ബുക്കിംഗ് ആരംഭിച്ചു. ജനുവരി പകുതിയോടെ വില പ്രഖ്യാപിക്കും
ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. ജനുവരി പകുതിയോടെ വില പ്രഖ്യാപനവും വിപണി അവതരണവും നടക്കും. മുന്‍ഗാമിയില്‍ നിന്ന് വ്യത്യസ്തമായി മോണോകോക്ക് ഷാസിയിലാണ് ഇന്നോവ ഹൈക്രോസ് നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല, ഫ്രണ്ട് വീല്‍ ഡ്രൈവ് (എഫ്ഡബ്ല്യുഡി) വാഹനമാണ് പുതിയ മോഡല്‍. ബുക്കിംഗ് ആരംഭിച്ചു. 50,000 രൂപയാണ് ബുക്കിംഗ് തുക. ജി, ജിഎക്‌സ് എന്നീ രണ്ട് പെട്രോള്‍ വേരിയന്റുകളിലും വിഎക്‌സ്, സെഡ്എക്‌സ്, സെഡ്എക്‌സ്(ഒ) എന്നീ മൂന്ന് പെട്രോള്‍ ഹൈബ്രിഡ് വേരിയന്റുകളിലും ടൊയോട്ട ഇന്നോവ ഹൈക്രോസ് ലഭിക്കും. ഈ വേരിയന്റുകള്‍ 7 സീറ്റ്, 8 സീറ്റ് വേര്‍ഷനുകളിലും ലഭ്യമാണ്.
വാഹനത്തിന്റെ വലുപ്പം പരിശോധിച്ചാല്‍, എംപിവി ഇപ്പോള്‍ വലുതായിരിക്കുന്നു. നീളം 4,755 എംഎം, വീതി 1850 എംഎം, ഉയരം 1,795 എംഎം, വീല്‍ബേസ് 2,850 എംഎം എന്നിങ്ങനെയാണ്. സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്‌ളിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവന്റ്ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലോസ് ഫ്‌ളേക്ക് (പുതിയ നിറം) എന്നീ ഏഴ് കളര്‍ ഓപ്ഷനുകളില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസ് ലഭിക്കും.

2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 172 ബിഎച്ച്പി കരുത്തും 187 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പെട്രോള്‍ ഹൈബ്രിഡ് വേരിയന്റുകളില്‍ ഈ എന്‍ജിനുമായി മൈല്‍ഡ് ഹൈബ്രിഡ് മോട്ടോര്‍ ഘടിപ്പിച്ചു. ഇതോടെ 111 ബിഎച്ച്പി കരുത്തും 206 എന്‍എം ടോര്‍ക്കും അധികം ലഭിക്കും. സിവിടി, ഇ-സിവിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 9.5 സെക്കന്‍ഡ് മതി. അവകാശപ്പെടുന്ന ഇന്ധനക്ഷമത ലിറ്ററിന് 21.1 കിലോമീറ്ററാണ്. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ 1097 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് ടൊയോട്ട അവകാശപ്പെടുന്നു.
രൂപകല്‍പ്പനയുടെ കാര്യത്തില്‍ തികച്ചും പുതുമയോടെയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വരുന്നത്. ക്രോം അണ്ടര്‍ലൈന്‍ സഹിതം പുതിയ ഗ്രില്‍, സ്വെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഇന്‍ഡിക്കേറ്ററുകളോടെ മുന്നില്‍ പുതിയ ബംപര്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്ലീക്ക് എയര്‍ ഡാം എന്നിവ മുന്‍വശത്ത് കാണാം. സൈഡ് പ്രൊഫൈല്‍ നോക്കിയാല്‍ മുന്‍ ഡോറുകളില്‍ ‘ഹൈബ്രിഡ്’ ബാഡ്ജ്, പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍, കറുത്ത ബി, സി പില്ലറുകള്‍, ബോഡി ക്ലാഡിംഗ് എന്നിവ ലഭിച്ചു. പിറകില്‍ റാപ്എറൗണ്ട് ടു-പീസ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് സ്പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റിഫ്ളക്ടറുകള്‍ സഹിതം പുതിയ റിയര്‍ ബംപര്‍, ടെയില്‍ഗേറ്റില്‍ നമ്പര്‍ പ്ലേറ്റ് റിസെസ് എന്നിവ നല്‍കി.
പനോരമിക് സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ സഹിതം 10.1 ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഒമ്പത് സ്പീക്കറുകളോടെ ജെബിഎല്‍ മ്യൂസിക് സിസ്റ്റം, ഡുവല്‍ ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ തീം, എസിക്കായി ഡിജിറ്റല്‍ കണ്‍ട്രോളുകള്‍, പുതിയ സ്റ്റിയറിംഗ് വളയം, കളേര്‍ഡ് എംഐഡി സഹിതം പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രൂസ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ആംബിയന്റ് ലൈറ്റിംഗ്, അഡാസ് (ടൊയോട്ട സേഫ്റ്റി സെന്‍സ്), ടൊയോട്ട ഐ-കണക്റ്റ് (കണക്റ്റഡ് കാര്‍ ടെക്നോളജി), രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍, റൂഫ് മൗണ്ടഡ് എസി വെന്റുകള്‍, രണ്ടാം നിരയില്‍ റിക്ലൈനിംഗ് സീറ്റുകള്‍, രണ്ടാം നിര സീറ്റുകളിലെ യാത്രക്കാര്‍ക്കായി രണ്ട് സ്‌ക്രീനുകള്‍, പവേര്‍ഡ് ടെയില്‍ഗേറ്റ്, ആറ് എയര്‍ബാഗുകള്‍ എന്നിവ അകത്ത് നല്‍കിയിരിക്കുന്നു.