ഡെല്‍ഹി എക്സ് ഷോറൂം വില 12.13 ലക്ഷം രൂപ മുതല്‍
ടാറ്റ നെക്സോണ്‍, ഹാരിയര്‍, സഫാരി മോഡലുകളുടെ ജെറ്റ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. ‘ബിസിനസ് ജെറ്റുകളില്‍’ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ പ്രത്യേക പതിപ്പ് പുറത്തിറക്കിയതെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കുന്നു. എര്‍ത്തി ബ്രോണ്‍സ്, പ്ലാറ്റിനം സില്‍വര്‍ റൂഫ് എന്ന ഡുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍, ജെറ്റ് ബ്ലാക്ക് അലോയ് വീലുകള്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയോടെയാണ് എസ്‌യുവികള്‍ വരുന്നത്.
ഓയ്സ്റ്റര്‍ വൈറ്റും ഗ്രാനൈറ്റ് ബ്ലാക്ക് അപ്ഹോള്‍സ്റ്ററിയും ചേര്‍ന്ന ഡുവല്‍ ടോണ്‍ ഇന്റീരിയര്‍ ലഭിച്ചതാണ് ജെറ്റ് എഡിഷന്‍ മോഡലുകള്‍. ഡാഷ്ബോര്‍ഡിന് ടെക്നോ-സ്റ്റീല്‍ ബ്രോണ്‍സ് മിഡ് പാഡ് ലഭിച്ചു. ഡോറുകളിലും ഫ്‌ളോര്‍ കണ്‍സോളുകളിലും ബ്രോണ്‍സ് ആക്സന്റുകള്‍ കാണാം. കൂടാതെ, കാറുകളുടെ മുന്‍ സീറ്റുകളുടെ ഹെഡ്‌റെസ്റ്റുകളില്‍ ‘ജെറ്റ്’ എന്ന വാക്ക് എംബ്രോയ്ഡറി ചെയ്തിരിക്കുന്നു.

എക്‌സ്‌സെഡ്+, എക്‌സ്‌സെഡ്എ+ എന്നീ വകഭേദങ്ങളില്‍ നെക്സോണ്‍ ജെറ്റ് എഡിഷന്‍ ലഭിക്കും. മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, എക്യുഐ ഡിസ്‌പ്ലേ സഹിതം എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയവ ഫീച്ചറുകളാണ്.
എക്‌സ്‌സെഡ്+, എക്‌സ്‌സെഡ്എ+ എന്നീ വകഭേദങ്ങളില്‍ ഹാരിയര്‍, സഫാരി ജെറ്റ് എഡിഷനുകള്‍ ലഭ്യമാണ്. ഡ്രൈവര്‍ ഡോസ് ഓഫ് അലര്‍ട്ട് സഹിതം ഇഎസ്പി, പാനിക് ബ്രേക്ക് അലര്‍ട്ട്, ആഫ്റ്റര്‍ ഇംപാക്റ്റ് ബ്രേക്കിംഗ് എന്നിവ രണ്ട് മോഡലുകളിലും നല്‍കി. എല്ലാ നിരകളിലും സി-ടൈപ്പ് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആന്‍ഡ് ആപ്പിള്‍ കാര്‍പ്ലേ, എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവ കാറുകള്‍ക്ക് ലഭിച്ചു.

ഈ ഫീച്ചറുകള്‍ക്ക് പുറമേ, രണ്ടാം നിരയിലെ ബെഞ്ചിലും ക്യാപ്റ്റന്‍ സീറ്റുകളിലും ‘വിങ്ങ്ഡ് കംഫര്‍ട്ട്’ ഹെഡ് റിസ്‌ട്രെയ്ന്റുകളോടെയാണ് സഫാരി വരുന്നത്. അതേസമയം ഹാരിയറിന് നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകളും മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കും ലഭ്യമാണ്.
ടാറ്റ ജെറ്റ് എഡിഷന്‍ ഡെല്‍ഹി എക്സ് ഷോറൂം വിലകള്‍:
സഫാരി എക്‌സ്‌സെഡ്+ (ഡീസല്‍ 6 സീറ്റര്‍) – 21.45 ലക്ഷം രൂപ
സഫാരി എക്‌സ്‌സെഡ്എ+ (ഡീസല്‍ 6 സീറ്റര്‍) – 22.75 ലക്ഷം രൂപ
സഫാരി എക്‌സ്‌സെഡ്+ (ഡീസല്‍ 7 സീറ്റര്‍) – 21.35 ലക്ഷം രൂപ
സഫാരി എക്‌സ്‌സെഡ്എ+ (ഡീസല്‍ 7 സീറ്റര്‍) – 22.65 ലക്ഷം രൂപ
ഹാരിയര്‍ എക്‌സ്‌സെഡ്+ (ഡീസല്‍) – 20.90 ലക്ഷം രൂപ
ഹാരിയര്‍ എക്‌സ്‌സെഡ്എ+ (ഡീസല്‍) – 22.20 ലക്ഷം രൂപ
നെക്‌സോണ്‍ എക്‌സ്‌സെഡ്+ (പി) (ഡീസല്‍) – 13.43 ലക്ഷം രൂപ
നെക്‌സോണ്‍ എക്‌സ്‌സെഡ്എ+ (പി) (ഡീസല്‍) – 14.08 ലക്ഷം രൂപ
നെക്‌സോണ്‍ എക്‌സ്‌സെഡ്+ (പി) (പെട്രോള്‍) – 12.13 ലക്ഷം രൂപ
നെക്‌സോണ്‍ എക്‌സ്‌സെഡ്എ+ (പി) (പെട്രോള്‍) – 12.78 ലക്ഷം രൂപ