പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു; ഒല എസ്1 വാങ്ങുമ്പോള്‍ 10,000 രൂപ വരെ കിഴിവ്
കൊച്ചിയില്‍ ഒല ഇലക്ട്രിക് തങ്ങളുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് ഒലയുടെ ഇവി സാങ്കേതികവിദ്യ മനസിലാക്കുന്നതിനും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനും എക്‌സ്പീരിയന്‍സ് സെന്റര്‍ സഹായകമാകും. ഒല എസ്1, എസ്1 പ്രോ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ടെസ്റ്റ് റൈഡ് ചെയ്യുന്നതിനും ഒല ആപ്പിലൂടെ പര്‍ച്ചേസ് നടത്തുന്നതിനും കഴിയും. സര്‍വീസ്, റിപ്പയര്‍ പോലുള്ള വില്‍പ്പനാനന്തര സേവനങ്ങളും ഈ എക്‌സ്പീരിയന്‍സ് സെന്ററില്‍ ലഭ്യമായിരിക്കും. 2023 മാര്‍ച്ചോടെ വിവിധ ഫോര്‍മാറ്റുകളിലായി 200 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ ആരംഭിക്കാനാണ് ഒല ഇലക്ട്രിക് പദ്ധതിയിടുന്നത്.

മറ്റ് മേഖലകളില്‍ ഡി2സി മാതൃക ഉപയോക്താക്കള്‍ക്ക് പരിചയമുണ്ടെന്നും എന്നാല്‍ വാഹനങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ലെന്നും അതിലൊരു മാറ്റം കൊണ്ടുവരികയാണെന്നും ഒല ഇലക്ട്രിക് സിഎംഒ അംശുല്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ഉപയോക്താക്കളിലേക്ക് എത്തിക്കാമെന്നും അവരുടെ ഇവി പരിവര്‍ത്തനം എങ്ങനെ സാധ്യമാക്കാമെന്നും മികച്ച രീതിയില്‍ മനസ്സിലാക്കാന്‍ ഒല എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ഉല്‍സവ സീസണില്‍, ഉപയോക്താക്കള്‍ക്ക് 10,000 രൂപ വരെ കിഴിവില്‍ ഒല എസ്1 പ്രോ വാങ്ങാം. ഉല്‍സവ സീസണില്‍ എല്ലാ ബാങ്കുകളില്‍ നിന്നും പൂജ്യം ശതമാനം പ്രോസസിംഗ് ഫീസ് സഹിതം വായ്പ, 2000 രൂപയുടെ അധിക ആനുകൂല്യങ്ങള്‍ എന്നിവയോടെ ഒല എസ്1, എസ്1 പ്രോ എന്നിവ സ്വന്തമാക്കാന്‍ കഴിയും. ഏഴ് ദിവസത്തിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ തീര്‍ച്ചയായും ഡെലിവറി ചെയ്തിരിക്കും. മാത്രമല്ല, എക്‌സ്‌റ്റെന്‍ഡഡ് വാറന്റിയില്‍ ഉപയോക്താക്കള്‍ക്ക് 1500 രൂപ കിഴിവും ലഭിക്കും.