Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ ഔഡി ക്യു3 വിപണിയില്‍

പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളില്‍ എസ്‌യുവി ലഭിക്കും. യഥാക്രമം 44.89 ലക്ഷം രൂപയും 50.39 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില

പുതിയ ഔഡി ക്യു3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളില്‍ എസ്‌യുവി ലഭിക്കും. യഥാക്രമം 44.89 ലക്ഷം രൂപയും 50.39 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. വര്‍ഷാവസാനത്തോടെ ഡെലിവറി ആരംഭിക്കും.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, വെര്‍ട്ടിക്കല്‍ സ്ലാറ്റുകളോടെ അഷ്ടഭുജാകൃതിയില്‍ പുതിയ സിംഗിള്‍ ഫ്രെയിം ഗ്രില്‍, പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും വെഡ്ജ് ആകൃതിയുള്ള ഹെഡ്‌ലാംപുകളും, ചുറ്റിലും ഗ്ലോസ് ബ്ലാക്ക് ക്ലാഡിംഗ്, പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍, കറുത്ത ഷാര്‍ക്ക് ഫിന്‍ ആന്റിനയും റൂഫ് റെയിലുകളും, റാപ്പ്എറൗണ്ട് ടു-പീസ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പിന്നില്‍ ഡുവല്‍ ടോണ്‍ ബംപര്‍ എന്നിവ ലഭിച്ചതാണ് പുതിയ ഔഡി ക്യു3.

പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഔഡി ഡ്രൈവ് സെലക്ട്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രമീകരിക്കാവുന്ന രണ്ടാം നിര സീറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഔഡി സ്മാര്‍ട്ട്ഫോണ്‍ ഇന്റര്‍ഫേസ്, എംഎംഐ നാവിഗേഷന്‍ പ്ലസ്, വയര്‍ലെസ് ചാര്‍ജിംഗ്, ആംഗ്യങ്ങളാല്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ടെയില്‍ഗേറ്റ്, പത്ത് സ്പീക്കറുകള്‍ സഹിതം 180 വാട്ട് ഔഡി സൗണ്ട് സിസ്റ്റം എന്നിവ 2022 ഔഡി ക്യു3 എസ്‌യുവിയുടെ അകത്ത് നല്‍കിയിരിക്കുന്നു.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഎഫ്എസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 187 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. ക്വാട്രോ എന്ന ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറുന്നത്. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ 7.3 സെക്കന്‍ഡ് മതിയെന്ന് അവകാശപ്പെടുന്നു. 2022 ഔഡി ക്യു3 എസ്‌യുവിയുടെ ആദ്യ 500 ഉപയോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തെ എക്‌സ്‌റ്റെന്‍ഡഡ് വാറന്റിയും മൂന്ന് വര്‍ഷം /50,000 കിമീ സര്‍വീസ് വാല്യു പാക്കേജും ലഭിക്കും.