ഇതാദ്യമായി ഒരു വനിതാ റൈഡര്‍ കൂടി ഉള്‍പ്പെടുന്നതാണ് പുതിയ ദേശീയ ടീം
ഡാകര്‍ റാലിയില്‍ മല്‍സരിക്കുന്ന ഏക ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്ട് ടീമായ ഹീറോ മോട്ടോസ്പോര്‍ട്സ് റാലി ടീം തങ്ങളുടെ ദേശീയ ടീമില്‍ മൂന്ന് പുതിയ റൈഡര്‍മാരെ ഉള്‍പ്പെടുത്തി. ഇതാദ്യമായി ഒരു വനിതാ റൈഡര്‍ കൂടി ഉള്‍പ്പെടുന്നതാണ് പുതിയ ദേശീയ ടീം. തനിക ഷാന്‍ഭാഗ്, കരണ്‍ കുമാര്‍, അരുണ്‍ ടി എന്നിവരാണ് പുതിയ റൈഡര്‍മാര്‍. നിലവില്‍ ദേശീയ ടീമിലെ പരിചയസമ്പന്നരായ യുവ കുമാര്‍, സത്യരാജ് എന്നീ റൈഡര്‍മാര്‍ക്കൊപ്പം മൂവരും ചേരും. ഇതോടെ ദേശീയ ടീമിലെ ആകെ റൈഡര്‍മാരുടെ എണ്ണം അഞ്ചായി വര്‍ധിച്ചു.

മഹാരാഷ്ട്രയിലെ സത്താറയില്‍ നിന്നുള്ള 20 വയസ്സുകാരിയായ തനിക ഷാന്‍ഭാഗ് നിലവില്‍ റേസിംഗ് കരിയറിനൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടുകയാണ്. ടിവിഎസിനായി മല്‍സരിക്കുന്ന ഐശ്വര്യ പിസ്സെ കഴിഞ്ഞാല്‍ അടുത്ത മികച്ച ഇന്ത്യന്‍ വനിതാ റൈഡറാകാനുള്ള ശ്രമത്തിലാണ് തനിക.
തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയാണ് 23 കാരനായ കരണ്‍ കുമാര്‍. സൂപ്പര്‍ക്രോസ്, റാലി റേസിംഗ് ഫോര്‍മാറ്റുകളില്‍ അനുഭവസമ്പത്തുള്ള കരണ്‍ കുമാര്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് (ഗ്രൂപ്പ് ബി – 260 സിസി ക്ലാസ്) റൗണ്ട് 3 വിജയി കൂടിയാണ്. 2022 ഐഎന്‍ആര്‍സിയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് (260 സിസി ക്ലാസ് വരെ).
കര്‍ണാടകയിലെ ഹാസനില്‍ നിന്നാണ് 23 കാരനായ അരുണ്‍ ടി വരുന്നത്. സൂപ്പര്‍ക്രോസ്, റാലി റേസിംഗ് എന്നിവ വിജയിച്ച റൈഡറാണ് അരുണ്‍ ടി. ഇന്ത്യന്‍ നാഷണല്‍ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ഷിപ്പിന്റെ 260 സിസി വിഭാഗത്തില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് അദ്ദേഹം. റാലിയിലെ ഈ സീസണ്‍ പരിശീലന സീസണായി പ്രയോജനപ്പെടുത്തുന്നു. ചാമ്പ്യന്‍ഷിപ്പില്‍ വിവിധ വിഭാഗങ്ങളില്‍ വ്യത്യസ്ത ബൈക്ക് സംവിധാനങ്ങള്‍ പരീക്ഷിക്കുകയും ഗ്രൂപ്പ് ബിയില്‍ ടോപ് 5 ഫിനിഷ് നേടുകയും ചെയ്തു.
സെപ്റ്റംബര്‍ ആദ്യവാരം ബെംഗളൂരുവില്‍ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ റാലി സ്പ്രിന്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ അഞ്ച് റൈഡര്‍മാരും ആദ്യം മാറ്റുരയ്ക്കും. ഹീറോ മോട്ടോസ്പോര്‍ട്സ് എക്സ്പള്‍സ് റാലി 200, ഹീറോ എക്സ്പള്‍സ് 200 4വി എന്നീ ബൈക്കുകള്‍ ഉപയോഗിക്കും.
തങ്ങളുടെ ദേശീയ ടീമും തങ്ങളുടെ അന്താരാഷ്ട്ര ടീം റൈഡറായ റോസ് ബ്രാഞ്ചും ചേര്‍ന്ന് നിരവധി വിലയിരുത്തലുകള്‍ക്ക് ശേഷം വലിയൊരു ടാലന്റ് പൂളില്‍ നിന്നാണ് ഈ മൂന്ന് റൈഡര്‍മാരെ തിരഞ്ഞെടുത്തതെന്ന് ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലി ടീം മാനേജര്‍ വൂള്‍ഫ് ഗാങ് ഫിഷര്‍ പറഞ്ഞു. മൂവരും തങ്ങളുടെ സ്ഥിരതയാര്‍ന്ന ട്രാക്ക് റെക്കോര്‍ഡുകള്‍ കൈമുതലാക്കി സ്വന്തം മല്‍സരക്ഷമത വര്‍ധിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഞങ്ങളുടെ ടീമില്‍ ചേരുന്ന ആദ്യ വനിതാ റൈഡറാണ് തനിക. ഇതേതുടര്‍ന്ന് കൂടുതല്‍ വനിതകള്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടീം മാനേജര്‍ പറഞ്ഞു.