബ്ല്യുഎല്‍ടിപി സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് ഫ്രണ്ട് വീല്‍ ഡ്രൈവ് വേര്‍ഷനായ ഇക്യുബി 250 പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 472 കിമീ സഞ്ചരിക്കാം. ഇക്യുബി 300, ഇക്യുബി 350 എന്നീ ഓള്‍ വീല്‍ ഡ്രൈവ് വേര്‍ഷനുകള്‍ 422 കിലോമീറ്റര്‍ റേഞ്ച് നല്‍കും. 11 കിലോവാട്ട് എസി, 100 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇക്യുബി. ആദ്യത്തേതിന് ആറ് മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും. രണ്ടാമത്തേതിന് 10 മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 32 മിനിറ്റ് മതി. രണ്ട് എസ്‌യുവികളുടെയും മേല്‍പ്പറഞ്ഞ ഏതെല്ലാം വകഭേദങ്ങളാണ് ഇന്ത്യയിലെത്തുകയെന്ന് വ്യക്തമല്ല.