Top Spec

The Top-Spec Automotive Web Portal in Malayalam

ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്

വിവിധ മോഡലുകള്‍ക്ക് 60,000 രൂപ വരെ ആനുകൂല്യം ലഭിക്കും

കേരളത്തിലെ ഉപയോക്താക്കള്‍ക്കായി ടാറ്റ മോട്ടോഴ്‌സ് ആകര്‍ഷകമായ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓഫറുകളുടെ ഭാഗമായി ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 60,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. ഹാരിയറിന് 60,000 രൂപ, സഫാരിക്ക് 60,000 രൂപ, അള്‍ട്രോസിന് 25,000 രൂപ, ടിയാഗോ മോഡലിന് 25,000 രൂപ, ടിഗോറിന് 20,000 രൂപ എന്നിങ്ങനെയാണ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്. മാത്രമല്ല, ഓണം പ്രമാണിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ കാറുകള്‍ ഡെലിവറി ചെയ്യും. ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീം കൂടി ഇതോടൊപ്പം ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. 95 ശതമാനം വരെ ഓണ്‍ റോഡ് ഫിനാന്‍സ് സൗകര്യം, വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്ത ഉപയോക്താക്കള്‍ക്ക് ഏഴ് വര്‍ഷത്തെ വായ്പാ കാലാവധി എന്നിവ ഓണക്കാലത്ത് ലഭ്യമാകും. ഇതിനായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുമായും ടാറ്റ മോട്ടോഴ്‌സ് ധാരണയിലെത്തി.

ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ മൂന്ന് പ്രധാന വിപണികളിലൊന്ന് കേരളമാണെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ വിഭാഗം വൈസ് പ്രസിഡന്റ് രാജന്‍ അംബ വ്യക്തമാക്കി. കേരളത്തില്‍ ഉപയോക്താക്കളെ നിലനിര്‍ത്തുന്ന നിരക്ക് 72 ശതമാനമാണ്. ഇത് രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്നതാണ്. ഓണ നാളുകളില്‍ പുതിയ ഉപയോക്താക്കളെ പ്രതീക്ഷിക്കുന്നതായി രാജന്‍ അംബ പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പത്ത് കാറുകളില്‍ ടിയാഗോ, പഞ്ച്, നെക്‌സോണ്‍ എന്നിവ ഉള്‍പ്പെടുന്നു. ഉല്‍സവ സീസണില്‍ വില്‍പ്പന വര്‍ധിക്കുമെന്ന് ഉറപ്പുണ്ടെന്നും ഈ മേഖലയില്‍ 2022 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 40 ശതമാനം അധിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ടാറ്റ മോട്ടോഴ്‌സിന്റെ മികച്ച രണ്ടാമത്തെ വിപണിയാണ് കേരളം. കേരളത്തില്‍ സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ നൂറെണ്ണമായി ഇരട്ടിയായും സര്‍വീസ് സ്റ്റേഷനുകള്‍ 51 ആയും കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ചു.