Top Spec

The Top-Spec Automotive Web Portal in Malayalam

ലിമിറ്റഡ് എഡിഷനില്‍ റെനോ കൈഗര്‍, ട്രൈബര്‍, ക്വിഡ്

ഈ ഉല്‍സവ സീസണില്‍ പുതിയ കാര്‍ വാങ്ങുന്നവരെയാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്

കൈഗര്‍, ട്രൈബര്‍, ക്വിഡ് മോഡലുകളുടെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കുന്നതായി റെനോ ഇന്ത്യ പ്രഖ്യാപിച്ചു. ഈ ഉല്‍സവ സീസണില്‍ പുതിയ കാര്‍ വാങ്ങുന്നവരെയാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. ആര്‍എക്‌സ്‌സെഡ് വേരിയന്റ് അടിസ്ഥാനമാക്കിയ ഈ പ്രത്യേക പതിപ്പുകളുടെ ബുക്കിംഗ് സെപ്റ്റംബര്‍ രണ്ടിന് ആരംഭിച്ചു. ഈ പതിപ്പുകളില്‍ സൗന്ദര്യവര്‍ധക മെച്ചപ്പെടുത്തലുകള്‍ മാത്രമാണ് നടത്തിയിരിക്കുന്നത്. ഡുവല്‍ ടോണ്‍ കളര്‍, റെഡ് ഹൈലൈറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

റെനോ കൈഗര്‍

വൈറ്റ് എക്സ്റ്റീരിയര്‍ നിറത്തില്‍ കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫ് ലഭിച്ചതാണ് റെനോ കൈഗര്‍ ലിമിറ്റഡ് എഡിഷന്‍. സില്‍വര്‍‌സ്റ്റോണ്‍ വീലുകളും റെഡ് ബ്രേക്ക് കാലിപറുകളും നല്‍കിയിരിക്കുന്നു. കൂടാതെ, ഗ്രില്‍, ഹെഡ്‌ലാംപ് യൂണിറ്റുകള്‍, ഡോറുകള്‍ എന്നിവിടങ്ങളില്‍ റെഡ് ആക്സന്റുകള്‍ കാണാം. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ലിമിറ്റഡ് എഡിഷന്‍ ലഭിക്കുന്നത്.

റെനോ ക്വിഡ്

ക്ലൈംബര്‍ വേരിയന്റ് അടിസ്ഥാനമാക്കിയാണ് റെനോ ക്വിഡ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തിക്കുന്നത്. കൈഗറിന് സമാനമായ അതേ ഡുവല്‍ ടോണ്‍ പെയിന്റ് നല്‍കി. മുന്നിലെയും പിന്നിലെയും സ്‌കിഡ് പ്ലേറ്റുകളിലും റൂഫ് റെയിലുകളിലും ചുവന്ന ഇന്‍സെര്‍ട്ടുകള്‍ കൂടാതെ സി പില്ലറിലെ ചുവന്ന ‘ക്ലൈംബര്‍’ മറ്റൊരു അലങ്കാരമാണ്. വീല്‍ കവറുകളിലും ഒആര്‍വിഎമ്മുകളിലും കാണുന്ന ഗ്ലോസ് ബ്ലാക്ക് ഇന്‍സെര്‍ട്ടുകള്‍ കോണ്‍ട്രാസ്റ്റിംഗ് റൂഫുമായി നന്നായി ചേരും.

റെനോ ട്രൈബര്‍

അതേ വെള്ളയും കറുപ്പും നിറത്തിലാണ് ട്രൈബര്‍ എംപിവി ലിമിറ്റഡ് എഡിഷന്‍ വരുന്നത്. ഗ്രില്ലിലെയും ഫോഗ് ലാംപ് ഹൗസിംഗിലെയും ചുവന്ന ആക്സന്റുകള്‍ സ്‌റ്റൈലിഷ് എന്ന് പറയാം. വീല്‍ കവറുകള്‍ക്കും ഡോര്‍ ഹാന്‍ഡിലുകള്‍ക്കും ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ലഭിച്ചു.