Top Spec

The Top-Spec Automotive Web Portal in Malayalam

നാടെങ്ങും വിലസാന്‍ പുതിയ എംജി ഗ്ലോസ്റ്റര്‍

എക്‌സ് ഷോറൂം വില 31.99 ലക്ഷം രൂപ മുതല്‍

പരിഷ്‌കരിച്ച എംജി ഗ്ലോസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 31.99 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. എസ്‌യുവിയുടെ ബാഹ്യ രൂപകല്‍പ്പനയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. മാത്രമല്ല, അപ്ഡേറ്റ് ചെയ്ത കണക്റ്റഡ്-കാര്‍ സ്യൂട്ട് ലഭിച്ചു.

പുതുതായി 19 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, ക്രോം സറൗണ്ടോടുകൂടിയ വലിയ ത്രീ-സ്ലാറ്റ് ഗ്രില്‍, കോണ്‍ട്രാസ്റ്റ് നിറമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, ഫോഗ് ലൈറ്റുകള്‍, സൈഡ് സ്റ്റെപ്പുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ക്വാഡ് ടിപ്പ് എക്സ്ഹോസ്റ്റുകള്‍ എന്നിവ 2022 എംജി ഗ്ലോസ്റ്ററിന്റെ പുറത്തെ പ്രധാന ഹൈലൈറ്റുകളാണ്.

75-ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകളോടെയാണ് പുതിയ എംജി ഗ്ലോസ്റ്റര്‍ വരുന്നത്. തത്സമയ കാലാവസ്ഥാ അപ്ഡേറ്റുകള്‍, മ്യൂസിക് സിസ്റ്റത്തിന് റിമോട്ട് ഫംഗ്ഷന്‍, ആംബിയന്റ് ലൈറ്റിംഗ്, ഐ-സ്മാര്‍ട്ട് 2.0 ആപ്പ് വഴിയുള്ള എസി, ഹിംഗ്ലീഷ് വോയ്സ് കമാന്‍ഡുകള്‍, ആന്‍ഡ്രോയിഡ് വാച്ചുകള്‍ക്കായി ആപ്ലിക്കേഷന്‍ എന്നിവ അവയില്‍ ചിലതാണ്. എംജി ഗ്ലോസ്റ്ററിന്റെ നിലവിലെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റത്തിന് (അഡാസ്) പുതുതായി ഡോര്‍ ഓപ്പണ്‍ വാണിംഗ് (ഡിഒഡബ്ല്യു), റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട് (ആര്‍സിടിഎ), ലെയ്ന്‍ ചേഞ്ച് അസിസ്റ്റ് (എല്‍സിഎ) തുടങ്ങി ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ഫീച്ചറുകള്‍ ലഭിച്ചു.

പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ മാറ്റമില്ലാതെ തുടരുന്നു. മാത്രമല്ല, 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ തുടര്‍ന്നും ലഭ്യമായിരിക്കും. 2.0 ലിറ്റര്‍, ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 161 ബിഎച്ച്പി കരുത്തും 375 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ട്വിന്‍-ടര്‍ബോ വേര്‍ഷന്‍ പരമാവധി പുറത്തെടുക്കുന്നത് 215 ബിഎച്ച്പി കരുത്തും 480 എന്‍എം ടോര്‍ക്കുമാണ്.

അഗേറ്റ് റെഡ്, മെറ്റല്‍ ബ്ലാക്ക്, വാം വൈറ്റ്, മെറ്റല്‍ ആഷ് എന്നീ നാല് നിറങ്ങള്‍ കൂടാതെ ഇപ്പോള്‍ പുതുതായി ഡീപ് ഗോള്‍ഡന്‍ എന്ന പുതിയ കളര്‍ ഓപ്ഷന്‍ ലഭിച്ചു. ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര അല്‍ട്ടുറാസ് ജി4, സ്‌കോഡ കൊഡിയാക്ക്, ജീപ്പ് മെറിഡിയന്‍ എന്നിവയാണ് പുതിയ എംജി ഗ്ലോസ്റ്ററിന്റെ എതിരാളികള്‍.

2 വീല്‍ ഡ്രൈവ് / 4 വീല്‍ ഡ്രൈവ് വകഭേദങ്ങള്‍, കരുത്തുറ്റ എന്‍ജിന്‍ ഓപ്ഷനുകള്‍, നെക്സ്റ്റ്-ജെന്‍ ടെക്നോളജി, ഓട്ടോണമസ് ലെവല്‍ 1, മൈ എംജി ഷീല്‍ഡ് പാക്കേജ് എന്നിവയോടെ വരുന്ന ‘അഡ്വാന്‍സ്ഡ് ഗ്ലോസ്റ്റര്‍’ പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.

വേരിയന്റ് വില

സൂപ്പര്‍ 2 വീല്‍ ഡ്രൈവ് 31.99 ലക്ഷം രൂപ

ഷാര്‍പ്പ് 2 വീല്‍ ഡ്രൈവ് 36.87 ലക്ഷം രൂപ

സാവി 7 സീറ്റര്‍ 2 വീല്‍ ഡ്രൈവ് 38.44 ലക്ഷം രൂപ

സാവി 6 സീറ്റര്‍ 2 വീല്‍ ഡ്രൈവ് 38.44 ലക്ഷം രൂപ

സാവി 7 സീറ്റര്‍ 4 വീല്‍ ഡ്രൈവ് 40.77 ലക്ഷം രൂപ

സാവി 6 സീറ്റര്‍ 4 വീല്‍ ഡ്രൈവ് 40.77 ലക്ഷം രൂപ